Saturday 24 April 2021

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഒരിക്കൽ ക്രമം തെറ്റിയ ദ്വിവത്സര തിരഞ്ഞെടുപ്പ് വീണ്ടും ക്രമം തെറ്റുന്നു

 കേരളത്തിൽ രാജ്യസഭയിലേക്കു ഇപ്പോൾ നടന്ന ദ്വിവത്സര തിരഞ്ഞെ‌ടുപ്പോടെ ഒരിക്കൽ ക്രമം തെറ്റിയ ദ്വിവത്സര തിരഞ്ഞെടുപ്പ് വീണ്ടും ക്രമം തെറ്റുകയാണ്. എതിരില്ലാതെ തിരഞ്ഞെടുപ്പു നടന്നതിനാൽ 23നു തന്നെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോ‌ടെ 30നു നടക്കാനിരുന്ന വോട്ടെടുപ്പ് ഇല്ലാതായി. ഇവരുടെ തിരഞ്ഞെടുപ്പ് ഇന്ത്യാ ഗവൺമെന്റ് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ കാലാവധി ആരംഭിക്കും; തുടർന്ന് സത്യപ്രതിജ്ഞ. 

തിരു-കൊച്ചിയിലും പ്രാരംഭകാലത്ത് കേരളത്തിലും (1952 മുതൽ 1964 വരെ) ഓരോ ഇരട്ട വർഷത്തിലും മാർച്ച് മാസത്തിലാണ് രാജ്യസഭയിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പുകൾ നടന്നിരുന്നത്. ഏപ്രിൽ 3ന് പുതിയ അംഗങ്ങളുടെ കാലാവധി ആരംഭിക്കുകയായിരുന്നു പതിവ്. 1965നുശേഷം ഈ പതിവിനു മാറ്റംവന്നു. 1964 സെപ്റ്റംബർ 10 മുതൽ 1967 മാർച്ച് 6 വരെ കേരളത്തിൽ നിയമസഭ ഇല്ലാതിരുന്നതിനാൽ 1966 മാർച്ചിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 1967 ഏപ്രിൽ 15നാണ് നടന്നത്. 

രാജ്യസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഈ മാറ്റം. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി 1967 ഏപ്രിൽ 22 മുതൽ 1973 ഏപ്രിൽ 21 വരെയായിരുന്നു. ഇതിന്റെ തുടർതിരഞ്ഞെടുപ്പുകളാണ് ഒറ്റസംഖ്യാ വർഷങ്ങളായ 1973, 1979, 1985, 1991, 1997, 2003, 2009, 2015 എന്നിവയിലെ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നടന്നത്. ഈ ബാച്ചിന്റെ അടുത്ത തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ഇവരുടെ കാലാവധി ഏപ്രിൽ 22 ൽ നിന്ന് ഒന്നുരണ്ടു ദിവസം വൈകുമെന്ന് ഉറപ്പാണ്. 2027ലും തുടർ തിരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിക്കും. 

ഇത്തരമൊരു സ്ഥിതി 1982ലുമുണ്ടായി. 1982 മാർച്ച് 17 മുതൽ മേയ് 24 വരെ നിയമസഭ ഇല്ലാതിരുന്നതിനാൽ അക്കൊല്ലം ജൂൺ 24നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി 1982 ജൂലൈ 2 മുതൽ 1988 ജൂലൈ 1 വരെയായിരുന്നു. ഇതിന്റെ തുടർ തിരഞ്ഞെടുപ്പുകളാണ് 1988, 1994, 2000, 2006, 2012, 2018 വർഷങ്ങളിലെ ജൂൺ മാസങ്ങളിൽ നടന്നത്. തിരഞ്ഞെടുപ്പ് നടത്താനായി നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന്റെ അവസാന ദിവസമാണ് (1982 മാർച്ച് 17) കേരള നിയമസഭ പിരിച്ചുവിട്ടത്. 6 പേർ  നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിൽ നിയോജകമണ്ഡലവും സ്ഥാനാർഥികളും ഇല്ലാതാകുകയെന്ന അപൂർവ സംഭവമായി ഇതു വിശേഷിക്കപ്പെട്ടിരുന്നു.

1952, 1954, 1956, 1958, 1960, 1962, 1964 വർഷങ്ങളിലും 1965 നു ശേഷം 1968, 1970, 1974, 1976, 1980, 1986, 1992, 1998, 2004, 2010, 2016 വർഷങ്ങളിലും മാർച്ച് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പുകൾ മാത്രമാണു ശരിയായ ക്രമത്തിൽ നടന്നുവന്നത്. ഇവയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി പ്രാരംഭകാലത്തെപ്പോലെ ഏപ്രിൽ 2ന് അവസാനിക്കുന്നു. 

1966ലും 1982ലും ദ്വിവത്സര തിരഞ്ഞെടുപ്പ് നടക്കേണ്ട സമയത്ത് നിയമസഭ ഇല്ലാതെ വന്നതിനാൽ മറ്റു രണ്ടു ബാച്ചുകളുടെയും കാലാവധി വൈകുകയാണുണ്ടായത്. 


No comments:

Post a Comment