Tuesday 13 April 2021

ഈസ്റ്റര്‍ തീയതികള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


വസന്ത വിഷുവം (Vernal Equinox) ആയ മാര്‍ച്ച് 21നോ അതിനു ശേഷമോ വരുന്ന പൗര്‍ണമിയുടെ (Paschal Full Moon Day) പിറ്റെ ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ പൗര്‍ണമി (പെസഹാ ചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. നിഖ്യാ സുന്നഹദോസ് (എ.ഡി. 325) ആണ് ഈ തീരുമാനമെടുത്തത്. ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22 ആണ്. ഉദാ:- 1598, 1693, 1761, 1818, 2285, 2353. ഏറ്റവും താമസിച്ചുള്ള തീയതി ഏപ്രില്‍ 25 ആണ്. ഉദാ:- 1666, 1734, 1886, 1943, 2038, 2190, 2258, 2326. ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വര്‍ഷങ്ങളാണിവ. 2008ല്‍ മാര്‍ച്ച് 23നും 2011ല്‍ ഏപ്രില്‍ 24നും ഈസ്റ്റര്‍ വന്നിട്ടുണ്ട്. പഴയ രീതി പ്രകാരം (20, 21 നൂറ്റാണ്ടുകളില്‍) യഥാക്രമം ഏപ്രില്‍ നാലും (ഉദാ: 1915, 2010)  മേയ് എട്ടും (ഉദാ: 1983, 2078) ആകുന്നു. ഇക്കൊല്ലം പെസഹാ ചന്ദ്രന്‍ മാര്‍ച്ച് 23നാണ്. യഹൂദന്മാരുടെ പെസഹാപെരുന്നാള്‍ ഏപ്രില്‍ 22 മുതല്‍ 30 വരെയാണ്.

ചില രാജ്യങ്ങളില്‍ 20 കോടിയോളം ക്രൈസ്തവര്‍ ഈ വര്‍ഷം (2016) മേയ് ഒന്നിനാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതായത് മറ്റു ക്രൈസ്തവര്‍ ആഘോഷിച്ച് (മാര്‍ച്ച് 27) അഞ്ചാഴ്ച കഴിഞ്ഞാണ് അവരുടെ ആഘോഷം. മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ (കല്‍ദായ) സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. ഒന്നും നാലും ആഴ്ചകള്‍ വൈകിയും   ചില വര്‍ഷങ്ങളില്‍ (ഉദാ:- 2010, 2011, 2014, 2017, 2025, 2028) ഒരുമിച്ചും ഈസ്റ്റര്‍ ആഘോഷിക്കാറുണ്ട്. രണ്ടു കലണ്ടറുകള്‍ തമ്മില്‍ ഇപ്പോള്‍ 13 ദിവസം വ്യത്യാസമുണ്ടെങ്കിലും ഈസ്റ്റര്‍ 35 ദിവസം വരെ വൈകാം. 

ക്രിസ്മസ് ആഘോഷത്തിനും ഇതു പോലെ തീയതി വ്യത്യാസമുണ്ട്. ചില രാജ്യങ്ങളിലെ 15 കോടിയോളം ക്രൈസ്തവര്‍ 13 ദിവസം വൈകി ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അര്‍മേനിയന്‍ സഭയ്ക്ക് ജനുവരി ആറിനാണ് (വിശുദ്ധ നാട്ടില്‍ ജനുവരി 19ന്) ക്രിസ്മസ് (തെയോഫനി). 

(18.03.2016)

No comments:

Post a Comment