Saturday 13 May 2023

മലങ്കരസഭാ ഭരണഘടന: വിവാദങ്ങള്‍ക്ക് മറുപടി

മലങ്കരസഭാ ഭരണഘടനയെ പറ്റി പാത്രിയര്‍ക്കീസ് ഭാഗം ഇപ്പോള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ കോടതികളില്‍ ഉന്നയിച്ച് തീര്‍പ്പാക്കിയിട്ടുള്ളതാണ്. 1934ലെ മലങ്കര അസോസിയേഷനും അതിന്‍റെ നടപടികളും അതു പാസ്സാക്കിയ ഭരണഘടനയും സാധുവാണെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. മലങ്കരയുള്ള എല്ലാ പള്ളികള്‍ക്കും നോട്ടീസ് കല്‍പന അയച്ചിട്ടാണ് 1934ല്‍ അസോസിയേഷന്‍ കൂടിയത്.

1934ലെ ഭരണഘടന 1958ല്‍ അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷിയെ അടിച്ചേല്‍പിച്ചതാണെന്നൊരു വാദമുണ്ട്. പാത്രിയര്‍ക്കീസ് കക്ഷിയുടെ ഉന്നതനേതൃത്വം അറിഞ്ഞ് പൂര്‍ണ്ണ മനസ്സോടെയാണ് ഭരണഘടന സ്വീകരിച്ചതെന്നും പിന്നീട് ഭിന്നതയ്ക്ക് ഇതൊരു വിഷയമാക്കിയതാണെന്നും പാത്രിയര്‍ക്കീസ് ഭാഗത്തെ മുന്‍ വൈദിക ട്രസ്റ്റിയും സഭായോജിപ്പിന്‍റെ നേര്‍സാക്ഷിയുമായ കല്ലൂപ്പറമ്പില്‍ ദിവംഗതനായ ബഹു. വി.എം. ഗീവര്‍ഗീസ് അച്ചന്‍ പറഞ്ഞിട്ടുണ്ട്. 

1958ലെ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് സഭായോജിപ്പിന്‍റെ അന്തരീക്ഷത്തിലാണ് 1964 - 1967 കാലത്ത് ഭരണഘടന ദേദഗതി ചെയ്തത്. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം കൂടി ചേര്‍ന്നു നടത്തിയതാണ് ഈ ഭേദഗതി. അന്നത്തെ (1966 - 1970) റൂള്‍ കമ്മറ്റിയില്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ (പ്രസിഡന്‍റ്), ഫാ. പി.പി. ജോസഫ്, ഡോ. എ.ടി. മര്‍ക്കോസ്, ചാക്കോ ജോര്‍ജ്, പി.ടി. വര്‍ഗീസ്, കെ. കോരുത്, കെ.എന്‍. ചാക്കോ, ജേക്കബ് സ്റ്റീഫന്‍, കെ.ടി. മാത്യു, എം.സി. പോത്തന്‍, പി.സി. ഏബ്രഹാം (അസോസിയേഷന്‍ സെക്രട്ടറി / കണ്‍വീനര്‍) എന്നീ 11 അംഗങ്ങളുണ്ടായിരുന്നു. 

ഭേദഗതികള്‍ നിര്‍ദേശിച്ച അന്നത്തെ റൂള്‍ കമ്മറ്റിയിലും പാസ്സാക്കിയ മാനേജിംഗ് കമ്മറ്റിയിലും മുന്‍ പാത്രിയര്‍ക്കീസ് വിഭാഗക്കാരായ ഫാ. പി.പി. ജോസഫ് പുളിക്കപ്പറമ്പില്‍ (കോട്ടയം), അഡ്വ. പി. ടി. വര്‍ഗീസ് (പെരുമ്പാവൂര്‍), പി. ജേക്കബ് സ്റ്റീഫന്‍ (റാന്നി) തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തം. അവര്‍ ഉന്നയിക്കാത്ത സംശയങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഏറ്റവും കുറഞ്ഞത് 1967 വരെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ഇനി യാതൊരു അവകാശവും മറുകക്ഷിക്കില്ല. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ ഇടവകപ്പള്ളികളില്‍ നിലനിന്ന ചില പതിവുകള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്നതിനുള്ള ഭേദഗതികളും അന്നുണ്ടായി. ഇടവകമെത്രാപ്പോലീത്തായുടെ അനുമതിയോടു കൂടി ഇടവകയെ വാര്‍ഡുകളായി തിരിച്ച് അതതു വാര്‍ഡുകളിലെ ഇടവകയോഗാംഗങ്ങളില്‍ നിന്ന് ഇടവക യോഗത്തിലേക്ക് ഒന്നോ അതിലധികമോ പ്രതിനിധികളെ തെരഞ്ഞെടുക്കാവുന്നതും പ്രതിനിധികളുടെ യോഗം ചെയ്യുന്ന തീരുമാനം ഇടവകയോഗത്തിന്‍റെ തീരുമാനം ആയിരിക്കുന്നതും ആകുന്നു എന്ന ഭാഗം മലങ്കരസഭാ ഭരണഘടനയുടെ 12-ാം വകുപ്പില്‍ 1967ല്‍ ചേര്‍ത്തത് ഇങ്ങനെയാണെന്നു കരുതുന്നു. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1958നു ശേഷം യാതൊരു ഭേദഗതിയും ഉണ്ടായിട്ടില്ല. 

"ഭരണഘടനയുടെ 'ഏതു വേര്‍ഷ'നാണ് അംഗീകരിക്കേണ്ടതെന്നു കോടതി പറഞ്ഞിട്ടില്ല" എന്നു പറയുന്നത് "രജിസറ്റര്‍ ചെയ്തിട്ടുണ്ടോ, ഒറിജിനല്‍ എവിടെ" എന്നൊക്കെ ചോദിക്കുന്നതു പോലെ മുട്ടാത്തര്‍ക്കം മാത്രമാണ്. 

(വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ എഴുതിയ മലങ്കര സഭാ ഭരണഘടന: അല്‍പം ചരിത്രം (ബഥേല്‍ പത്രിക 2019 മേയ് ലക്കം) എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.)