Friday 30 April 2021

20 കോടിയോളം ക്രൈസ്തവര്‍ മേയ് 2-ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

എത്യോപ്യാ, എറിത്രിയാ, ഈജിപ്റ്റ്, റഷ്യ, ബലാറസ്, യുക്രയിന്‍, കസഖ്സ്ഥാന്‍, മൊള്‍ഡേവിയ, ജോര്‍ജിയ, യുഗോസ്ലാവിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, ടര്‍ക്കി, സിറിയാ, ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവര്‍ മേയ് 2ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള എല്ലാ ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. മറ്റുള്ളവര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇക്കൊല്ലം നാലാഴ്ചയാണ് വ്യത്യാസം. ഏറ്റവും അവസാനം നാലാഴ്ച വ്യത്യാസം വന്നത് 1997ലാണ്; 2065ല്‍ ഇതാവര്‍ത്തിക്കും. ഒരാഴ്ചയും അഞ്ചാഴ്ചയും വ്യത്യാസം വരാറുണ്ട്. അതേ സമയം എല്ലാവരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന വര്‍ഷങ്ങളുമുണ്ട്. 2017 ഉം 2025 ഉം ഉദാഹരണങ്ങളാണ്.

അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭ പശ്ചിമേഷ്യയില്‍ മേയ് 2-ന് ഈസ്റ്റര്‍ ആഘോഷിച്ചപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലും മറ്റും മലങ്കര സഭയെ പോലെ ഏപ്രില്‍ 4-നാണ് ആഘോഷിച്ചത്. ഒരേ സഭയില്‍ തന്നെ വ്യത്യസ്ത തീയതികള്‍ പിന്തുടരുന്നത് കൗതുകകരമായ ഒരു വസ്തുതയാണ്.

വസന്ത വിഷുവം (Vernal Equinox) ആയ മാര്‍ച്ച് 21നോ അതിനു ശേഷമോ വരുന്ന പൗര്‍ണമിയുടെ (Paschal Full Moon Day) പിറ്റെ ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ പൗര്‍ണമി (പെസഹാ ചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. നിഖ്യാ സുന്നഹദോസ് (എ.ഡി. 325) ആണ് ഈ തീരുമാനമെടുത്തത്.

ക്രിസ്മസ് ആഘോഷത്തിനും ഇതു പോലെ തീയതി വ്യത്യാസമുണ്ട്. ചില രാജ്യങ്ങളിലെ 15 കോടിയോളം ക്രൈസ്തവര്‍ 13 ദിവസം വൈകി ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഒരു കോടിയോളം അംഗസംഖ്യയുള്ള അര്‍മേനിയന്‍ സഭ പുരാതനമായ പതിവനുസരിച്ച് ക്രിസ്മസും എപ്പിഫനി(ദനഹാ)യും ഒരുമിച്ച് ജനുവരി ആറിന് 'തെയോഫനി' എന്ന പേരില്‍ ആഘോഷിക്കുന്നു. വിശുദ്ധ നാട്ടിലെ അര്‍മേനിയക്കാര്‍ക്ക് ജനുവരി 19നാണ് ഈ ആഘോഷം.

മലങ്കര സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് പക്ഷം (ബാവാകക്ഷി) 1952 ഡിസംബര്‍ 15 ന് യല്‍ദോ നോമ്പാരംഭത്തിനും കാതോലിക്കാപക്ഷം (മെത്രാന്‍ കക്ഷി) 1953 മേയ് 14ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്. അതോടെ പുതിയരീതി പ്രകാരം ഈസ്റ്ററും ജനുവരി ഏഴിനു പകരം ഡിസംബര്‍ 25ന് ക്രിസ്മസും ആഘോഷിച്ചു വരുന്നു.

Saturday 24 April 2021

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഒരിക്കൽ ക്രമം തെറ്റിയ ദ്വിവത്സര തിരഞ്ഞെടുപ്പ് വീണ്ടും ക്രമം തെറ്റുന്നു

 കേരളത്തിൽ രാജ്യസഭയിലേക്കു ഇപ്പോൾ നടന്ന ദ്വിവത്സര തിരഞ്ഞെ‌ടുപ്പോടെ ഒരിക്കൽ ക്രമം തെറ്റിയ ദ്വിവത്സര തിരഞ്ഞെടുപ്പ് വീണ്ടും ക്രമം തെറ്റുകയാണ്. എതിരില്ലാതെ തിരഞ്ഞെടുപ്പു നടന്നതിനാൽ 23നു തന്നെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോ‌ടെ 30നു നടക്കാനിരുന്ന വോട്ടെടുപ്പ് ഇല്ലാതായി. ഇവരുടെ തിരഞ്ഞെടുപ്പ് ഇന്ത്യാ ഗവൺമെന്റ് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ കാലാവധി ആരംഭിക്കും; തുടർന്ന് സത്യപ്രതിജ്ഞ. 

തിരു-കൊച്ചിയിലും പ്രാരംഭകാലത്ത് കേരളത്തിലും (1952 മുതൽ 1964 വരെ) ഓരോ ഇരട്ട വർഷത്തിലും മാർച്ച് മാസത്തിലാണ് രാജ്യസഭയിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പുകൾ നടന്നിരുന്നത്. ഏപ്രിൽ 3ന് പുതിയ അംഗങ്ങളുടെ കാലാവധി ആരംഭിക്കുകയായിരുന്നു പതിവ്. 1965നുശേഷം ഈ പതിവിനു മാറ്റംവന്നു. 1964 സെപ്റ്റംബർ 10 മുതൽ 1967 മാർച്ച് 6 വരെ കേരളത്തിൽ നിയമസഭ ഇല്ലാതിരുന്നതിനാൽ 1966 മാർച്ചിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 1967 ഏപ്രിൽ 15നാണ് നടന്നത്. 

രാജ്യസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഈ മാറ്റം. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി 1967 ഏപ്രിൽ 22 മുതൽ 1973 ഏപ്രിൽ 21 വരെയായിരുന്നു. ഇതിന്റെ തുടർതിരഞ്ഞെടുപ്പുകളാണ് ഒറ്റസംഖ്യാ വർഷങ്ങളായ 1973, 1979, 1985, 1991, 1997, 2003, 2009, 2015 എന്നിവയിലെ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നടന്നത്. ഈ ബാച്ചിന്റെ അടുത്ത തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ഇവരുടെ കാലാവധി ഏപ്രിൽ 22 ൽ നിന്ന് ഒന്നുരണ്ടു ദിവസം വൈകുമെന്ന് ഉറപ്പാണ്. 2027ലും തുടർ തിരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിക്കും. 

ഇത്തരമൊരു സ്ഥിതി 1982ലുമുണ്ടായി. 1982 മാർച്ച് 17 മുതൽ മേയ് 24 വരെ നിയമസഭ ഇല്ലാതിരുന്നതിനാൽ അക്കൊല്ലം ജൂൺ 24നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി 1982 ജൂലൈ 2 മുതൽ 1988 ജൂലൈ 1 വരെയായിരുന്നു. ഇതിന്റെ തുടർ തിരഞ്ഞെടുപ്പുകളാണ് 1988, 1994, 2000, 2006, 2012, 2018 വർഷങ്ങളിലെ ജൂൺ മാസങ്ങളിൽ നടന്നത്. തിരഞ്ഞെടുപ്പ് നടത്താനായി നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന്റെ അവസാന ദിവസമാണ് (1982 മാർച്ച് 17) കേരള നിയമസഭ പിരിച്ചുവിട്ടത്. 6 പേർ  നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിൽ നിയോജകമണ്ഡലവും സ്ഥാനാർഥികളും ഇല്ലാതാകുകയെന്ന അപൂർവ സംഭവമായി ഇതു വിശേഷിക്കപ്പെട്ടിരുന്നു.

1952, 1954, 1956, 1958, 1960, 1962, 1964 വർഷങ്ങളിലും 1965 നു ശേഷം 1968, 1970, 1974, 1976, 1980, 1986, 1992, 1998, 2004, 2010, 2016 വർഷങ്ങളിലും മാർച്ച് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പുകൾ മാത്രമാണു ശരിയായ ക്രമത്തിൽ നടന്നുവന്നത്. ഇവയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി പ്രാരംഭകാലത്തെപ്പോലെ ഏപ്രിൽ 2ന് അവസാനിക്കുന്നു. 

1966ലും 1982ലും ദ്വിവത്സര തിരഞ്ഞെടുപ്പ് നടക്കേണ്ട സമയത്ത് നിയമസഭ ഇല്ലാതെ വന്നതിനാൽ മറ്റു രണ്ടു ബാച്ചുകളുടെയും കാലാവധി വൈകുകയാണുണ്ടായത്. 


Tuesday 13 April 2021

ഈസ്റ്റര്‍ തീയതികള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


വസന്ത വിഷുവം (Vernal Equinox) ആയ മാര്‍ച്ച് 21നോ അതിനു ശേഷമോ വരുന്ന പൗര്‍ണമിയുടെ (Paschal Full Moon Day) പിറ്റെ ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ പൗര്‍ണമി (പെസഹാ ചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. നിഖ്യാ സുന്നഹദോസ് (എ.ഡി. 325) ആണ് ഈ തീരുമാനമെടുത്തത്. ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22 ആണ്. ഉദാ:- 1598, 1693, 1761, 1818, 2285, 2353. ഏറ്റവും താമസിച്ചുള്ള തീയതി ഏപ്രില്‍ 25 ആണ്. ഉദാ:- 1666, 1734, 1886, 1943, 2038, 2190, 2258, 2326. ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വര്‍ഷങ്ങളാണിവ. 2008ല്‍ മാര്‍ച്ച് 23നും 2011ല്‍ ഏപ്രില്‍ 24നും ഈസ്റ്റര്‍ വന്നിട്ടുണ്ട്. പഴയ രീതി പ്രകാരം (20, 21 നൂറ്റാണ്ടുകളില്‍) യഥാക്രമം ഏപ്രില്‍ നാലും (ഉദാ: 1915, 2010)  മേയ് എട്ടും (ഉദാ: 1983, 2078) ആകുന്നു. ഇക്കൊല്ലം പെസഹാ ചന്ദ്രന്‍ മാര്‍ച്ച് 23നാണ്. യഹൂദന്മാരുടെ പെസഹാപെരുന്നാള്‍ ഏപ്രില്‍ 22 മുതല്‍ 30 വരെയാണ്.

ചില രാജ്യങ്ങളില്‍ 20 കോടിയോളം ക്രൈസ്തവര്‍ ഈ വര്‍ഷം (2016) മേയ് ഒന്നിനാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതായത് മറ്റു ക്രൈസ്തവര്‍ ആഘോഷിച്ച് (മാര്‍ച്ച് 27) അഞ്ചാഴ്ച കഴിഞ്ഞാണ് അവരുടെ ആഘോഷം. മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ (കല്‍ദായ) സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. ഒന്നും നാലും ആഴ്ചകള്‍ വൈകിയും   ചില വര്‍ഷങ്ങളില്‍ (ഉദാ:- 2010, 2011, 2014, 2017, 2025, 2028) ഒരുമിച്ചും ഈസ്റ്റര്‍ ആഘോഷിക്കാറുണ്ട്. രണ്ടു കലണ്ടറുകള്‍ തമ്മില്‍ ഇപ്പോള്‍ 13 ദിവസം വ്യത്യാസമുണ്ടെങ്കിലും ഈസ്റ്റര്‍ 35 ദിവസം വരെ വൈകാം. 

ക്രിസ്മസ് ആഘോഷത്തിനും ഇതു പോലെ തീയതി വ്യത്യാസമുണ്ട്. ചില രാജ്യങ്ങളിലെ 15 കോടിയോളം ക്രൈസ്തവര്‍ 13 ദിവസം വൈകി ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അര്‍മേനിയന്‍ സഭയ്ക്ക് ജനുവരി ആറിനാണ് (വിശുദ്ധ നാട്ടില്‍ ജനുവരി 19ന്) ക്രിസ്മസ് (തെയോഫനി). 

(18.03.2016)

നോമ്പുകളിലെ മായല്‍ത്തോ പെരുന്നാള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ



"വലിയ നോമ്പിന്‍റെ ആരംഭം, ശ്ബോത്ത് രണ്ടാം തീയതിക്കും ഓദോര്‍ എട്ടാം തീയതിക്കും ഇടയില്‍ വരുന്ന അമാവാസിയോടു കൂടുതല്‍ അടുത്ത്, അതിനു മുമ്പോ പിമ്പോ വരുന്ന തിങ്കളാഴ്ചയായിരിക്കും" എന്ന് ഹൂദായ കാനോനില്‍ (5:2) പറയുന്നു. ഇപ്പോഴത്തെ രീതിയില്‍ പറയുമ്പോള്‍ ഫെബ്രുവരി രണ്ടിനും മാര്‍ച്ച് എട്ടിനും ഇടയിലായിരിക്കും വലിയ നോമ്പാരംഭം. 

ഈ നിലയ്ക്ക് മായല്‍ത്തോ പെരുന്നാള്‍ (ശ്ബോത്ത്/ഫെബ്രുവരി 2) വലിയ നോമ്പാരംഭമാകാന്‍ വിരളമായ സാദ്ധ്യതയുണ്ട്. ജൂലിയന്‍ കലണ്ടറിലെ 414, 509, 851, 946, 1041, 1383, 1478, 1573, 1915, 2010, 2105 വര്‍ഷങ്ങളിലും ഗ്രിഗോറിയന്‍ കലണ്ടറിലെ 1598, 1693, 1761, 1818, 2285, 2353, 2437, 2505 വര്‍ഷങ്ങളിലും വലിയനോമ്പാരംഭം ഏറ്റവും നേരത്തെയാണ്. ഈ വര്‍ഷങ്ങളില്‍ ഈസ്റ്റര്‍ ഏറ്റവും നേരത്തെ (ഓദോര്‍/മാര്‍ച്ച് 22) വരുന്നു. ജൂലിയന്‍ കലണ്ടറിലെ 604, 1136, 1668 എന്നീ അധിവര്‍ഷങ്ങളില്‍ ഈസ്റ്റര്‍ ഓദോര്‍/മാര്‍ച്ച് 22നാണെങ്കിലും വലിയനോമ്പാരംഭം ശ്ബോത്ത്/ഫെബ്രുവരി മൂന്നിനാണ്. മാര്‍ച്ച് 22ന് ഈസ്റ്റര്‍ വരുന്ന വര്‍ഷങ്ങളില്‍ വചനിപ്പു പെരുന്നാള്‍ ഹേവോറോ ബുധനാഴ്ചയായിരിക്കും. മലങ്കര സുറിയാനി സഭാ പഞ്ചാംഗ പ്രകാരം ഏറ്റവും അവസാനം ഇങ്ങനെ വന്നത് 1915ലും ഇനിയും വരുന്നത് 2285ലും ആണ്.

മായല്‍ത്തോ പെരുന്നാള്‍ പലപ്പോഴും നിനവേ നോമ്പില്‍ വരാറുണ്ട്. മൂന്നു നോമ്പിലെ തിങ്കളാഴ്ച (1881, 1943, 1998, 2004, 2009, 2088, 2093, 2099), ചൊവ്വാഴ്ച (1916, 1927, 1938, 1949, 1971, 1982, 1993, 2066, 2072, 2077), ബുധനാഴ്ച (1900, 1911, 1955, 1966, 1977, 2039, 2050, 2061), മൂന്നുനോമ്പ് വീടുന്ന വ്യാഴാഴ്ച (1884, 1889, 2012, 2023, 2034, 2045) ദിവസങ്ങളില്‍ മായല്‍ത്തോ പെരുന്നാള്‍ വരുന്നു. നീസാന്‍/ഏപ്രില്‍ ഒമ്പതിനും 12നും (അധിവര്‍ഷങ്ങളില്‍ എട്ടിനും 11നും) ഇടയില്‍ ഈസ്റ്റര്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. (ഇവിടെ പറയുന്ന വര്‍ഷങ്ങള്‍ മലങ്കര സുറിയാനി സഭാ പഞ്ചാംഗം അനുസരിച്ചുള്ളതാണ്).

ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുന്നാളും ഒരുമിച്ചു വന്നാല്‍....? / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2016 മാര്‍ച്ച് 25ന് ദുഃഖവെള്ളിയാഴ്ചയും വചനിപ്പുപെരുന്നാളും ഒരുമിച്ചു വരുന്നു. ഏറ്റവും അവസാനം 2005 മാര്‍ച്ച് 25നാണ് ഇവ ഒരുമിച്ചുവന്നത്. മലങ്കര സുറിയാനി സഭ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതിനു (1953) ശേഷം രണ്ടാം തവണയാണ് ഇതു സംഭവിക്കുന്നത്. 

ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല എന്നാണല്ലോ സഭയുടെ പാരമ്പര്യം. എന്നാല്‍ അന്നു വചനിപ്പു പെരുന്നാള്‍ (മാര്‍ച്ച് 25) വന്നാല്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞേ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ നടത്തുകയുള്ളു. വിരളമായി മാത്രമേ ഇവ ഒരുമിച്ചു വരാറുള്ളൂ. 

ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22-ം താമസിച്ചുള്ള തീയതി ഏപ്രില്‍ 25-ം ആണ്.  ആ നിലയ്ക്ക് ദുഃഖവെള്ളിയാഴ്ച മാര്‍ച്ച് 20നും ഏപ്രില്‍ 23നും ഇടയില്‍ ഓരോ വര്‍ഷവും മാറിമാറി വരുന്നു.  വചനിപ്പുപെരുന്നാള്‍ (സൂബോറോ) പെരുന്നാള്‍ നിശ്ചിത തീയതിയില്‍ (മാര്‍ച്ച് 25) തന്നെ വരുന്നു. മാര്‍ച്ച് 27ന് ഈസ്റ്റര്‍ വരുന്ന വര്‍ഷങ്ങളിലാണ് 25ന് ദുഃഖവെള്ളിയാഴ്ചയും വചനിപ്പുപെരുന്നാളും ഒരുമിച്ചു വരുന്നത്. 

ഇനിയും 141 വര്‍ഷം കഴിഞ്ഞ് 2157ല്‍ മാത്രമേ ദുഃഖവെള്ളിയാഴ്ചയും വചനിപ്പുപെരുന്നാളും ഒരുമിച്ചു വരികയുള്ളൂ. ഇത്രയും ദീര്‍ഘമായ ഇടവേള ഇതുവരെയുണ്ടായിട്ടില്ല; എഡി 4099 വരെയുള്ള വര്‍ഷങ്ങളിലും ഇത്രയും ദീര്‍ഘമായ ഇടവേളയില്ല. ഒരിക്കല്‍ 98 വര്‍ഷത്തെ ഇടവേള (1524, 1622) ഉണ്ടായിട്ടുണ്ട്. 1582ലെ കലണ്ടര്‍ പരിഷ്കരണവും അതിനു കാരണമായിട്ടുണ്ട്. ഏറ്റവും ചെറിയ ഇടവേള അഞ്ചു വര്‍ഷമാണ്; ഇങ്ങനെ മൂന്നു തവണ വന്നിട്ടുണ്ട്. പതിനൊന്നു വര്‍ഷത്തെ ഇടവേളയാണ് പലപ്പോഴും കാണുന്നത്. 2157 കഴിഞ്ഞ് 2168, 2214, 2225, 2236 തുടങ്ങിയ വര്‍ഷങ്ങളിലും വരും.

ഇരുപതാം നൂറ്റാണ്ടില്‍ 1939ലും 1950ലും ഏപ്രില്‍ ഏഴിന് ഇവ ഒരുമിച്ചുവന്നു. മലങ്കര സഭ ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി/പാശ്ചാത്യ രീതി) സ്വീകരിക്കുന്നതു (1953) വരെ ഓദോര്‍ (സുറിയാനി കണക്കിന് മീനം) 25 നായിരുന്നു വചനിപ്പു പെരുന്നാള്‍. അതുകൊണ്ടാണ് അതിനുമുമ്പ് ഏപ്രില്‍ ഏഴിന് ഈ പെരുന്നാള്‍ ആചരിച്ചിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഏപ്രില്‍ ആറിനും 18-ാം നൂറ്റാണ്ടില്‍ ഏപ്രില്‍ അഞ്ചിനും 17-ാം നൂറ്റാണ്ടില്‍ ഏപ്രില്‍ നാലിനുമാണ് വചനിപ്പു പെരുന്നാള്‍ വന്നിരുന്നത്. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചുള്ള സുറിയാനി കണക്ക് (പഴയ രീതി/പൗരസ്ത്യ രീതി) പ്രകാരം തീയതി കണക്കാക്കുന്നതാണ് ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതി വ്യത്യാസത്തിനു കാരണം. 

കലണ്ടര്‍ പരിഷ്കരണം (1953)

പുരാതന റോമന്‍ കലണ്ടറില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തി ജൂലിയസ് സീസര്‍ റോമന്‍ വര്‍ഷം (അഡഇ) 709 (45 ആഇ) -ല്‍  ഏര്‍പ്പെടുത്തിയതാണ് 'ജൂലിയന്‍ കലണ്ടര്‍' (ഖൗഹശമി ഇമഹലിറമൃ). ജൂലിയന്‍ കലണ്ടറിലെ പിശകു പരിഹരിച്ച് 1582 ല്‍ പോപ്പ് ഗ്രിഗറി തകകക ഏര്‍പ്പെടുത്തിയതാണ് 'ഗ്രിഗോറിയന്‍ കലണ്ടര്‍' (ഏൃലഴീൃശമി ഇമഹലിറമൃ). നിഖ്യാ സുന്നഹദോസ് (325) മുതല്‍ അന്നുവരെ ജൂലിയന്‍ കലണ്ടറില്‍ ഏകദേശം 10 ദിവസത്തിന്‍റെ പിശകുണ്ടെന്നു കണ്ടെത്തി മാര്‍പാപ്പാ പരിഹരിച്ചു. ജൂലിയന്‍ കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും  തമ്മില്‍ 16, 17 നൂറ്റാണ്ടുകളില്‍ (1582 - 1700) പത്തും 18-ാം നൂറ്റാണ്ടില്‍ (1700 - 1800) പതിനൊന്നും 19-ാം നൂറ്റാണ്ടില്‍ (1800 - 1900) പന്ത്രണ്ടും 20, 21 നൂറ്റാണ്ടുകളില്‍ (1900 - 2100) പതിമൂന്നും 22-ാം നൂറ്റാണ്ടില്‍ (2100 - 2200) പതിനാലുമാണ് വ്യത്യാസം. സഭാ പഞ്ചാംഗത്തില്‍ ഇവയെ സുറിയാനി കണക്ക്, ഇംഗ്ലീഷ് കണക്ക് എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. മലയാള കണക്ക് (കൊല്ല വര്‍ഷം) ഇവയില്‍ നിന്ന് വ്യത്യസ്തമാണ്.

മലങ്കര സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് പക്ഷം (ബാവാകക്ഷി) 1952 ഡിസംബര്‍ 15 ന് യല്‍ദോ നോമ്പാരംഭത്തിനും (പ. അപ്രേം പ്രഥമന്‍ ബാവായുടെ കല്‍പന നമ്പര്‍ 620/05.11.1952) കാതോലിക്കാപക്ഷം (മെത്രാന്‍ കക്ഷി) 1953 മേയ് 14ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് (പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കല്‍പന നമ്പര്‍ 59/16.04.1953) ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്. 

ദുഃഖവെള്ളിയാഴ്ചയും വചനിപ്പുപെരുന്നാളും ഒരുമിച്ചുവന്ന അവസരങ്ങളില്‍ ഇവ എങ്ങനെ ആചരിച്ചു എന്നറിയുന്നത് വിജ്ഞാനപ്രദമായിരിക്കുമെന്ന് കരുതിയാണ് ഈ ലേഖനം തയ്യാറാക്കിയത്. 

ചാത്തന്നൂര്‍ പഞ്ചാംഗം (1797)

ചാത്തന്നൂര്‍ സെന്‍റ് ജോര്‍ജ് പള്ളിയുടെ തെക്കേ ഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്ന ഇരുനൂറിലധികം വര്‍ഷം പഴക്കമുള്ള ഒരു പഞ്ചാംഗത്തില്‍ ഇപ്രകാരം കാണുന്നു.

"അന്‍പതു നുയംപില്‍ ചനിയാഴിച്ചയും ഞായറാഴിച്ചയും കാലത്തെ കൊറുവാന ചൊല്ലാമെന്നും നുയമ്പിന്‍റെ പാതിക്കും നാല്പതിനും പിസഹായിക്കും ദുഖചനിയാഴിച്ചക്കും 22 1/2 നാഴിക പുലരുംപോള്‍ കുറുവാന പിരിയണമെന്നും വചനിച്ച പെരുന്നാള്‍ക്കു കാലത്തെ ചൊല്ലാമെന്നും ദുഖവെള്ളിയാഴിച്ച ഇപ്പെരുനാള്‍ വന്നുവെംകില്‍ കാലത്തെ രഹസ്യത്തില്‍  കുറുവാന ചൊല്ല്യെച്ചു ഉച്ചനമസ്കാരവും കുരിശു കുംപിടീലും കഴിക്കണമെന്നും അല്ലാതെ നുയംപില്‍ കുറുവാന ചൊല്ലരുതന്നും യാക്കോബായക്കാരായ നമ്മെ നമ്മുടെ വാവാമ്മാരു പടിപ്പിച്ചത......"

18-ാം നൂറ്റാണ്ടില്‍ 1771 ലും 1782 ലും ഏപ്രില്‍ അഞ്ചിന് ഇവ ഒരുമിച്ചു വന്നതിന്‍റെ പശ്ചാത്തലത്തില്‍ 1797ലാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നതെന്നു കരുതാം. അതിനു മുമ്പ് 1597, 1608, 1687, 1692 എന്നീ വര്‍ഷങ്ങളില്‍ ഏപ്രില്‍ നാലിന് ഇവ ഒരുമിച്ചു വന്നിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ 1855, 1866, 1877 എന്നീ വര്‍ഷങ്ങളില്‍ ഏപ്രില്‍ ആറിന് ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുന്നാളും ഒരുമിച്ചു വന്നിട്ടുണ്ട്. 

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ അകപ്പറമ്പു പള്ളിയില്‍ (1877)

കൊച്ചി ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ (1877 - 1886) കരവട്ടുവീട്ടില്‍ ശെമവോന്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ നളാഗമത്തില്‍ ഇങ്ങനെ കാണുന്നു:

"ഇതിന്‍റെ ശെഷം പിറ്റെ ദിവസി വെള്ളിആഴ്ച 25 നു സുബാറായുടെ പെരുന്നാള്‍ ആയിരുന്നതിനാല്‍ - പെരുന്നാളിന്‍റ അന്തിയുടെ നമസ്കാരം നമസ്കരിച്ചു. ആയ്തിന്ന കൌമ്മായ്ക്കു കാദിശാത്താലൂഹായും ഏവന്‍ഗെലിയൊന്നു ശ്ലാമ്മായും ബസമല്‍ക്കായും ധൂപവും കൈമുത്തും മറ്റും ഹാശായുടെ ഭാവം നീക്കി സകലവും ഉണ്ടായിരുന്നു - പാതിരാത്രീ ആയപ്പൊള്‍ എഴുന്നീറ്റ ഹാശായുടെ നമസ്കാരം മുഴുവനും നമസ്കരിച്ചു. ആയ്തു കഴിഞ്ഞശെഷം അപ്പൊള്‍ തന്നെ പെരുന്നാളിന്‍റെ മയ്യലിനുടെ നമസ്കാരം തുടങ്ങി. ആയ്തിനു ധൂപവും മറ്റും മെല്‍പറഞ്ഞതു പൊലെ ആയിരുന്നു. നമസ്കാരത്തിന്‍റെ അവസാനത്തില്‍ മുറപ്രകാരം കുറുബാന ചൊല്ലി - കുറുബാനയ്ക്കു നുയമ്പില്ലാത്ത സമയ ഉള്ളതു പൊലെ ശ്ലാമ്മായും മറ്റും ഉണ്ടായിരുന്നു. നമസ്കാരം കഴിഞ്ഞു കുറുബാനയ്ക്കു തുടങ്ങുമ്പൊള്‍ ഏകദെശം നാലു നാഴിക പുലര്‍ന്നതായി തൊന്നുന്നു. അന്നു കുറുബാന ചൊല്ലിയ്തു ഗ്രീഗൊറിയൊസ്സു മെത്രാപൌലീത്ത ആയിരുന്നു. കുറുബാന കഴിഞ്ഞ അന്നും പെസഹാക്കും വിശുദ്ധ പിതാവും മെല്പട്ടക്കാറര എല്ലാവരും ഭക്ഷണം കഴിച്ചു. 

ഉച്ചകഴിഞ്ഞ ശെഷം നമസ്കാരത്തിന്നു ചെന്ന സമയം നടുവില്‍ നാട്ടിരുന്ന മരത്തില്‍ ഇട്ടിരുന്ന മരകുരിശ എടുത്ത ചുമപ്പു കൊണ്ട ഒരു പട്ടുതൂവാല പിതാവു കയില്‍ വിടുര്‍ത്തിപിടിച്ച അതിനകത്തു കുരിശു വച്ചു പിതാവു തന്നെ എടുത്ത മദുബഹായില്‍ ത്രൊനൊസിമ്മെല്‍ കൊണ്ടുചെന്നു വച്ചു - അതിന്‍റെ ശെഷം നടുവില്‍ കര്‍ക്കബസായുടെ സാദൃശത്തില്‍ നാട്ടിരുന്നതിന്‍റെ പടിഞ്ഞാറെ വശത്തുനിന്നു ഉച്ചനമസ്കാരം തുടങ്ങി  - ആയ്തു കഴിഞ്ഞ ശെഷം വിശുദ്ധപിതാവും ശെഷം മെത്രാമ്മാരും പട്ടക്കാറ എല്ലാവരും മദുബഹായില്‍ പ്രെവെശിച്ചു മെത്രാമ്മാരു മുതലായ പട്ടക്കാറരു മുതലായവര എല്ലാവരും അവരവരുടെ അമശവസ്ത്രം ധരിച്ചു പിതാവു മെല്‍പറഞ്ഞ ചുമന്ന പട്ടു ചുമന്ന തൂവാല കഴുത്തില്‍ കെട്ടി മെല്‍ പറഞ്ഞ കുരിശ എടുത്ത ശീലയൊടു കൂടെ വലത്തെ തൊളിന്‍മ്മെല്‍ വച്ച മദുബഹായുടെ തെക്കെവശത്തുകൂടി ഏവന്‍ഗെലിയൊന്‍ ധൂമകുറ്റി - മുതലായി പള്ളിയുടെ കൊട - കൊടി മെക്കട്ടി മുതലായ ആഘൊഷത്തൊടു കൂടി പള്ളിയുടെ തെക്കെ വാതില്‍ കിടന്നിറങ്ങി പടിഞ്ഞാറെ വശത്തുകൂടി പുറപ്പെട്ടു വടക്കെ വാതുക്കല്‍ കൂടി പള്ളി അകത്തു പ്രവെശിച്ച നടുവില്‍ നാട്ടീരുന്ന കര്‍ക്കബസാ എന്നു പറയുന്ന കാലില്‍ നിവൃര്‍ത്തി വച്ചു 22 1/2  യുടെ നമസ്കാരവും സ്കീപ്പുസായുടെ ക്രമവും തൊടങ്ങി - കുരിശുവച്ചതിന്‍റെ രണ്ടു വശവും ഒരൊ മെഴുകുതിരികള്‍ കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു - ക്രമത്തിന്‍റെ അവസാനത്തില്‍ ഏവന്‍ഗെലിയൊന്‍ വായിച്ചു - എടത്തെതിലെ കള്ളന്‍ ദുഷിച്ചു എന്നു പറയുന്ന സമയം തെക്കുവശത്തെ മെഴുകുതിരി കെടുത്തി - കാലസ്തികള്‍ തകര്‍ത്തി എന്നു പറയുന്ന സമയം രണ്ടുവശത്തെ മെഴുകുതിരി വളക്കുകയും കെടുത്തുകയും ചെയ്തു - അതിന്‍റെ ശെഷം സൊഗദീനാന്‍ ലസ്ലീബൊ എന്നുള്ള നിറുത്തു ചൊല്ലി പാത്രിയര്‍ക്കീസുബാവാ മുതല്‍ ശെമ്മാശന്‍മ്മാരു വരെ മുറപ്രകാരം സ്ലീബായുടെ മുമ്പാകെ ധൂപം വച്ചു കുമ്പിട്ടു - അതിന്‍റെ ശെഷം കുരിശ എടുത്തു നാലുവശത്തെയ്ക്കും തിരിഞ്ഞ ഹുസമറിയാ അല്‍ അമ്മാ എന്നുള്ള ബാത്തം ചൊല്ലി - പിന്നീടു നാലുവശത്തെക്കും തിരിഞ്ഞു - ഹവുദ മാലാഖെ ചൊല്ലി - നാലുവശത്തെക്കും കുരിരിശ അഘൊഷിച്ചു - പിന്നീടു മുമ്പില്‍ പുറത്തെക്കു ആഘൊഷിച്ചപ്പൊള്‍ സ്ലീബാ പിടിച്ചതു പൊലെ സ്ലീബാ വിശുദ്ധപിതാവ എടുത്ത - വായിലെക്ക് സെഹിയൊന്‍ എന്നുള്ള ഈ നിറുത്തുകള്‍ ചൊല്ലി. പള്ളിക്കകത്തു തെക്കുവശത്തുകൂടെ പടിഞ്ഞാറൊട്ടു ചുറ്റി വടക്കുവശത്തു കൂടി മദുബഹായില്‍ പ്രവെശിച്ചു. സ്ലീബാ ത്രൊനൊസിമ്മെല്‍ വെച്ച - ചെന്നിനായകവും ചെറുക്കായും കൂട്ടികലര്‍ത്തി  വെള്ളവും ഒഴിച്ച ഒരു പാത്രത്തില്‍ ആക്കി പാത്രം ത്രൊനൊസിമ്മെല്‍ വച്ചു - കുരിശിന്‍റെ രണ്ടു കൊമ്പും അതില്‍ മുക്കി പനനീര എടുത്ത ആ പാത്രത്തില്‍ കാട്ടി - കുരിശുമ്മെല്‍ ഒഴിച്ച ആയ്തു കുളിപ്പിച്ചു. വെള്ളപഞ്ഞി കുന്തുരുക്കം അതിന്‍റെ മീതെ നിരത്തി വച്ച വെള്ളശീലയില്‍ പൊതിഞ്ഞു കെട്ടി വച്ചതിന്‍റെ ശെഷം കഴുകിയ പനിനീരും ചെറുക്കായും ചെന്നി നായകവും കൂടി ചെര്‍ത്ത വെള്ളം ആദ്യം പിതാവു കുടിക്കുകയും പിന്നീടു മെത്രാമ്മാര്‍ക്കും പട്ടക്കാരു മുതലായവര്‍ക്ക ബാവാതന്നെ ത്രൊനൊസിമ്മെല്‍ വച്ചു തന്നെ കൊരികൊടുത്തു - അല്‍മ്മെനികള്‍ക്കു  മദുബഹായുടെ വാതുക്കല്‍ വച്ചു - കൊരിവായില്‍ കൊടുക്കതക്കവണ്ണം കല്പിച്ചു അതുപ്രകാരം പട്ടക്കാരു കൊരികൊടുത്തു - ബാവാ സ്ലീബാ എടുത്ത ഏതാനും കാലാകള്‍ ചൊല്ലി ത്രൊനൊസിന്നകത്തു തെക്കൊട്ടു തലയും വടക്കൊട്ടു മുഖവും ആയി ചരിച്ചു വച്ച കതകടച്ച മെഴുകു കൊണ്ടു മുദ്ര വച്ച ഉറപ്പിച്ച - ഉസ്സായായും കാലായും ബാവൂസായും - തെശുബുഹത്താലാലുഹായും മഹയിമ്മ നീനായ്ക്കനും മ്ശിഹാ ദബമൌത്തെ ആഹി എന്നുള്ളതും ചൊല്ലി കഴിഞ്ഞതിന്‍റെ ശെഷം - ത്രൊനൊസിന്‍റെ കിഴക്കു വശത്തു വാതുക്കല്‍ ഉയര്‍ക്കുന്നതു വരെ കത്തുന്നതിന്നു ഒരു വിളക്കുവയിപ്പിച്ചും വച്ച മദുബഹായുടെ കിഴക്കു വശത്തു കൂടി ഒരുത്തനും കടക്കാതെ അപ്രവും ഇപ്രവും മറച്ചുകൊള്ളെണമെന്നു കല്പിച്ചു അതുപ്രകാരം ചെയ്തു - ഇതിന്‍റെ ശെഷം ബാവാമുറിയിലെക്കു പൊയി - ശെഷം നമസ്കാരം അപ്പൊള്‍ തന്നെ ശെഷം പെരു കല്പനപ്രകാരം - പള്ളിയുടെ നടയില്‍ കര്‍ക്കബസായുടെ മുന്നള്‍ നിന്നു നമസ്കരിക്കുകയും ചെയ്തു."

1877 ഏപ്രില്‍ ആറിന് ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുനാളും ഒരുമിച്ചു വന്നപ്പോള്‍ അങ്കമാലി മെത്രാസനത്തിലെ അകപ്പറമ്പു പള്ളിയില്‍ നടന്ന സംഭവമാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. "വിശുദ്ധ പിതാവ്" എന്നു പറഞ്ഞിരിക്കുന്നത് പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായും ഗ്രീഗൊറിയോസ് മെത്രാപൌലീത്താ പരിശുദ്ധ പരുമല തിരുമേനിയും ആണ്. 

1939 ഏപ്രില്‍ ഏഴിന് ഈ വിശേഷദിവസങ്ങള്‍ ഒരുമിച്ചു വന്നപ്പോള്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായും പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും പുറപ്പെടുവിച്ച കല്പനകളിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പരിശുദ്ധ അപ്രേം പ്രഥമന്‍ ബാവായുടെ കല്‍പന (1938) 

പരിശുദ്ധ അപ്രേം പ്രഥമന്‍ ബാവാ 1938 മിഥുനം 24 നു പുറപ്പെടുവിച്ച 464 -ാം നമ്പര്‍ കല്പനയില്‍ നിന്ന്: 

"മായല്‍ത്തൊ പെരുന്നാള്‍ നമ്മുടെ കര്‍ത്താവിന്‍റെ ദേവാലയ പ്രവേശനത്തിന്‍റേയും വൃദ്ധനായ ശെമഓന്‍റേയും ഓര്‍മ്മയെ ഉദ്ദേശിച്ച് കുംഭം 2 -ാം തീയതി തന്നെ ആചരിക്കേണ്ടതാകുന്നു. ഈ പെരുന്നാള്‍ ഈയാണ്ടില്‍ വന്നതു പോലെ മൂന്നു നോമ്പില്‍ വരികയോ, 1915 - ല്‍ വന്നതു പോലെയും 2010 - ല്‍ വരുവാനിരിക്കുന്നതു പോലെയും അപൂര്‍വ്വമായി ചിലപ്പോള്‍ വലിയ നോമ്പിന്‍റെ ശുബ്ക്കോനൊ തിങ്കളാഴ്ച വരികയൊ ചെയ്താല്‍ ആ ദിവസം തന്നെ പെരുന്നാള്‍ ആചരിച്ചുകൊള്ളണം. പെരുന്നാള്‍ ക്രമം അനുസരിച്ച് കാലത്തെ വി. കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതും, വി. കുര്‍ബ്ബാനാനന്തരം ഉച്ചയ്ക്കു നോമ്പിന്‍റെ പ്രാര്‍ത്ഥന കഴിഞ്ഞു ഉപവാസം അഴിക്കേണ്ടതും ശുബ്ക്കോനോയുടെ ക്രമം പിറ്റേ ദിവസം ചൊവ്വാഴ്ച നടത്തേണ്ടതും ആകുന്നു.

സൂബോറൊ പെരുന്നാള്‍, വിസ്മയനീയവും, രക്ഷാകരവുമായ ഗര്‍ഭധാരണത്തെപ്പറ്റി ദൈവമാതാവിനോടുള്ള വചനിപ്പിന്‍റെ ഓര്‍മ്മയായി മീനം 25 നു തന്നെ സഭ ആചരിക്കുന്നതാകുന്നു. "സൂബോറൊ പെരുന്നാള്‍ ഏതു ദിവസം വന്നാലും അന്നു തന്നെ സഭ കൊണ്ടാടുന്നു." എന്ന് ഹൂദായകാനോന്‍ 5 - ാം അദ്ധ്യായം, 1 - ാം വാക്യം, 5 - ാം നിയമത്തിലും, "ആ ദിവസം മാറാനായ പെരുന്നാളുകളുടെ അടിസ്ഥാനമാകുന്നു. ഈ പെരുന്നാളുകള്‍ക്കു ഒരിക്കലും തീയതി മാറ്റം വരുത്തുന്നില്ല" എന്നു ആണ്ടടക്കമുള്ള പെരുന്നാള്‍ പട്ടികയിലും വ്യക്തമായി എഴുതപ്പെട്ടിരിക്കുന്നു. 1939 - ല്‍ വരുന്ന പ്രകാരം ദുഃഖവെള്ളിയാഴ്ച വന്നാല്‍ പോലും പെരുന്നാള്‍ മുറയനുസരിച്ചു കാലത്തെ വി. കുര്‍ബ്ബാന അണയ്ക്കേണ്ടതാകുന്നു. എന്നാല്‍ ആ വലിയ ദിവസത്തെക്കുറിച്ചുള്ള ബഹുമാനത്തെ പ്രതി നോമ്പിന്‍റെ വ്രതം അഴിക്കുവാന്‍ പാടില്ലാത്തതും, ദുഃഖവെള്ളിയാഴ്ചയുടെ ക്രമം ഉച്ചയ്ക്കും ഇരുപത്തിരണ്ടരയ്ക്കുമായി പതിവു പോലെ നിവര്‍ത്തിച്ചു കൊള്ളേണ്ടതും ആകുന്നു. സുബോറൊ പെരുന്നാള്‍ ദുഃഖശനിയാഴ്ച വന്നാലും പെരുന്നാള്‍ മുറയനുസരിച്ചു കാലത്തെ വി. കുര്‍ബ്ബാന അണയ്ക്കണം. ഉച്ചകഴിഞ്ഞ് ഇരുപത്തിരണ്ടരയ്ക്കു രണ്ടു ത്രോണോസുകളുള്ള പള്ളികളില്‍ ദുഃഖശനിയാഴ്ചയുടെ മുറയനുസരിച്ചു വേറൊരു കുര്‍ബ്ബാന കൂടെ അര്‍പ്പിയ്ക്കേണ്ടതാകുന്നു. ഒരു ത്രോണോസു മാത്രമുള്ള ചെറിയ പള്ളികളില്‍ പെരുന്നാള്‍ മുറയനുസരിച്ചുള്ള രാവിലത്തെ കുര്‍ബ്ബാന മാത്രം അനുഷ്ടിയ്ക്കുകയും, പിന്നീടു ദുഃഖശനിയാഴ്ചയുടെ ക്രമം നിവര്‍ത്തിക്കുകയും ചെയ്യണം. ആ ദിവസം വി. കുര്‍ബ്ബാന അനുഭവിക്കുവാന്‍ ഒരുക്കമുള്ളവര്‍ വലിയ ശനിയാഴ്ചയിലെ നോമ്പിനെ കാനോനാപ്രകാരം ബഹുമാനിച്ചു കൊണ്ട്, ഉച്ചയ്ക്കുശേഷം അനുഭവിച്ചു കൊള്ളേണ്ടതാകുന്നു." 

ഈ കല്‍പനയുടെ മലയാളത്തിലുള്ള ശരി തര്‍ജമ മീഖായേല്‍ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ 1938 തുലാം രണ്ടിന് അദ്ദേഹത്തിന്‍റെ കീഴിലുള്ള പള്ളികള്‍ക്കയച്ചിരുന്നു. അതിന്‍റെ പകര്‍പ്പ് വന്ദ്യ ദിവ്യശ്രീ പുളിക്കപ്പറമ്പില്‍ പി. പി. ജോസഫ് കോറെപ്പിസ്കോപ്പായില്‍ നിന്നു ലഭിച്ചതാണ്.  ചിങ്ങവനം തകിടിയില്‍ യാക്കോബ് കശീശായുടെ "നടപടി ക്രമം വൈദിക ഗൈഡ് 2-ാം ഭാഗം "എന്ന ഗ്രന്ഥത്തിലും (1948) ഈ കല്‍പന കൊടുത്തിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍, "കുര്‍ബാന കഴിഞ്ഞതിനാല്‍ ഉപവാസം വെടിയുവാന്‍ പാടില്ല; ചൊല്ലുന്ന പട്ടക്കാരനു മാത്രം ഒഴികഴിവുണ്ട്" എന്നും ഈ ഗ്രന്ഥത്തില്‍ (പേജ് 6) പറയുന്നു.

ഈ കല്‍പനയില്‍ പറയുന്നതുപോലെ 2010 ല്‍ മായല്‍ത്തോ പെരുന്നാള്‍ വലിയ നോമ്പിന്‍റെ ശുബ്ക്കോനൊ തിങ്കളാഴ്ച വന്നില്ല. മലങ്കര സുറിയാനി സഭ 1952/1953ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ (പാശ്ചാത്യ രീതി) സ്വീകരിച്ചതോടെ ഈ സ്ഥിതിക്കു മാറ്റമുണ്ടായി. ഇനി 2285 ല്‍ മാത്രമേ ഇതു സംഭവിക്കുകയുള്ളു. ആ വര്‍ഷം മാര്‍ച്ച് 22 നാണ് ഈസ്റ്റര്‍; ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതിയാണിത്. 

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കല്‍പന (1939) 

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും 1114 (1939) കുംഭം 19ന് പുറപ്പെടുവിച്ച 106-ാം നമ്പര്‍ കല്പന താഴെ ചേര്‍ക്കുന്നു. 

"കൂടാതെ, ഈ വര്‍ഷം ദുഃഖവെള്ളിയാഴ്ചയും വചനിപ്പുപെരുന്നാളും ഒരു ദിവസം വന്നിരിക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ വി: കുര്‍ബ്ബാന അണയ്ക്കേണ്ടതാണ്. വ്യാഴാഴ്ച സന്ധ്യാനമസ്ക്കാരം മാറാനായ പെരുന്നാളിന്‍റെതും സൂത്താറാ ദുഃഖവെള്ളിയാഴ്ചയുടേയും കഴിക്കേണ്ടതാകുന്നു. രാത്രി 1-ാം കൗമ്മാ സൂബോറൊ (കന്യാസ്ത്രീ അമ്മയെ ഉദ്ദേശിച്ചുള്ളത്) യുടേയും, രണ്ടാം കൗമ്മാ ദുഃഖവെള്ളിയാഴ്ചയുടേയും 3-ാം കൗമ്മാ "ആന്നീദേ"യുടെ തുടങ്ങി തൂറൊദ്സീനൈ, എന്ന അപേക്ഷവരെയും ചൊല്ലി വി: കുര്‍ബ്ബാന അണയ്ക്കേണ്ടതാകുന്നു. വി: കുര്‍ബ്ബാനക്കുശേഷം ദുഃഖവെള്ളിയാഴ്ചയുടെ "സപ്രൊ" തുടങ്ങി എല്ലാ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ക്രമമായി നടത്തിക്കൊള്ളുകയും വേണം."

കവിയൂര്‍ സ്ലീബാ പള്ളിയിലെ കല്‍പന ഫയലില്‍ നിന്ന്  മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം അഡ്വ. ബിജു ഉമ്മനും മറ്റൊരു ഇടവകാംഗമായ അങ്ങാടിയില്‍ പനങ്ങായില്‍ ശ്രീ. പി.സി. ചാക്കോ (ജോയി)യും ചേര്‍ന്നാണ് ഈ കല്‍പന കണ്ടെത്തിയത്.  1950 ലും ഇതുപോലെ കല്‍പനകള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി കരുതുന്നു. എന്നാല്‍ അവ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

'സഭാചന്ദ്രിക' മാസിക (1950)

'സഭാചന്ദ്രിക'യില്‍  (കുംഭം 1125/മാര്‍ച്ച് 1950 പേജ് 424, 425) "പരിശുദ്ധ സഭയുടെ 1950 എ.ഡി. ദുഃഖവെള്ളിയാഴ്ചയും സൂബോറോയും" എന്ന തലക്കെട്ടില്‍ വന്ന ഒരു ലേഖനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. (അയിരൂര്‍ മാന്നാക്കുഴിയില്‍ ശ്രീ. ജേക്കബ് വര്‍ഗീസ് ആണ് ഇതു നല്‍കിയത്). 

"...... ദുര്‍ലഭമായി സംഭവിക്കാറുള്ള ഒരു കാര്യം! 1950-ല്‍ പ. സഭയുടെ പെരുന്നാള്‍ കണക്കിനു കാണുന്നുണ്ട്. നോമ്പിന്‍റെ വിശുദ്ധ ആഴ്ചയിലെ വെള്ളിയാഴ്ച - ദുഃഖവെള്ളിയാഴ്ച - മീനം 25-ാം തീയതിയായ വചനിപ്പുപെരുന്നാള്‍ ദിവസമാണ്. പെരുന്നാളുകളില്‍ മാഹാത്മ്യമേറിയ ഈ പെരുന്നാള്‍ മഹല്‍ദിനം സന്തോഷപൂര്‍വ്വം ആഘോഷിക്കണമെന്ന് വി. പിതാക്കന്മാര്‍ നിശ്ചയിച്ച് പരമ്പരമായി നടത്തിവരുന്നു. "വചനിപ്പു" പെരുന്നാള്‍ - ദൈവപുത്രന്‍റെ അവതാരദിനം - വി. കന്യകയുടെ ഗര്‍ഭത്തില്‍ ഉല്‍പ്പാദിച്ചതിന്‍റെ സ്മാരകം, ദുഃഖവെള്ളിയാഴ്ച വന്നാലും അന്ന് സന്തോഷസൂചകമായ വി. കുര്‍ബ്ബാന അതിരാവിലെ നടത്തുകയെന്നത് വി. സഭയുടെ പാരമ്പര്യമാണ്. വ്യാഴാഴ്ച അസ്തമിച്ച് പെരുന്നാള്‍ മുറയ്ക്കുള്ള പെങ്കീസാനമസ്കാരങ്ങള്‍, ഏവന്‍ഗേലിയൂന്‍,   മറ്റു പെരുമാറ്റങ്ങള്‍ ഇവ ആരംഭിക്കുന്നു. പ്രഭാതപ്രാര്‍ത്ഥനയും മറ്റും പെരുന്നാള്‍ മുറയ്ക്കു നടത്തി, വി. കുര്‍ബ്ബാന പെരുന്നാള്‍ രീതിയില്‍ സര്‍വ്വ ചടങ്ങുകളോടുകൂടി അവസാനിപ്പിക്കുന്നു. "നിന്നെ പ്രസവിച്ച മാതാവിന്‍റെയും....." "ദൈവമേ നീ പരിശുദ്ധനാകുന്നു ....." ആദിയായവയും, "കാദീശ് ആബോ കാദീശോ" ചൊല്ലി ധൂപക്കുറ്റി വാഴ്ത്തലും , സമാധാന കൈഹസ്തൂരി കൊടുക്കലുമെല്ലാം നടത്തുന്നു. വി. കുര്‍ബ്ബാന കഴിഞ്ഞ്, ചൊല്ലുന്ന പുരോഹിതന്‍ പോലും മറ്റാഹാരം കഴിച്ച് നോമ്പു ലംഘിക്കണമെന്നില്ല. വി. കുര്‍ബ്ബാന സാധാരണ ആഹാരമല്ലല്ലോ. 9 മണിയ്ക്ക്  വീണ്ടും ഹാശായുടെ നമസ്കാരങ്ങള്‍, കുമ്പിടീലുകള്‍, ക്രമങ്ങള്‍ ആദിയായവ വലിയ വെള്ളിയാഴ്ചയുടെ രീതിയില്‍ തുടങ്ങും. ഏവംവിധമായ പാരമ്പര്യം ചരിത്രപരമായി കേരളത്തിനു ലഭിച്ചത് 1877-ല്‍ പ. പത്രോസ് പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നാണ്. അതിനുമുന്‍പു കേരളീയസഭ ഇതെങ്ങിനെ നടത്തിയെന്ന് രേഖകള്‍ ഒന്നുമില്ല. ഭാരതീയരാകട്ടെ, കേരളീയരാകട്ടെ, ചരിത്രം രേഖപ്പെടുത്തി സൂക്ഷിക്കുന്ന കാര്യത്തില്‍ പണ്ടു മുതല്ക്കെ വളരെ പിന്നോക്കമായിരുന്നു. 1877-ല്‍ വി. പത്രോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമേനി ഹാശാ നടത്തിയത് അങ്കമാലി പള്ളിയില്‍ വച്ചായിരുന്നു. അങ്കമാലി ഭദ്രാസന ഇടവകയുടെ മെത്രാന്‍ അമ്പാട്ട് മോര്‍ കൂറീലോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ ഡയറിയില്‍ നിന്ന് അന്നു നടത്തിയ രീതി നമുക്കു ലഭിക്കുന്നുണ്ട്. ഇപ്പോള്‍ സിംഹാസനാരൂഢനായിരിക്കുന്ന സഭാചരിത്രപടുവും മഹാനും ശ്രേഷ്ഠനുമായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ തിരുമനസ്സുകൊണ്ട് മലങ്കര സഭയ്ക്കയച്ച സര്‍ക്യുലര്‍ കല്പനയിലും ഈ പെരുന്നാള്‍ ഉപവാസദിവസങ്ങളില്‍ വന്നാല്‍ എങ്ങിനെ ആചരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്..... (പിറമാടം ദയറായില്‍ നിന്ന്)."  (1877ലെ സംഭവം അകപ്പറമ്പു പള്ളിയില്‍ നടന്നതായിട്ടാണ് കരവട്ടുവീട്ടില്‍ ശെമവോന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ നളാഗമത്തില്‍ കാണുന്നത്).

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ പുത്തന്‍കാവു പള്ളിയില്‍ (1950)

1950 ഏപ്രില്‍ ഏഴിന് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ പുത്തന്‍കാവു പള്ളിയില്‍ ഈ വിശേഷദിവസങ്ങള്‍ ഒരുമിച്ച് ആചരിച്ചതിനെപ്പറ്റി അദ്ദേഹത്തിന്‍റെ ഡയറിയില്‍ ഇപ്രകാരം കാണുന്നു: "സൂബോറൊ പ്രമാണിച്ച് വെളുപ്പിന് വി. കുര്‍ബ്ബാന അര്‍പ്പിച്ചു. 8 മണിക്കു ദുഃഖവെള്ളിയാഴ്ചയുടെ നമസ്കാരവും മറ്റും ആരംഭിച്ചു. ശുശ്രൂഷകള്‍ക്കുശേഷം 5 മണിയോടുകൂടി എല്ലാം അവസാനിച്ചു."

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ കുറിപ്പ്

പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പു പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ആണ് ഈ വിവരം നല്‍കിയത്.

"വചനിപ്പു പെരുന്നാള്‍ - ഇത് ഏതു ദിവസം വന്നാലും അതിന്‍റെ പ്രാധാന്യം കൊണ്ട് വി. കുര്‍ബാന ചൊല്ലും.  മാറാനായ ആയിരിക്കും. അതനുസരിച്ച് നമസ്കാരങ്ങള്‍ നടത്തണം. വചനിപ്പിന്‍റെ പെങ്കീസാ നമസ്കാരമോ അതല്ലെങ്കില്‍ ബുധനാഴ്ച നമസ്കാരമോ നടത്താം. നാലാം നിറമായിരിക്കും. ദുഃഖവെള്ളിയാഴ്ച വന്നാലും അന്നു മാറാനായ പെരുന്നാളായി ആചരിക്കണം. തലേദിവസം സന്ധ്യ മുതല്‍ പിറ്റേ ദിവസം കാലത്തെ വി. കുര്‍ബാന വരെയുള്ള നമസ്കാരങ്ങള്‍ വചനിപ്പിന്‍റേതായിരിക്കും. മാറാനായ പെരുന്നാള്‍ ആകയാല്‍ കുമ്പിടീല്‍ ആവശ്യമില്ല. വി. കുര്‍ബാന കഴിഞ്ഞ് അയിസ്സം വെടിഞ്ഞ് ഭക്ഷണം കഴിക്കാം. തുടര്‍ന്ന് ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ നടത്തണം. 

ദുഃഖവെള്ളി - ദുഃഖവെള്ളിയാഴ്ച വചനിപ്പു വന്നാല്‍ അതു മാറാനായ ആകയാല്‍ അതിന്‍റെ പ്രാധാന്യത്തിനനുസരിച്ച് നമസ്കാരം, വി. കുര്‍ബാന എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും നടത്തുന്നു. ഒന്നുരണ്ടു കൊല്ലങ്ങളില്‍ വചനിപ്പു ദുഃഖവെള്ളിയാഴ്ച വന്നതായി അറിയാം. വചനിപ്പിന്‍റെ പെങ്കീസാ നമസ്കാരമോ അതല്ലെങ്കില്‍ ബുധനാഴ്ച നമസ്കാരമോ നടത്തണം. ദുഃഖവെള്ളിയാഴ്ചയുടെ സന്ധ്യ മുതല്‍ മൂന്നാം മണി വരെയുള്ള കഷ്ടാനുഭവ ആഴ്ച നമസ്കാരം വിടുന്നു. മൂന്നാം മണി വരെയുള്ള പെങ്കീസാ അഥവാ ബുധനാഴ്ച നമസ്കാരം നടത്തിയിട്ട് കാലത്തു തന്നെ വി. കുര്‍ബാന ചൊല്ലുന്നു. അപ്പോള്‍ കാദീശാത്താലോഹോ, ശ്ലോമ്മോ, ത്രോണോസു മുത്ത്, കൈമുത്ത് എന്നിവയെല്ലാം നടത്തുന്നു. കുര്‍ബാന കഴിഞ്ഞാല്‍ കുര്‍ബാന ചൊല്ലുകയും അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് ലഘുഭക്ഷണം കഴിച്ച്  അയിസ്സം മുറിക്കാം. പിന്നീടുള്ള സമയം ദുഃഖവെള്ളിയായി ആചരിക്കണം. ദുഃഖവെള്ളിയാഴ്ചയുടെ ഉച്ചനമസ്കാരം നടത്തിയിട്ട് ആദ്യ പ്രദക്ഷിണവും അതിനുശേഷം ഇരുപത്തിരണ്ടരയുടെ നമസ്കാരം, സ്ലീബാ വന്ദനവ്, രണ്ടാം പ്രദക്ഷിണം, സ്ലീബാ ആഘോഷം, കബറടക്കം മുതലായവയെല്ലാം ക്രമപ്രകാരം നടത്തും."

മലങ്കര എപ്പിസ്ക്കാപ്പല്‍ സുന്നഹദോസ് നിശ്ചയം (2005)

2005 മാര്‍ച്ച് 25ന് ഈ വിശേഷദിവസങ്ങള്‍ ഒരുമിച്ചു വരുന്നതിനെ സംബന്ധിച്ച് പരിശുദ്ധ എപ്പിസ്ക്കാപ്പല്‍ സുന്നഹദോസ് (2005 ഫെബ്രുവരി 21 - 26) കൈക്കൊണ്ട നിശ്ചയം മിനിറ്റ്സില്‍ ഇങ്ങനെ കാണുന്നു:

അജണ്ട 25 : അദ്ധ്യക്ഷന്‍ അനുവദിക്കുന്ന ഇതരവിഷയങ്ങള്‍ 1) ദുഃഖവെള്ളിയാഴ്ചയും വചനിപ്പ് പെരുന്നാളും ഒരുമിച്ച് വന്നാല്‍ അത് ആചരിക്കേണ്ട രീതിയെ സംബന്ധിച്ച്: 

ടി വിഷയത്തെ സംബന്ധിച്ച് തോട്ടപ്പുഴ ശ്രീ. വറുഗീസ് ജോണ്‍ തയ്യാറാക്കിയ നോട്ടും, പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് 1939-ല്‍ അയച്ച ഒരു കല്‍പനയും സുന്നഹദോസ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

ഈ വര്‍ഷം ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുന്നാളും ഒരുമിച്ച് വരുന്നതിനാല്‍, അത് എപ്രകാരം ആചരിക്കണം എന്നുള്ളതിനെക്കുറിച്ച് സുന്നഹദോസ് ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തി താഴെ പറയുന്ന തീരുമാനം കൈക്കൊണ്ടു.

ڇവചനിപ്പുപെരുന്നാള്‍ ഏതു ദിവസം വന്നാലും അത് മാറാനായ പെരുന്നാള്‍ ആയതിനാല്‍ വി: കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതാണെന്നും, അതനുസരിച്ച് നമസ്ക്കാരങ്ങള്‍ നടത്തേണ്ടതാണെന്നും, വചനിപ്പിന്‍റെ പെങ്കീസാ നമസ്ക്കാരമോ, അതല്ലെങ്കില്‍ ബുധനാഴ്ച നമസ്ക്കാരമോ നടത്തേണ്ടതാണെന്നും, വചനിപ്പു പെരുന്നാള്‍ ദുഃഖവെള്ളിയാഴ്ച വന്നാലും അത് മാറാനായ പെരുനാള്‍ ആയി ആചരിക്കേണ്ടതാണെന്നും, തലേദിവസം സന്ധ്യ മുതല്‍ പിറ്റെ ദിവസം പ്രഭാതത്തിലെ വി: കുര്‍ബ്ബാനവരെയുള്ള നമസ്ക്കാരങ്ങള്‍ വചനിപ്പു പെരുന്നാളിന്‍റേതായിരിക്കണമെന്നും, മാറാനായ പെരുനാള്‍ ആകയാല്‍ കുമ്പിടീല്‍ ആവശ്യമില്ലെന്നും, തുടര്‍ന്ന് ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ പ്രഭാതനമസ്ക്കാരം മുതല്‍ തുടങ്ങി സ്ലീബാ വന്ദനവും മറ്റും നടത്തേണ്ടതാണെന്നും സുന്നഹദോസ് തീരുമാനിച്ചു.ڈ 

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ കല്‍പന (2005)

സുന്നഹദോസ് നിശ്ചയമനുസരിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 2005 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച 33-ാം നമ്പര്‍ കല്‍പന താഴെ ചേര്‍ക്കുന്നു. 

ڇനിങ്ങള്‍ എല്ലാവരുടെയും ക്ഷേമം ആരാഞ്ഞുകൊണ്ട് സ്നേഹപുരസരം നാം എഴുതി അറിയിക്കുന്നത്. ഈ വര്‍ഷം ദു:ഖവെള്ളിയാഴ്ചയും, വചനിപ്പു പെരുനാളും ഒരു ദിവസം വരുന്നതിനാല്‍ അത് എപ്രകാരം ആചരിക്കണമെന്ന് നാം നിങ്ങളെ അറിയിക്കുന്നു. വചനിപ്പുപെരുനാള്‍ ഏതുദിവസം വന്നിരുന്നാലും അത് മാറാനായ പെരുനാള്‍ ആയതിനാല്‍ അന്നേ ദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതും പെരുനാള്‍ ക്രമം അനുസരിച്ചുള്ള നമസ്കാരങ്ങള്‍ നടത്തേണ്ടതുമാണ്. വചനിപ്പിന്‍റെ പെങ്കീസാ നമസ്കാരമോ, അതല്ലെങ്കില്‍ ബുധനാഴ്ച നമസ്കാരമോ നടത്താവുന്നതാണ്. ഈ വര്‍ഷം വചനിപ്പു പെരുനാള്‍ ദു:ഖവെള്ളിയാഴ്ച വരുന്നതിനാല്‍ അത് മാറാനായ പെരുനാളായി ആചരിക്കേണ്ടതാണ്. തലേദിവസം സന്ധ്യമുതല്‍ പിറ്റെദിവസം രാവിലെ വി. കുര്‍ബ്ബാന വരെയുള്ള നമസ്ക്കാരങ്ങള്‍ വചനിപ്പ് പെരുനാളിന്‍റേത് ആയിരിക്കണം. മാറാനായ പെരുനാള്‍ ആയതിനാല്‍ കുമ്പിടീല്‍ ആവശ്യമില്ല. തുടര്‍ന്ന് ദു:ഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ പ്രഭാത നമസ്കാരം  മുതല്‍ തുടങ്ങി സ്ലീബാവന്ദനവും മറ്റും നടത്തേണ്ടതാണ്. പരിശുദ്ധ നോമ്പില്‍ പതിവുള്ളതുപോലെ കുമ്പിടീലും നടത്തേണ്ടതാണ്.ڈ  

ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവായുടെ കല്‍പന (2005) 

വചനിപ്പു പെരുന്നാളും വലിയ വെള്ളിയാഴ്ചയും ഒരേ ദിവസം വരുമ്പോള്‍ അതാചരിക്കേണ്ട വിധത്തെപ്പറ്റി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 2005 ഫെബ്രുവരി 21ലെ പി 7/2005 നമ്പര്‍ കല്‍പനയില്‍ നിന്ന്: 

"വി. ദൈവമാതാവിനോടുള്ള വചനിപ്പിന്‍റെ ഓര്‍മ്മപെരുന്നാള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 25-ാം തീയതി ആചരിച്ചു വരികയാണല്ലോ. വചനിപ്പുപെരുന്നാള്‍ ഏതു ദിവസം വന്നാലും, മാറാനായ ദിവസമാകയാല്‍ പെരുന്നാള്‍ മുറയനുസരിച്ച് വി. കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതാണെന്ന് കാനോന്‍ അനുശാസിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 25-ാം തീയതി ദുഃഖവെള്ളിയാഴ്ചയായി വന്നിരിക്കുന്നു. ഇതു സംബന്ധിച്ച് പരി. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ചര്‍ച്ച ചെയ്ത് കൈക്കൊണ്ടിട്ടുള്ള നിശ്ചയം നാം നിങ്ങളെ അറിയിക്കുന്നു. മാര്‍ച്ച് 25-ാം തീയതി പെരുന്നാള്‍  മുറയനുസരിച്ച് രാവിലെ തന്നെ വി. കുര്‍ബാന അര്‍പ്പിച്ച് 8 മണിക്ക് തീര്‍ത്തശേഷം 9 മണിക്ക് ദുഃഖവെള്ളിയാഴ്ചയുടെ ക്രമങ്ങള്‍ മുറപ്രകാരമുള്ള പ്രാര്‍ത്ഥനയോടെ ആരംഭിക്കേണ്ടതാണ്. വചനിപ്പ് പെരുന്നാളായ വലിയ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്രതി വി. കുര്‍ബ്ബാന അര്‍പ്പിക്കാം എങ്കില്‍ തന്നെയും നോമ്പിന്‍റെ വ്രതം മാറ്റുവാന്‍ പാടില്ലാത്തതാകുന്നു." 

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ കല്‍പന (2016)

2016 മാര്‍ച്ച് 25ന് ഈ വിശേഷദിവസങ്ങള്‍ ഒരുമിച്ചു വരുന്നതിനെ സംബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 2016 ജനുവരി 27ന് പുറപ്പെടുവിച്ച 13-ാം നമ്പര്‍ കല്പനയിലെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു. 

"കര്‍ത്താവില്‍ പ്രിയരെ, ഈ വര്‍ഷം ദു:ഖവെള്ളിയാഴ്ചയും, വചനിപ്പു പെരുന്നാളും ഒരേദിവസം വരുന്നതിനാല്‍ അത് എപ്രകാരം ആചരിക്കണമെന്ന് നാം നിങ്ങളെ അറിയിക്കുന്നു. വചനിപ്പുപെരുന്നാള്‍ ഏതുദിവസം വന്നിരുന്നാലും അത് മാറാനായ പെരുന്നാള്‍ ആയതിനാല്‍ അന്നേദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതും പെരുന്നാള്‍ ക്രമം അനുസരിച്ചുള്ള നമസ്കാരങ്ങള്‍ നടത്തേണ്ടതുമാണ്. വചനിപ്പിന്‍റെ പെങ്കീസാ നമസ്കാരമോ, അതല്ലെങ്കില്‍ പൊതുവായ പെരുന്നാളുകള്‍ക്ക് നടത്തുന്ന സ്ലീബാ നമസ്കാരമോ നടത്താവുന്നതാണ്. തലേദിവസം സന്ധ്യമുതല്‍ പിറ്റെദിവസം രാവിലെ വി. കുര്‍ബ്ബാന വരെയുള്ള നമസ്കാരങ്ങള്‍ വചനിപ്പ് പെരുനാളിന്‍റേത് ആയിരിക്കണം; കുമ്പിടീല്‍ ആവശ്യമില്ല. തുടര്‍ന്ന് ദു:ഖവെള്ളിയാഴ്ചയുടെ പ്രഭാത നമസ്കാരം മുതല്‍ തുടങ്ങി സ്ലീബാവന്ദനവും കബറടക്കവുമുള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ നടത്തണം. പരിശുദ്ധ നോമ്പില്‍ പതിവുള്ളതുപോലെ കുമ്പിടീലും നടത്തേണ്ടതാണ്." 

ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവായുടെ കല്‍പന (2016) 

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 2016 മാര്‍ച്ച് 13ലെ പി 4/2016 നമ്പര്‍ കല്‍പനയില്‍ നിന്ന്: 

"വി. ദൈവമാതാവിന്‍റെ വചനിപ്പ് പെരുന്നാള്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസം 25-ാം തീയതി ആചരിച്ചു വരികയാണല്ലോ. വചനിപ്പുപെരുന്നാള്‍ ഏതു ദിവസം വന്നാലും അന്ന് ഏറ്റവും വലിയ മാറാനായ ദിവസമാകയാല്‍ പെരുന്നാള്‍ മുറയനുസരിച്ച് വി. കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതാണ്. ഈ വര്‍ഷം മാര്‍ച്ച് മാസം 25-ാം തീയതി ദുഃഖവെള്ളിയാഴ്ചയായി വന്നിരിക്കുന്നു. മാര്‍ച്ച് മാസം 25-ാം തീയതി പെരുന്നാള്‍ മുറയനുസരിച്ച് അതിരാവിലെ തന്നെ വി. കുര്‍ബാന അര്‍പ്പിച്ച് 8.00 മണിയ്ക്ക് മുമ്പായി പെരുന്നാള്‍ ക്രമങ്ങള്‍ തീര്‍ത്തശേഷം 8.30 ന് ദുഃഖവെള്ളിയാഴ്ചയുടെ ക്രമങ്ങള്‍ മുറപ്രകാരമുള്ള പ്രാര്‍ത്ഥനകളോട് കൂടെ ആരംഭിക്കേണ്ടതാണ്. വചനിപ്പ് പെരുന്നാളായ വലിയ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്രതി വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. എങ്കില്‍ തന്നെയും നോമ്പിന്‍റെ വ്രതം തുടങ്ങിയവ മാറ്റുവാന്‍ പാടില്ലാത്തതാകുന്നു." 

കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ കല്‍പന (2016)

മലങ്കര സുറിയാനി ക്നാനായ സമുദായത്തിന്‍റെ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ കല്‍പനയില്‍ (നമ്പര്‍ 39/16 - 10.03.2016) നിന്ന്:

"ഈ വര്‍ഷം വചനിപ്പു പെരുന്നാളും ദു:ഖവെള്ളിയാഴ്ചയും ഒരേദിവസം ആകയാല്‍ അന്നേ ദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതും പെരുന്നാള്‍ ക്രമം അനുസരിച്ചുള്ള നമസ്കാരങ്ങള്‍ നടത്തേണ്ടതുമാണ്. വചനിപ്പു പെരുന്നാള്‍ ഏതുദിവസം ആയാലും അന്നുതന്നെ ആചരിക്കണമെന്ന് സുറിയാനി സഭയുടെ പരി. പിതാക്കന്മാര്‍ പഠിപ്പിക്കുന്നു.  വി. കുര്‍ബാനയ്ക്കുശേഷം ദു:ഖവെള്ളിയാഴ്ചയുടെ മൂന്നാംമണി നമസ്കാരം തുടങ്ങി പതിവ് ശുശ്രൂഷകള്‍ നടത്താവുന്നതാണ്." 

അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്തായുടെ കല്‍പന (2016)

മലങ്കര സിറിയന്‍ ക്നാനായ ആര്‍ച്ച്ഡയോസിസ് അമേരിക്കാ, കാനഡാ, യൂറോപ്പ് റീജിയന്‍ മെത്രാപ്പോലീത്താ ആര്‍ച്ച്ബിഷപ്പ് അയൂബ് മാര്‍ സില്‍വാനോസ് പുറപ്പെടുവിച്ച കല്‍പനയില്‍ (നമ്പര്‍ എസ്എ 07/16 - 04.03.2016) നിന്ന്: 

"ഈ വര്‍ഷം വചനിപ്പു പെരുന്നാളും, ദു:ഖവെള്ളിയാഴ്ചയും ഒരേദിവസം വരുന്നതിനാല്‍ അത് എപ്രകാരം ആചരിക്കണമെന്ന് നാം നിങ്ങളെ അറിയിക്കുന്നു. വചനിപ്പുപെരുന്നാള്‍ ഏതു ദിവസം വന്നാലും അന്നു തന്നെ ആചരിക്കണമെന്ന് ഹൂദായ കാനോനിലും, അത് മാറാനായ പെരുന്നാള്‍ ആയതിനാല്‍ അന്നേ ദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കണമെന്നും, പെരുന്നാള്‍ ക്രമം അനുസരിച്ചുള്ള നമസ്കാരങ്ങള്‍ നടത്തേണ്ടതാണെന്നും ഭാഗ്യസ്മരണാര്‍ഹനായ പരി. ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 1938 ജൂലൈ 8-ാം തീയതിയിലെ 464-ാം നമ്പര്‍ കല്പ്പനയില്‍ പ്രതിപാദിച്ചിരിക്കുന്നു. അതനുസരിച്ച് തലേദിവസം സന്ധ്യമുതല്‍  പിറ്റേദിവസം രാവിലെ വി. കുര്‍ബ്ബാനവരെയുള്ള നമസ്കാരങ്ങള്‍ വചനിപ്പിന്‍റെ പെങ്കീസാ നമസ്കാരമോ, അതല്ലെങ്കില്‍ പൊതുവായ പെരുന്നാളുകള്‍ക്ക് ഉപയോഗിക്കുന്ന സ്ലീബാ നമസ്കാരമോ ആയിരിക്കേണ്ടതും, കുമ്പിടീല്‍ ആവശ്യമില്ലാത്തതുമാകുന്നു. വി. കുര്‍ബ്ബാനയ്ക്കു ശേഷം ദു:ഖവെള്ളിയാഴ്ചയുടെ മൂന്നാം മണി നമസ്കാരം മുതല്‍ തുടങ്ങി സ്ലീബാവന്ദനവും കബറടക്കവുമുള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ നടത്തുകയും, പരി. നോമ്പില്‍ പതിവുള്ളതുപോലെ കുമ്പിടീലും നടത്തേണ്ടതാണ്."

ഇതുവരെ ആകെ 67 തവണ

നിഖ്യാസുന്നഹദോസ് (എ.ഡി. 325) മുതല്‍ കലണ്ടര്‍ പരിഷ്കരണം (എ.ഡി.1582) വരെ എല്ലാ ക്രൈസ്തവരും ഒരേ തീയതികളില്‍ തന്നെ വിശേഷ ദിവസങ്ങള്‍ ആചരിച്ചിരുന്നതായി കരുതുന്നു. ഈ കാലഘട്ടത്തില്‍ 39 പ്രാവശ്യം (343, 354, 365, 376, 438, 449, 460, 533, 544, 623, 628, 707, 718, 791, 802, 813, 875, 886, 897, 908, 970, 981, 992, 1065, 1076, 1155, 1160, 1239, 1250, 1323, 1334, 1345, 1407, 1418, 1429, 1440, 1502, 1513, 1524) മാര്‍ച്ച് 25 നു ദുഃഖവെള്ളിയാഴ്ചയും വചനിപ്പുപെരുന്നാളും ഒരുമിച്ചു വന്നിട്ടുണ്ട്. 

1582 ല്‍ തന്നെ പൂര്‍ണമായി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചവര്‍ക്ക് 54-ാം (39+15) പ്രാവശ്യമാണ് ഇവ ഒരുമിച്ചു വരുന്നത്. 2005നു മുമ്പ് ഗ്രിഗോറിയന്‍ കലണ്ടറില്‍ 1622, 1633, 1644, 1701, 1712, 1785, 1796, 1842, 1853, 1864, 1910, 1921, 1932 എന്നീ വര്‍ഷങ്ങളില്‍ മാര്‍ച്ച് 25ന് വചനിപ്പു പെരുന്നാളും ദുഃഖവെള്ളിയാഴ്ചയും ഒരുമിച്ചു വന്നിട്ടുണ്ട്. 

ഇപ്പോഴും പൂര്‍ണമായി ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നവര്‍ക്ക് 1597, 1608, 1687, 1692, 1771, 1782, 1855, 1866, 1877, 1939, 1950 എന്നീ വര്‍ഷങ്ങള്‍ക്കു ശേഷം 1961, 1972 എന്നീ വര്‍ഷങ്ങളിലും ഇവ ഒരുമിച്ചു വന്നു. ആകെ 52 (39+13)  പ്രാവശ്യം. 1953ല്‍ മാത്രം ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ച മലങ്കര സഭയെ സംബന്ധിച്ച് എ.ഡി. 325 മുതല്‍ 2016 വരെ 52 (39+11+2) പ്രാവശ്യം ഇവ ഒരുമിച്ചു വന്നതായി കണക്കാക്കാം. എല്ലാം കൂടി ഉള്‍പ്പെടുത്തിയാല്‍ 325 - 2016 കാലത്ത് രണ്ടു കലണ്ടറുകളിലുമായി 67 (39+15+13) പ്രാവശ്യം ഇവ ഒരുമിച്ചു വരുന്നു. 

അന്ത്യോഖ്യന്‍ സുറിയാനി സഭയില്‍ 

ഇപ്പോഴും പൂര്‍ണമായി ജൂലിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനിയും 2034, 2045, 2056 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇവ ഒരുമിച്ചു വരും. സിറിയക് ഓര്‍ത്തഡോക്സ് (അന്ത്യോഖ്യന്‍ സിറിയന്‍) സഭ വിശുദ്ധ നാടുകളില്‍ എല്ലാ വിശേഷ ദിവസങ്ങളും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ആചരിക്കുന്നത്. എന്നാല്‍ സിറിയ, ജോര്‍ദാന്‍, ടര്‍ക്കി, ഇറാക്ക് തുടങ്ങിയ പശ്ചിമേഷ്യന്‍ (മദ്ധ്യപൂര്‍വ്വ) രാജ്യങ്ങളില്‍ അന്ത്യോഖ്യന്‍ സുറിയാനി  സഭയ്ക്ക് ഇനിയും (1950 നു ശേഷം) വചനിപ്പു പെരുന്നാളും ദുഃഖവെള്ളിയാഴ്ചയും ഒരുമിച്ചു വരികയില്ല. ക്രിസ്മസ് (യല്‍ദോ), വചനിപ്പു (സൂബോറോ) പെരുന്നാള്‍ തുടങ്ങി നിശ്ചിത തീയതിയില്‍ വരുന്ന വിശേഷ ദിവസങ്ങള്‍ (എശഃലറ എലമെേെ) മാത്രം 1955 മുതല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചും ഈസ്റ്റര്‍ (ക്യംതാ) ഉള്‍പ്പെടെ നിശ്ചിത തീയതിയില്‍ വരാത്ത വിശേഷ ദിവസങ്ങള്‍ (ങീ്മയഹല എലമെേെ) നേരത്തെയുള്ളതുപോലെ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചും ഈ രാജ്യങ്ങളില്‍ ആചരിക്കുന്നു. അതു കൊണ്ട് ഈ രാജ്യങ്ങളില്‍ സുറിയാനി സഭയുടെ വചനിപ്പു പെരുന്നാള്‍ മാര്‍ച്ച് 25 നാണെങ്കിലും ദുഃഖവെള്ളിയാഴ്ച (20, 21 നൂറ്റാണ്ടുകളില്‍) ഏപ്രില്‍ രണ്ടിനു മുമ്പ് വരികയില്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും സുറിയാനിസഭ എല്ലാ വിശേഷ ദിവസങ്ങളും ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആചരിക്കുന്നതിനാല്‍ അവര്‍ക്കും 2016ല്‍ ഈ വിശേഷദിവസങ്ങള്‍ ഒരുമിച്ചു വരും. ഒരേ സഭയില്‍ തന്നെ രണ്ടു കലണ്ടറുകള്‍ മൂന്നു രീതികളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നതു കൗതുകകരമായ ഒരു വസ്തുതയാണ്.

വചനിപ്പു പെരുന്നാള്‍ ഹേവോറേ ആഴ്ചയില്‍ 

വചനിപ്പു പെരുന്നാള്‍ മിക്ക വര്‍ഷവും വലിയ നോമ്പില്‍ വരുമെങ്കിലും അപൂര്‍വമായി മറിച്ചും സംഭവിക്കാം. 1885, 1896, 1915, 1942, (1953) എന്നീ വര്‍ഷങ്ങളില്‍ ഈ പെരുന്നാള്‍ വലിയ നോമ്പില്‍ വന്നില്ല. 2008 മാര്‍ച്ച് 23ന്  ഈസ്റ്റര്‍ വന്നതിനാല്‍ ഇത് ആവര്‍ത്തിച്ചു. ഇനിയും 2160, 2228, 2285 വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കും. വചനിപ്പു പെരുന്നാള്‍ ഹേവോറേ ആഴ്ചയില്‍ തിങ്കള്‍ (1885, 1896, 2391), ചൊവ്വാ (1942, 1953, 2160, 2228, 2380), ബുധന്‍ (1668, 1915, 2285, 2353) ദിവസങ്ങളില്‍ വരാവുന്നതാണെന്ന് ചുരുക്കം. യഥാക്രമം ഓദോര്‍/മാര്‍ച്ച് 24, 23, 22 തീയതികളില്‍ ഈസ്റ്റര്‍ വരുന്ന വര്‍ഷങ്ങളാണിവ. 

1953ല്‍ പാത്രിയര്‍ക്കീസ് കക്ഷിയുടെ വചനിപ്പുപെരുന്നാള്‍ (മാര്‍ച്ച് 25) വലിയനോമ്പില്‍ വന്നപ്പോള്‍ കാതോലിക്കാ കക്ഷിയുടേത് (സു.ക. മീനം 25 / ഏപ്രില്‍ 7) വന്നില്ല. ഇരു കക്ഷികളും ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ച തീയതികളാണ് (1952 ഡിസംബര്‍ 15, 1953 മേയ് 14) ഈ വ്യത്യാസത്തിനു കാരണമായത്. അക്കൊല്ലം ഇരുകൂട്ടരും ഉയിര്‍പ്പുപെരുന്നാള്‍ ഒരേ ദിവസമാണ് (നീസാന്‍ 23 / സു.ക. മീനം 23 /ഏപ്രില്‍ 5) ആഘോഷിച്ചത്. അതുകൊണ്ട് ജൂലിയന്‍-ഗ്രിഗോറിയന്‍ കലണ്ടര്‍ മാറ്റം ആശയക്കുഴപ്പം കൂടാതെ നടപ്പാക്കാന്‍ കഴിഞ്ഞു. 1900 - 1953 കാലത്ത് 16 പ്രാവശ്യം മലങ്കര സുറിയാനി സഭയും പാശ്ചാത്യ സഭകളും ഒരുമിച്ച് ഈസ്റ്റര്‍ ആഘോഷിച്ചിട്ടുണ്ട്.

വചനിപ്പു പെരുന്നാള്‍ ഈസ്റ്റര്‍ ഉള്‍പ്പെടെ മറ്റു വിശേഷദിവസങ്ങളില്‍

1817, 1828, 1912 വര്‍ഷങ്ങളില്‍ ഈ പെരുന്നാളും ഈസ്റ്ററും ഒരുമിച്ചു വന്നിട്ടുണ്ട്. 2035, 2046, 2103 എന്നീ വര്‍ഷങ്ങളിലും ഇങ്ങനെ വരും. ഇങ്ങനെയുള്ള ഈസ്റ്റര്‍ ദിവസത്തെ څഗ്യൃശീുമരെവമچ (ഠവല ഘീൃറچെ ജമരെവമ) എന്നു വിളിക്കുന്നു. വചനിപ്പു പെരുന്നാളും ദുഃഖശനിയാഴ്ചയും 1923, 1934, 1967, 1978, 1989 എന്നീ വര്‍ഷങ്ങളില്‍ ഒരുമിച്ചു വന്നു. 2062, 2073, 2084, 2119 എന്നീ വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കും. 2027, 2032, 2100 എന്നീ വര്‍ഷങ്ങളില്‍ വചനിപ്പു പെരുന്നാളും പെസഹാവ്യാഴാഴ്ചയും ഒരുമിച്ചു വരും. 1882, 1893, 1904 എന്നീ വര്‍ഷങ്ങളില്‍ ഇങ്ങനെ വന്നിട്ടുണ്ട്. 

 1879, 1890, 1901, 1956, 2018, 2029, 2040, 2108 എന്നിവ വചനിപ്പു പെരുന്നാളും ഓശാനാ ഞായറാഴ്ചയും ഒരുമിച്ചു വരുന്ന വര്‍ഷങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. 20, 21 നൂറ്റാണ്ടുകളിലെ 200 വര്‍ഷങ്ങള്‍ക്കിടയില്‍ 24 പ്രാവശ്യം വചനിപ്പു പെരുന്നാള്‍ ഹാശാവാരത്തിലെ മറ്റു ദിവസങ്ങളില്‍ (തിങ്കള്‍, ചൊവ്വാ, ബുധന്‍) വരുന്നുണ്ട്. 

വചനിപ്പു പെരുന്നാളും ലാസറിന്‍റെ (ഓശാനാ) ശനിയാഴ്ചയും 1895, 1906, 1917, 1928, 1961, 1972, 2051, 2056 വര്‍ഷങ്ങളിലും വചനിപ്പു പെരുന്നാളും നാല്‍പതാം വെള്ളിയാഴ്ചയും 1922, 1933, 1944, 1983, 1988, 1994, 2067, 2078, 2089 വര്‍ഷങ്ങളിലും ഒരുമിച്ചു വരുന്നു. വചനിപ്പു പെരുന്നാളും പകുതിനോമ്പു ബുധനാഴ്ചയും 1926, 1937, 1948, 1981, 1987, 1992, 2071, 2076, 2082 വര്‍ഷങ്ങളില്‍ ഒരുമിച്ചു വരുന്നു. (ഇവിടെ പറയുന്ന വര്‍ഷങ്ങള്‍ മലങ്കര സുറിയാനി സഭാ പഞ്ചാംഗം അനുസരിച്ചുള്ളതാണ്).

വചനിപ്പു പെരുന്നാള്‍ അല്ലാതെ തന്നെ ഹാശായുടെ ചൊവ്വാഴ്ച വി. കുര്‍ബ്ബാന അര്‍പ്പിച്ച ഒരു സംഭവം നിരണം ഗ്രന്ഥവരിയില്‍ കാണുന്നുണ്ട്. 1808 മീനം 27 (ഏപ്രില്‍ 8) നാല്പതാം വെള്ളിയാഴ്ച കാലം ചെയ്ത വലിയ മാര്‍ ദീവന്നാസിയോസ് (ആറാം മാര്‍തോമ്മാ) മെത്രാപ്പോലീത്തായെ കബറടക്കിയത് മീനം 31 (ഏപ്രില്‍ 12) ചൊവ്വാഴ്ച കാലത്ത് ഒരു  ഇട്ടിയവിര കത്തനാര്‍ പുത്തന്‍ കുര്‍ബാന ചൊല്ലിയതിനു ശേഷമാണ്.  മീനം 25 (വചനിപ്പ്) പെരുന്നാള്‍ ദിവസം അദ്ദേഹത്തിന് വി. കുര്‍ബാന കാണാന്‍ വയ്യായിരുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്.

വചനിപ്പു പെരുന്നാളിന്‍റെ പ്രാധാന്യം

പാശ്ചാത്യ (അന്ത്യോഖ്യന്‍) സുറിയാനി സഭാ പഞ്ചാംഗത്തില്‍ വചനിപ്പു (സൂബോറോ) പെരുന്നാളിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 25 കൂടാതെ കൂദോശ്ഈത്തോ മുതലുള്ള നാലാമത്തെ (നവംബര്‍ 20നും 26നും ഇടയില്‍ വരുന്ന) ഞായറാഴ്ച ദൈവമാതാവിനോടുള്ള അറിയിപ്പിന്‍റെ ഞായറാഴ്ചയായി വേര്‍തിരിച്ചിരിക്കുന്നു. "വചനിപ്പു പെരുന്നാള്‍ അതു വരുന്ന ദിവസം തന്നെ സഭ ആചരിക്കുന്നു" എന്ന് ഹൂദായ കാനോനില്‍ (5:1) കാണുന്നു. "ഹാശാ ആഴ്ചയില്‍ വചനിപ്പു പെരുന്നാള്‍ വന്നാല്‍ ഹാശായുടെ പ്രാര്‍ത്ഥന ഉപയോഗിക്കേണ്ട ആവശ്യമില്ല. അന്നു പെരുന്നാള്‍ രീതിയിലുള്ള നമസ്കാരം മതിയാകുന്നതാണ്" എന്ന് യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറയുന്നു. 

മദ്ധ്യകാലഘട്ടത്തില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ വര്‍ഷം ആരംഭിച്ചിരുന്നത് മാര്‍ച്ച് 25 നായിരുന്നു. മാര്‍ച്ച് 24 വരെയുള്ള തീയതികളില്‍ തലേ വര്‍ഷത്തെ തീയതികളായിട്ടാണ് അവിടെ കണക്കാക്കിയിരുന്നത്. വചനിപ്പു പെരുനാളിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ വളരെ പ്രാധാന്യമുണ്ടായിരുന്നതാണ് കാരണം.

(കീഴില്ലം പുല്ലുവഴി മുകളത്ത് ഡോ. എം. കുറിയാക്കോസ് ഈ ലേഖനം തയ്യാറാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. 

1950ല്‍ ഈ വിശേഷദിവസങ്ങള്‍ ഒരുമിച്ചുവന്നപ്പോള്‍ മലങ്കര സുറിയാനി സഭയിലെ ഇരുകക്ഷികളും പുറപ്പെടുവിച്ചിട്ടുള്ളതായി കരുതപ്പെടുന്ന കല്പനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതെങ്കിലും പള്ളിയിലോ ആരുടെയെങ്കിലും കൈവശമോ ഇതുമായി ബന്ധപ്പെട്ട കല്പനകള്‍ ഉള്ളതായി അറിയാമെങ്കില്‍ ആ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍: 9446412907).