Tuesday 2 August 2022

എംഎല്‍എ പദത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് റെക്കോര്‍ഡ് | വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

 04.08.2022

കേരളനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്‍റെ റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രിയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗവുമായ ഉമ്മന്‍ ചാണ്ടിക്ക്. അദ്ദേഹം 2022 ഓഗസ്റ്റ് 2-ന് നിയമസഭയില്‍ 18728 ദിവസം (51 വര്‍ഷം മൂന്നേകാല്‍ മാസം) പിന്നിട്ടു. അന്നു വരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി. ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ഇതുവരെയുള്ള 970 എംഎല്‍എമാരില്‍ ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്.

പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നു മാത്രം 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ ചാണ്ടി വിജയിച്ചു. രണ്ടു തവണ (2004-2006, 2011-2016) കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. ഒരു തവണ (2006-2011) പ്രതിപക്ഷ നേതാവായി. നാല് തവണ മന്ത്രിയുമായി.

പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് 1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ കെ.എം. മാണി വിജയിക്കുകയും 12 നിയമസഭകളില്‍ അംഗമാകുകയും ചെയ്തു. ആദ്യമായി വിജയിച്ചത് 1965-ലാണെങ്കിലും ആദ്യമായി നിയമസഭാംഗമായത് 1967ലാണ്. 2019ഏപ്രില്‍ 9ന് അന്തരിച്ചു.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്‍റ റെക്കോര്‍ഡ് കെ.എം. മാണിക്ക് (8759 ദിവസം) തന്നെയാണ്. ഇതുവരെയുള്ള 226 മന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് (4190 ദിവസം) 10-ാം സ്ഥാനമാണ്. മുഖ്യമന്ത്രി പദം ഉള്‍പ്പെടെയുള്ള കണക്കാണിത്. ആകെയുള്ള 12 മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിക്ക് (2459 ദിവസം) 4-ാം സ്ഥാനമാണ്. ഇ.കെ. നായനാര്‍ക്കാണ് ഒന്നാം സ്ഥാനം (4009 ദിവസം).

കോട്ടയം മെത്രാസനത്തിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ് ഉമ്മന്‍ ചാണ്ടി. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 55 മലങ്കരസഭാംഗങ്ങളാണ് കേരളത്തില്‍ ഇതുവരെ എംഎഎമാരായത്. ജയിച്ചിട്ടും എംഎല്‍എ ആകാത്ത ഒരാള്‍ കൂടിയുണ്ട് - 1965ല്‍ മൂവാറ്റുപുഴ നിന്നു വിജയിച്ച എ.ടി. പത്രോസ്.