Friday 30 April 2021

20 കോടിയോളം ക്രൈസ്തവര്‍ മേയ് 2-ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

എത്യോപ്യാ, എറിത്രിയാ, ഈജിപ്റ്റ്, റഷ്യ, ബലാറസ്, യുക്രയിന്‍, കസഖ്സ്ഥാന്‍, മൊള്‍ഡേവിയ, ജോര്‍ജിയ, യുഗോസ്ലാവിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, ടര്‍ക്കി, സിറിയാ, ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവര്‍ മേയ് 2ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള എല്ലാ ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. മറ്റുള്ളവര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇക്കൊല്ലം നാലാഴ്ചയാണ് വ്യത്യാസം. ഏറ്റവും അവസാനം നാലാഴ്ച വ്യത്യാസം വന്നത് 1997ലാണ്; 2065ല്‍ ഇതാവര്‍ത്തിക്കും. ഒരാഴ്ചയും അഞ്ചാഴ്ചയും വ്യത്യാസം വരാറുണ്ട്. അതേ സമയം എല്ലാവരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന വര്‍ഷങ്ങളുമുണ്ട്. 2017 ഉം 2025 ഉം ഉദാഹരണങ്ങളാണ്.

അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭ പശ്ചിമേഷ്യയില്‍ മേയ് 2-ന് ഈസ്റ്റര്‍ ആഘോഷിച്ചപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലും മറ്റും മലങ്കര സഭയെ പോലെ ഏപ്രില്‍ 4-നാണ് ആഘോഷിച്ചത്. ഒരേ സഭയില്‍ തന്നെ വ്യത്യസ്ത തീയതികള്‍ പിന്തുടരുന്നത് കൗതുകകരമായ ഒരു വസ്തുതയാണ്.

വസന്ത വിഷുവം (Vernal Equinox) ആയ മാര്‍ച്ച് 21നോ അതിനു ശേഷമോ വരുന്ന പൗര്‍ണമിയുടെ (Paschal Full Moon Day) പിറ്റെ ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ പൗര്‍ണമി (പെസഹാ ചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. നിഖ്യാ സുന്നഹദോസ് (എ.ഡി. 325) ആണ് ഈ തീരുമാനമെടുത്തത്.

ക്രിസ്മസ് ആഘോഷത്തിനും ഇതു പോലെ തീയതി വ്യത്യാസമുണ്ട്. ചില രാജ്യങ്ങളിലെ 15 കോടിയോളം ക്രൈസ്തവര്‍ 13 ദിവസം വൈകി ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഒരു കോടിയോളം അംഗസംഖ്യയുള്ള അര്‍മേനിയന്‍ സഭ പുരാതനമായ പതിവനുസരിച്ച് ക്രിസ്മസും എപ്പിഫനി(ദനഹാ)യും ഒരുമിച്ച് ജനുവരി ആറിന് 'തെയോഫനി' എന്ന പേരില്‍ ആഘോഷിക്കുന്നു. വിശുദ്ധ നാട്ടിലെ അര്‍മേനിയക്കാര്‍ക്ക് ജനുവരി 19നാണ് ഈ ആഘോഷം.

മലങ്കര സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് പക്ഷം (ബാവാകക്ഷി) 1952 ഡിസംബര്‍ 15 ന് യല്‍ദോ നോമ്പാരംഭത്തിനും കാതോലിക്കാപക്ഷം (മെത്രാന്‍ കക്ഷി) 1953 മേയ് 14ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്. അതോടെ പുതിയരീതി പ്രകാരം ഈസ്റ്ററും ജനുവരി ഏഴിനു പകരം ഡിസംബര്‍ 25ന് ക്രിസ്മസും ആഘോഷിച്ചു വരുന്നു.

No comments:

Post a Comment