Thursday, 22 November 2018

എം.ഐ. ഷാനവാസ്: ലോക്‌സഭയിൽ അംഗമായിരിക്കേ നിര്യാതനാകുന്ന പത്താമത്തെ മലയാളി / വർഗീസ് ജോൺ തോട്ടപ്പുഴ


ലോക്‌സഭയിൽ അംഗമായിരിക്കേ നിര്യാതനാകുന്ന പത്താമത്തെ മലയാളിയാണ് വയനാ‌‌‌‌ടിന്റെ പ്രതിനിധിയായ എം.ഐ. ഷാനവാസ്. ഇതേ ലോക്സ‌ഭയിൽ തന്നെ അംഗമായിരിക്കെ ഇ. അഹമ്മദ് (മലപ്പുറം) 2017 ഫെബ്രുവരി ഒന്നിന് നിര്യാതനായി.

തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിൽ അംഗമായിരിക്കെ മൂന്നു പേർ നിര്യാതരായി – പി.എസ്. നടരാജപിള്ള (1966 ജനുവരി 10, മൂന്ന്), വി.കെ. കൃഷ്‌ണമേനോൻ (1974 ഒക്‌ടോബർ 6, അഞ്ച്), പി.കെ. വാസുദേവൻ നായർ (2005 ജൂലൈ 12, പതിനാല്). എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ സേവ്യർ അറയ്‌ക്കൽ (1997 ഫെബ്രുവരി 9, പതിനൊന്ന്), ജോർജ് ഈഡൻ (2003 ജൂലൈ 26, പതിമൂന്ന്) എന്നിവരാണ് മരണമടഞ്ഞത്.

കേന്ദ്രമന്ത്രിയായിരിക്കേ നിര്യാതനായ ആദ്യ മലയാളിയാണ് പനമ്പിള്ളി ഗോവിന്ദമേനോൻ (1970 മേയ് 23, മുകുന്ദപുരം, നാല്). ഡോ.കെ.ജി. അടിയോടി (1987 ഒക്‌ടോബർ 22, കോഴിക്കോട്, എട്ട്) ആണ് നിര്യാതരായ മറ്റൊരാൾ. (നിര്യാതരായ തീയതിയും പ്രതിനിധീകരിച്ച നിയോജകമണ്ഡലവും അംഗമായിരുന്ന ലോക്‌സഭയുമാണ് ബ്രാക്കറ്റിൽ). എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന സി.എം.സ്‌റ്റീഫൻ അന്തരിക്കുമ്പോൾ (1984 ജനുവരി 16) കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. അഞ്ചാം ലോക്സഭയിൽ അംഗമായിരിക്കെ നിര്യാതനായ (1972 ഏപ്രിൽ 5) മഞ്ചേരിയുടെ പ്രതിനിധി മുഹമ്മദ് ഇസ്‌മഈൽ സാഹിബ് മലയാളിയല്ല. ജന്മസ്‌ഥലം പഴയ മദ്രാസിൽ (ഇന്നത്തെ തമിഴ്‌നാട്) ആണ്.

രാജ്യസഭയിൽ അംഗമായിരിക്കെ സി.കെ. ഗോവിന്ദൻ നായർ (1964 ജൂൺ 27), തഴവാ കേശവൻ (1969 നവംബർ 28), ടി.കെ.സി. വടുതല (1988 ജൂലൈ ഒന്ന്), പി. കെ. കുഞ്ഞച്ചൻ (1991 ജൂൺ 14), എൻ.ഇ. ബലറാം (1994 ജൂലൈ 16) കൊരമ്പയിൽ അഹമ്മദ് ഹാജി (2003 മേയ് 12), വി.വി. രാഘവൻ (2004 ഒക്‌ടോബർ 27) എന്നീ കേരള പ്രതിനിധികൾ നിര്യാതരായി. ഒറീസയിൽ നിന്നുള്ള കെ. വാസുദേവ പണിക്കരും നിര്യാതനായി (1988 മേയ് 3). കേന്ദ്രമന്ത്രി പദത്തിലിരിക്കുമ്പോൾ മരണമടയുന്ന (2005 ഡിസംബർ 18) രണ്ടാമത്തെ മലയാളിയാണു ലക്ഷദ്വീപുകാരനായ പി.എം. സഈദ്. ഡൽഹിയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

Friday, 6 October 2017

നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


ചെങ്ങന്നൂര്‍ താലൂക്കു പുനഃസംഘടന വിവിധ കാലഘട്ടങ്ങളില്‍
ആലപ്പുഴ ജില്ലാ രൂപീകരണത്തിന് 60 വര്‍ഷവും ചെങ്ങന്നൂര്‍ താലൂക്ക് പുനഃസ്ഥാപനത്തിന് 61 വര്‍ഷവും പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തില്‍ ചെങ്ങന്നൂര്‍ താലൂക്കിന്‍റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് ഒരു നൂറ്റാണ്ടു മുന്‍പ് പത്തനംതിട്ട താലൂക്ക് മുറിച്ചുമാറ്റിയപ്പോള്‍ ചെങ്ങന്നൂരിനു നഷ്ടമായത് ഒരു നൂറ്റാണ്ടു പഴക്കമുള്ള സ്വന്തം താലൂക്ക്. കുട്ടി ജനിച്ച് വൈകാതെ അമ്മ മരിക്കുന്ന അനുഭവം. 
 
ചെങ്ങന്നൂര്‍ താലൂക്കിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മാവേലിക്കര മണ്ഡപത്തുംവാതുക്കല്‍, പന്തളം ഇടവക എന്നിവയുടെ ഭാഗങ്ങളായിരുന്നു. മാവേലിക്കര മണ്ഡപത്തുംവാതുക്കലിന്‍റെ വടക്കന്‍ ഡിവിഷനില്‍ ചെന്നിത്തല, മാന്നാര്‍, ചെങ്ങന്നൂര്‍, വടക്കേക്കര, റാന്നി, ഓമല്ലൂര്‍, കുമ്പഴ എന്നീ ഏഴു പ്രവൃത്തികളാണുണ്ടായിരുന്നത്. 'മണ്ഡപത്തുംവാതുക്കല്‍' എന്നാണ് അക്കാലത്ത് താലൂക്കുകള്‍ അറിയപ്പെട്ടിരുന്നത്. ഇതിനെ 'പ്രവൃത്തി'കളായി തിരിച്ചിരുന്നു. ഒരു ഇടപ്രഭുവിന്‍റെ ഭരണത്തില്‍ ഉള്‍പ്പെട്ട ദേശമാണ്   'ഇടവക'. സര്‍ക്കാരിലേക്ക് ഭൂനികുതി കൊടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സ്ഥലമോ പ്രദേശമോ ആണിത്. 

'ദി ട്രാവന്‍കൂര്‍ ലാന്‍ഡ് റവന്യൂ മാനുവല്‍' അഞ്ചാം വോള്യം 362-ാം പേജില്‍ കൊടുത്തിരിക്കുന്ന 1824 മാര്‍ച്ച് 11ലെ ഒരു രാജകീയ ഉത്തരവ് (നീട്ട്) ചെങ്ങന്നൂര്‍ താലൂക്കിന്‍റെ സ്ഥാപനത്തെപ്പറ്റി സൂചന നല്‍കുന്നതാണ്. അതു താഴെ ചേര്‍ക്കുന്നു.

 "999-ാമാണ്ടു കുംഭമാസം 30-നു നീട്ടു. മാവേലിക്കര തെക്കു വടക്കു രണ്ടു തഹശീല്‍ദാരന്മാരും മാവേലിക്കരയും ....... ഇതിന്മണ്ണം രണ്ടു ഉദ്യോഗസ്ഥന്മാര്‍ ഒരു സ്ഥലത്തു കച്ചേരിയിട്ടു ഇരുന്ന കാര്‍യ്യങ്ങള്‍ വിചാരിച്ചു വരുന്നതിനാല്‍ ദൂരമായിട്ടുള്ള സ്ഥലങ്ങളില്‍ അവരുടെ വിചാരം എത്തുപെടാതെ പണ്ടാരകാര്‍യ്യങ്ങളിലും കുടികളുടെ സങ്കടകാര്‍യ്യങ്ങളിലും വളരെ ദോഷമായിട്ടു കണ്ടു മാവേലിക്കര തെക്കു മണ്ടപത്തുംവാതുക്കല്‍ തഹശീല്‍ദാര്‍ മാവേലിക്കരയും മാവേലിക്കര വടക്കു മണ്ടപത്തുംവാതുക്കല്‍ തഹശീല്‍ദാര്‍ ചെങ്ങന്നൂരും ...... കച്ചേരിയിട്ടു കാര്‍യ്യങ്ങള്‍ വിചാരിക്കത്തക്കവണ്ണം ചട്ടംകെട്ടേണ്ടതെന്നു തോന്നി റസിഡണ്ടുസായിപു അവര്‍കളോടു ബോധിപ്പിച്ചതിലും അതിന്മണ്ണം തന്നെ എന്നു പറഞ്ഞിരിക്കുന്ന അവസ്ഥകൊണ്ടല്ലോ എഴുതി വന്നതിലാകുന്നു. അതിന്മണ്ണം വിചാരിച്ചുകൊള്ളത്തക്കവണ്ണം വിചാരിച്ചുകൊള്ളണം എന്നും ഇക്കാര്‍യ്യം ചൊല്ലി ദിവാന്‍ ഗുണ്ഡൊ പണ്ഡിതര്‍ വെങ്കിട്ടരായര്‍ക്കു നീട്ടു." 
 
കൊട്ടാരക്കര താലൂക്കില്‍ നിന്ന് പത്തനാപുരവും കല്‍ക്കുളത്തുനിന്ന് ഇരണിയലും താലൂക്കുകള്‍ രൂപീകരിച്ചതിനെപ്പറ്റിയും ഇതില്‍ സൂചനയുണ്ട്. പഴയ റവന്യൂ വിഭജനമനുസരിച്ച് ഒരു നൂറ്റാണ്ടു മുന്‍പ് ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍, വടക്കേക്കര, ആലാ, റാന്നി, കുമ്പഴ, ഓമല്ലൂര്‍, പന്തളം വടക്കേക്കര എന്നീ ഏഴു പ്രവൃത്തികളാണ് ഉണ്ടായിരുന്നത്. പ്രവൃത്തിയ്ക്കു പകരം പകുതിയെ റവന്യൂ ഭരണ ഘടകമായി നിശ്ചയിച്ചപ്പോള്‍ (1909 - 1912 കാലത്ത് ?) ചെങ്ങന്നൂര്‍ താലൂക്കില്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര, ഇലന്തൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, റാന്നി, കുമ്പഴ എന്നീ 15 പകുതികളാണ് ഉണ്ടായിരുന്നത്. കൊല്ലം ഡിവിഷനിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ (758 ചതുരശ്ര മൈല്‍) തിരുവിതാംകൂറിലെ ഏറ്റവും വലിയ താലൂക്കായിരുന്നു.
 ശ്രീമൂലം പ്രജാസഭയില്‍ പല അംഗങ്ങളും അതിവിസ്തൃതമായ ചെങ്ങന്നൂര്‍ താലൂക്ക് വിഭജിച്ച് പത്തനംതിട്ട ആസ്ഥാനമാക്കി പുതിയ ഒരു താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ താലൂക്ക് പ്രതിനിധികളായ കോശി തോമസ്, എ. അയ്യപ്പന്‍ പിള്ള, വര്‍ഗീസ് കത്തനാര്‍ (ഓമല്ലൂര്‍ വടക്കേടത്ത് ഗീവര്‍ഗീസ് കത്തനാര്‍) തുടങ്ങിയവര്‍ പ്രജാസഭയുടെ പത്തും (1914) പന്ത്രണ്ടും (1916) പതിമൂന്നും (1917) സമ്മേളനങ്ങളില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പത്തനംതിട്ട താലൂക്ക് രൂപീകരിച്ചതോടെ തിരുവിതാംകൂറിലെ ചെറിയ താലൂക്കുകളിലൊന്നായി ചെങ്ങന്നൂര്‍.
 
ചെങ്ങന്നൂര്‍ താലൂക്കിലെ പത്തനംതിട്ട, ഓമല്ലൂര്‍, ഇലന്തൂര്‍, റാന്നി, കുമ്പഴ എന്നീ പകുതികളും തിരുവല്ലാ താലൂക്കിലെ ചെറുകോല്‍ പകുതിയും ചേര്‍ത്താണ് പത്തനംതിട്ട താലൂക്ക് 1919 ഓഗസ്റ്റ് 17 (1095 ചിങ്ങം 1)ന് രൂപീകരിച്ചത്. ഇതോടൊപ്പം ആറന്മുള, മല്ലപ്പുഴശേരി എന്നീ പകുതികള്‍ തിരുവല്ലാ താലൂക്കില്‍ നിന്ന് ചെങ്ങന്നൂര്‍ താലൂക്കില്‍ ചേര്‍ത്തു. ചെങ്ങന്നൂര്‍ താലൂക്കിലെ പകുതികളുടെ എണ്ണം 12 ആയി കുറഞ്ഞു. തിരുവല്ലായിലെ പകുതികള്‍ 18ല്‍ നിന്ന് 15 ആയി.
 
ഭരണച്ചെലെവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ദേവസ്വം വിഭജനക്കമ്മറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ചെങ്ങന്നൂര്‍ താലൂക്ക് 1922 ഓഗസ്റ്റ് 17 (1098 ചിങ്ങം 1)ന് നിര്‍ത്തലാക്കി; തിരുവല്ലാ താലൂക്കിനോട് ചേര്‍ത്തു.  തിരുവല്ലാ താലൂക്കിലെ പകുതികളുടെ എണ്ണം 15ല്‍ നിന്ന് 27 ആയി.  ഇതോടൊപ്പം വള്ളിക്കോട് പകുതി കുന്നത്തൂര്‍ താലൂക്കില്‍ നിന്ന് പത്തനംതിട്ട താലൂക്കില്‍ ചേര്‍ത്തു. പത്മനാഭപുരം ഡിവിഷന്‍ നിര്‍ത്തലാക്കി തിരുവനന്തപുരം ഡിവിഷനോടു ചേര്‍ത്തതും ഇരണിയല്‍, ഏറ്റുമാനൂര്‍, ആലങ്ങാട് താലൂക്കുകള്‍ നിര്‍ത്തലാക്കി സമീപ താലൂക്കുകളില്‍ ചേര്‍ത്തതും ഇതോടൊപ്പമാണ്.
 
തിരുവല്ലാ താലൂക്കിലായിരുന്ന മല്ലപ്പുഴശ്ശേരി പകുതി 1931 ഓഗസ്റ്റ് 17 (1107 ചിങ്ങം 1) ന് പത്തനംതിട്ട താലൂക്കിന്‍റെ ഭാഗമായതോടെ തിരുവല്ലാ താലൂക്കിലെ പകുതികളുടെ എണ്ണം 26 ഉം (212 ചതുരശ്ര മൈല്‍) പത്തനംതിട്ട താലൂക്കിലെ പകുതികളുടെ എണ്ണം എട്ടും (900 ചതുരശ്ര മൈല്‍) ആയി. കേരളപ്പിറവി വരെ ഇതായിരുന്നു സ്ഥിതി. 
 
കേരളപ്പിറവിയോടൊപ്പം (1956 നവംബര്‍ 1) തിരുവല്ലാ താലൂക്ക് വിഭജിച്ച് ചെങ്ങന്നൂര്‍ താലൂക്ക് വീണ്ടും രൂപീകരിച്ചു. ആറന്മുള, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര (എ-യും ബി-യും) മാന്നാര്‍, കുരട്ടിശ്ശേരി എന്നീ പകുതികള്‍ (വില്ലേജ്) ചെങ്ങന്നൂര്‍ താലൂക്കില്‍ ചേര്‍ത്തു. പുതിയതായി മാന്നാറും കുരട്ടിശ്ശേരിയും ലഭിച്ചപ്പോള്‍ 1922ലുണ്ടായിരുന്ന മല്ലപ്പുഴശേരി നഷ്ടപ്പെട്ടു. ചെങ്ങന്നൂരും തിരുവല്ലായും 1957 ഓഗസ്റ്റ് 17ന് പുതിയതായി രൂപീകരിച്ച ആലപ്പുഴ ജില്ലയുടെ ഭാഗമായി. അങ്ങനെ 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചെങ്ങന്നൂര്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്തു. 1922ല്‍ നിര്‍ത്തലാക്കിയ മറ്റു താലൂക്കുകള്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. പത്മനാഭപുരം ഡിവിഷന്‍ 1956ല്‍ മദ്രാസ് സംസ്ഥാനത്തെ (പിന്നീട് തമിഴ്നാട്) കന്യാകുമാരി ജില്ലയായി.
 
1956 ഒക്ടോബര്‍ ഒന്നിന് പുത്തന്‍കാവ് വില്ലേജില്‍ നിന്ന് പുത്തന്‍കാവുകര വടക്കേക്കരയോടും ഉള്ളന്നൂര്‍കര  പന്തളം വടക്കേക്കരയോടും ചേര്‍ത്തു; ശേഷിച്ച പുത്തന്‍കാവു വില്ലേജിനെ മുളക്കുഴ വില്ലേജ് എന്നു നാമകരണം  ചെയ്തു. ഇതോടൊപ്പം പന്തളം വടക്കേക്കര വില്ലേജ് മെഴുവേലി, കുളനട വില്ലേജുകളായി വിഭജിക്കപ്പെട്ടു. 1981 ഡിസംബറില്‍ ആറന്മുള വില്ലേജ് വിഭജിച്ച് മെഴുവേലിയുടെ ചില ഭാഗങ്ങളും ചേര്‍ത്ത് കിടങ്ങന്നൂര്‍ വില്ലേജ് രൂപീകരിച്ചു. പത്തനംതിട്ട ജില്ലാ രൂപീകരണത്തെ (1982 നവംബര്‍ 1) തുടര്‍ന്ന് ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, കുളനട എന്നീ വില്ലേജുകള്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് പുതിയ ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ചേര്‍ത്തു. 1987 ഓഗസ്റ്റ് 10ന് വടക്കേക്കര വില്ലേജിനെ 'ചെങ്ങന്നൂര്‍' എന്നും ചെങ്ങന്നൂര്‍ വില്ലേജിനെ 'എണ്ണക്കാട്' എന്നും നാമകരണം ചെയ്തു. 
 
ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, എണ്ണക്കാട്, പുലിയൂര്‍, ചെറിയനാട്, ആലാ, മുളക്കുഴ, വെണ്മണി, മാന്നാര്‍, കുരട്ടിശ്ശേരി എന്നീ 11 വില്ലേജുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും തിരുവന്‍വണ്ടൂര്‍, പാണ്ടനാട്,  ബുധനൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, മുളക്കുഴ, വെണ്മണി, മാന്നാര്‍ എന്നീ ഒന്‍പത് ഗ്രാമപഞ്ചായത്തുകളുമാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്കിലുള്ളത്. 
ചെങ്ങന്നൂര്‍ പട്ടണം ചെങ്ങന്നൂര്‍ വില്ലേജിനു പുറത്ത്   
 
1987 വരെ ചെങ്ങന്നൂര്‍ പട്ടണം ഉള്‍പ്പെടുന്ന വില്ലേജിന്‍റെ പേര് 'വടക്കേക്കര' എന്നായിരുന്നു. അതേ സമയം പട്ടണത്തില്‍ നിന്ന് ഏഴെട്ടു കിലോമീറ്റര്‍ തെക്കു പടിഞ്ഞാറേക്കു മാറി 'ചെങ്ങന്നൂര്‍' എന്ന പേരില്‍ ഒരു വില്ലേജ് ഉണ്ടായിരുന്നു.   ചെങ്ങന്നൂര്‍ വില്ലേജില്‍ നിന്ന് ചെങ്ങന്നൂര്‍ പട്ടണത്തില്‍ വരണമെങ്കില്‍ മറ്റൊരു വില്ലേജ് (പുലിയൂര്‍/പാണ്ടനാട്) കടന്നുപോകണമായിരുന്നു. 
 
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി നിലവില്‍ വന്നത് 1978 ഏപ്രില്‍ ഒന്നിനാണ്. അതിനുമുമ്പുള്ള പഞ്ചായത്തിന്‍റെ പേരും 'ചെങ്ങന്നൂര്‍' എന്നു തന്നെയായിരുന്നു. ചുരുക്കത്തില്‍ അന്ന് ചെങ്ങന്നൂര്‍ വില്ലേജും ചെങ്ങന്നൂര്‍ പഞ്ചായത്തും പൂര്‍ണ്ണമായും വ്യത്യസ്തമായിരുന്നു. 'പന്തളം വടക്കേക്കര'യും ഉണ്ടായിരുന്നതിനാല്‍ ഒരുകാലത്ത് വടക്കേക്കര പകുതിയെയും വില്ലേജ് പഞ്ചായത്തിനെയും 'ചെങ്ങന്നൂര്‍ വടക്കേക്കര' പകുതിയെന്നും വില്ലേജ് പഞ്ചായത്തെന്നും സൗകര്യാര്‍ത്ഥം വിശേഷിപ്പിച്ചു കാണുന്നുണ്ട്. 1987ല്‍ വടക്കേക്കര വില്ലേജിനെ 'ചെങ്ങന്നൂര്‍' എന്നും ചെങ്ങന്നൂര്‍ വില്ലേജിനെ 'എണ്ണക്കാട്' എന്നും നാമകരണം ചെയ്തതോടെയാണ് ഈ ആശയക്കുഴപ്പം മാറിയത്. 1987 ആഗസ്റ്റ് 10ലെ വിജ്ഞാപനം താഴെ ചേര്‍ക്കുന്നു:
 
"ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധന്നൂര്‍ പഞ്ചായത്തില്‍പ്പെട്ട എണ്ണക്കാട് ആസ്ഥാനമായി 'ചെങ്ങന്നൂര്‍' എന്ന റവന്യൂ വില്ലേജും, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍പ്പെട്ട 'വടക്കേക്കര' എന്ന റവന്യൂ വില്ലേജും നിലവിലുള്ളതാണ്. പൊതു അഭിപ്രായത്തെ ആദരിച്ചും സ്ഥലകാലനാമങ്ങള്‍ക്കനുസരിച്ചും മേല്‍പ്പറഞ്ഞ വില്ലേജുകളുടെ പേരുകള്‍ യഥാക്രമം എണ്ണക്കാട്, ചെങ്ങന്നൂര്‍ എന്ന പ്രകാരം ഭേദപ്പെടുത്തിയിരിക്കുന്നു" (കേരളാ ഗസറ്റ് നമ്പര്‍ 42 പാര്‍ട്ട് 1, 1987 ഒക്ടോബര്‍ 27).     
 
പൗരാണികമായ ചെങ്ങന്നൂര്‍ ഒരുപക്ഷേ ഇന്നത്തെ എണ്ണക്കാട് റവന്യൂ വില്ലേജ്/ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കുമോ ?
 

Saturday, 2 September 2017

ആരാധനാവത്സരത്തിലെ വൈവിദ്ധ്യം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

സുറിയാനി കണക്കും പെരുന്നാള്‍ തീയതികളും – വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ഗ്രിഗോറിയന്‍ കലണ്ടര്‍ / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ


ഗണിത ശാസ്ത്രജ്ഞനായ ഫാദര്‍ ക്രിസ്റ്റഫര്‍ ക്ലാവിയൂസിന്‍റെയും വത്തിക്കാന്‍ ലൈബ്രേറിയനായ അലോഷ്യസ് ലിലിയസിന്‍റെയും പരിഷ്ക്കാര നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജൂലിയന്‍ കലണ്ടറിലെ പിശകു പരിഹരിച്ച് 1582 -ല്‍ പോപ്പ് ഗ്രിഗറി XIII ഏര്‍പ്പെടുത്തിയതാണ് 'ഗ്രിഗോറിയന്‍ കലണ്ടര്‍' (Gregorian Calendar). AD 730 ല്‍ വെനറബിള്‍ ബീഡ് (Venerable Bede) എന്ന ആംഗ്ലോ-സാക്സണ്‍ സന്യാസി, ഒരു വര്‍ഷം 365.25 ദിവസങ്ങളല്ലെന്നും 365.2522 ദിവസങ്ങളാണെന്നും അതുകൊണ്ട് ഒരു ജൂലിയന്‍ വര്‍ഷം 0.0078 ദിവസം (11 മിനിറ്റ് 14 സെക്കന്‍റ്) കൂടുതലാണെന്നും കണ്ടുപിടിച്ചു. പക്ഷേ നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും ഈ പിശകു പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ല.

1582 -ല്‍ പോപ്പ് ഗ്രിഗറി XIII നിഖ്യാ സുന്നഹദോസ് (325) മുതല്‍ അന്നുവരെ ജൂലിയന്‍ കലണ്ടറില്‍ ഏകദേശം 10 ദിവസത്തിന്‍റെ പിശകുണ്ടെന്നു കണക്കാക്കി. ഇതു പരിഹരിക്കാന്‍ 1582 ഒക്ടോബര്‍ നാല് വ്യാഴാഴ്ച കഴിഞ്ഞു വരുന്ന ദിവസം ഒക്ടോബര്‍ അഞ്ച് എന്നതിന് പകരം ഒക്ടോബര്‍ 15 വെള്ളിയാഴ്ചയായി കണക്കാക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1582 മാര്‍ച്ച് 11 -നു വസന്തവിഷുവം വന്നപ്പോള്‍ 1583-ല്‍ ഇത് നിഖ്യാ സുന്നഹദോസ് കാലത്തെപ്പോലെ മാര്‍ച്ച് 21 -നു തന്നെ വന്നു.

ജൂലിയന്‍ കലണ്ടറില്‍ നാലിന്‍റെ ഗുണിതങ്ങളായ എല്ലാ വര്‍ഷങ്ങളും അധിവര്‍ഷങ്ങളാണ്. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ 100 -ന്‍റെ ഗുണിതങ്ങളായ വര്‍ഷങ്ങള്‍ (Centesimal years), അവ നാലിന്‍റെ ഗുണിതങ്ങളാണെങ്കിലും സാധാരണ വര്‍ഷങ്ങളാണ്. അവയില്‍ 400 ന്‍റെ ഗുണിതങ്ങളായ വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങള്‍ തന്നെയായിരിക്കും. ജൂലിയന്‍ കലണ്ടറില്‍ 400 വര്‍ഷം കൊണ്ടു സംഭവിക്കുന്ന ഏകദേശം മൂന്നു ദിവസത്തിന്‍റെ വ്യത്യാസം ഗ്രിഗോറിയന്‍ കലണ്ടറില്‍ ഇങ്ങനെ പരിഹരിച്ചിരിക്കുന്നു. എങ്കിലും 0.0003 ദിവസത്തിന്‍റെ അതായത്, 10000 വര്‍ഷം കൊണ്ട് മൂന്നു ദിവസത്തിന്‍റെ വ്യത്യാസം അവശേഷിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ 4000 -ന്‍റെ ഗുണിതങ്ങളായ വര്‍ഷങ്ങളെ സാധാരണ വര്‍ഷങ്ങളായി പരിഗണിക്കുന്നു. ഈ ക്രമീകരണമുണ്ടായിട്ടും 20000 വര്‍ഷം കൊണ്ട് ഒരു ദിവസത്തിന്‍റെ വ്യത്യാസം ഉണ്ടാകുന്നുണ്ട്.

ഗ്രിഗോറിയന്‍ കലണ്ടറില്‍ 1700, 1800, 1900, 2100, 2200, 2300, 2500, ...., 4000 തുടങ്ങിയ വര്‍ഷങ്ങള്‍ സാധാരണ വര്‍ഷങ്ങളാകുമ്പോള്‍ ജൂലിയന്‍ കലണ്ടറില്‍ ഇവ അധിവര്‍ഷങ്ങളാണ്. രണ്ടു കലണ്ടറിലും 1600, 2000, 2400, 2800, 3200, 3600, 4400, 4800, 5200 തുടങ്ങിയവ അധിവര്‍ഷങ്ങളാണ്.

ജൂലിയന്‍-ഗ്രിഗോറിയന്‍ കലണ്ടറുകളിലെ തീയതികള്‍ തമ്മിലുള്ള വ്യത്യാസം 1582-1700 കാലത്ത് പത്തും 1700-1800 കാലത്ത് പതിനൊന്നും 1800-1900 കാലത്ത് പന്ത്രണ്ടും 1900-2100 കാലത്ത് പതിമൂന്നും 2100-2200 കാലത്ത് പതിനാലും ആണ്. ജൂലിയന്‍ കലണ്ടറിലെ തീയതി ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതിയാക്കുന്നതിന് ഈ വ്യത്യാസം കൂട്ടണം; ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതി ജൂലിയന്‍ കലണ്ടറിലെ തീയതിയാക്കുന്നതിന് വ്യത്യാസം കുറയ്ക്കണം.
റോമന്‍ കത്തോലിക്കാ രാജ്യങ്ങള്‍ അധികം വൈകാതെ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചെങ്കിലും പല ഓര്‍ത്തഡോക്സ്-പ്രൊട്ടസ്റ്റന്‍റ് രാജ്യങ്ങളും 18 -ാം നൂറ്റാണ്ടുവരെ ഇതു സ്വീകരിച്ചില്ല. 1752 സെപ്റ്റംബര്‍ രണ്ടുകഴിഞ്ഞു വരുന്ന ദിവസം സെപ്റ്റംബര്‍ 14 ആയി പ്രഖ്യാപിച്ചുകൊ ണ്ടാണ് ബ്രിട്ടന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചത് (അന്ന് കലണ്ടറുകള്‍ തമ്മിലുള്ള വ്യത്യാസം 11 ദിവസമായിരുന്നു). 1800 മുതല്‍ 1840 വരെയുള്ള അധിവര്‍ഷങ്ങളെ സാധാരണ വര്‍ഷങ്ങളാക്കിക്കൊണ്ടാണ് സ്വീഡന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചത്. 1918 ജനുവരി 31 കഴിഞ്ഞുവരുന്ന ദിവസം ഫെബ്രുവരി 14 ആയി പ്രഖ്യാപിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. (1917 നവംബര്‍ ഏഴിന് റഷ്യയില്‍ നടന്ന ബോല്‍ഷെവിക് വിപ്ലവം ഒക്ടോബര്‍ വിപ്ലവമെന്ന് അറിയപ്പെടുന്നത് അന്ന് ജൂലിയന്‍ കലണ്ടറില്‍ 1917 ഒക്ടോബര്‍ 25 ആയിരുന്നതു കൊണ്ടാണ്). ജപ്പാന്‍ 1873 ലും ചൈന 1912 ലും ഗ്രീസും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും 1923 ലും ടര്‍ക്കി 1927 ലും പുതിയ രീതി സ്വീകരിച്ചു.

സുറിയാനി കണക്ക്

കേരളത്തിലെ സുറിയാനി സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നത് (1953 മെയ് 14) വരെ (1950 വരെയെങ്കിലും) തീയതികള്‍ രേഖപ്പെടുത്തിയിരുന്നത് പ്രത്യേക രീതിയിലാണ്. വര്‍ഷം ക്രിസ്ത്വബ്ദത്തിലേതും (ചിലപ്പോള്‍ മലയാള അബ്ദത്തിലേതുമാകാം). മാസം മലയാള അബ്ദത്തിലേതും തീയതി ജൂലിയന്‍ കലണ്ടറിലേതുമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജൂലിയന്‍ കലണ്ടറിലെ ജനുവരിക്ക് മകരം എന്നും ഫെബ്രുവരിക്ക് കുഭം എന്നും അങ്ങനെ ഡിസംബറിന് ധനു എന്നും പേരു പറയുന്നു. സുറിയാനി പഞ്ചാംഗത്തിലെ മാസങ്ങളും (കോനൂന്‍ഹ്രോയ് മുതല്‍ കോനൂന്‍ ക്ദീം വരെ) ഇതിനോടു ചേര്‍ന്നു വരും. സുറിയാനി കണക്കില്‍ 1912 കന്നി രണ്ട് എന്നത് ജൂലിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ രണ്ടും ഗ്രിഗോറിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ 15 ഉം ആണ് (13 ദിവസം വ്യത്യാസം).  ഇത് മലയാള അബ്ദത്തില്‍ 1088 ചിങ്ങം 31 ആണ്. അതുപോലെ 1876 ആഗസ്റ്റ് 27, 1876 ചിങ്ങം 31 ആണ്. അതുപോലെ 1876 ആഗസ്റ്റ് 27, 1876  ചിങ്ങം 15 (സു. ക.), 1052 ചിങ്ങം 13 (ങഋ) എന്നിവ ഒരേ ദിവസമാണ് (ഇവിടെ വ്യത്യാസം 12 ദിവസം). 1953 നു മുമ്പ് ചില സഭകള്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിച്ചിരുന്നത് അന്ന് സുറിയാനി കണക്കില്‍ ധനു 25 ആയതുകൊണ്ടാണ്.

Thursday, 10 August 2017

മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത് ‘ഒരു ദിവസത്തെ’ റെക്കോർഡുമായി / വർഗീസ് ജോൺ തോട്ടപ്പുഴ ഏറ്റവും കൂടുതൽ കാലം ഉപരാഷ്‌ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോർഡുമായിട്ടാണ് മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത്. 2007 ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത അൻസാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2012 ഓഗസ്റ്റ് 11ന് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി പദവിയിൽ മൊത്തം 3653 ദിവസം.

രണ്ടു തവണ സ്ഥാനം വഹിച്ച പ്രഥമ ഉപരാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ (1952 മേയ് 13 – 1962 മേയ് 12) 3652 ദിവസമാണ് ഈ സ്ഥാനം വഹിച്ചത്. ഹാമിദ് അൻസാരിക്ക് മൂന്ന് അധിവർഷങ്ങളുടെ (2008, 2012, 2016) ആനുകൂല്യം ലഭിച്ചപ്പോൾ രാധാകൃഷ്‌ണന് ലഭിച്ചത് രണ്ടു (1956, 1960) മാത്രം. ഇരുവരുമല്ലാതെ മറ്റാരും രണ്ടുതവണ ഈ സ്ഥാനം വഹിച്ചിട്ടില്ല.

 മുഹമ്മദ് ഹിദായത്തുല്ലയുടെ അഞ്ചുവർഷ കാലാവധിയ്ക്കിടയിൽ (1979 ഓഗസ്റ്റ് 31 – 1984 ഓഗസ്റ്റ് 30) രണ്ട് അധിവർഷങ്ങൾ (1980, 1984) വന്നതിനാൽ അദ്ദേഹത്തിനാണ് മൂന്നാം സ്ഥാനം (1827 ദിവസം). ഡോ. സക്കീർ ഹുസൈൻ, ഗോപാൽ സ്വരൂപ് പാഥക്, ബാസപ്പ ദാനപ്പ ജെട്ടി എന്നിവർ (1826 ദിവസം) തൊട്ടുപിന്നാലെയുണ്ട്.

അഞ്ചു വർഷം തികയുന്നതിന് അൽപം മുൻപ് ഡോ. ശങ്കർ ദയാൽ ശർമ്മയും കെ ആർ നാരായണനും രാഷ്ട്രപതിയായി; കൃഷ്ണ കാന്ത് നിര്യാതനായി; ഭൈറോൺ സിങ് ശെഖാവത്ത് രാജിവച്ചു.

വരാഹഗിരി വെങ്കട ഗിരിയാണ് ഏറ്റവും കറഞ്ഞ കാലം (1967 മേയ് 13 – 1969 ജൂലൈ 20; 799 ദിവസം) ഈ സ്ഥാനം വഹിച്ചത്. ഇതിൽ അവസാനത്തെ 78 ദിവസം (1969 മേയ് 3‍ – 1969 ജൂലൈ 20) അദ്ദേഹം താൽക്കാലിക രാഷ്‌ട്രപതിയും പിന്നീട് രാഷ്‌ട്രപതിയും (1969 ഓഗസ്റ്റ് 24 – 1974 ഓഗസ്റ്റ് 24) ആയിരുന്നു.

അഞ്ചു വർഷത്തിൽ താഴെ ഉപരാഷ്‌ട്രപതിയായ മറ്റൊരാൾ ആർ വെങ്കട്ടരാമൻ (1984 ഓഗസ്റ്റ് 31 – 1987 ജൂലൈ 24; 1058 ദിവസം) ആണ്.


നാലു സത്യപ്രതിജ്ഞകൾ ഒരുമിച്ച് 

ഇന്ത്യയുടെ ചീഫ് ജസ്റ്റീസിന്റെ മുമ്പാകെയാണ് രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപരാഷ്‌ട്രപതി രാഷ്‌ട്രപതിയുടെ മുമ്പാകെയും.

ഇന്ത്യ റിപ്പബ്ലിക്കായ ദിവസമാണ് (1950 ജനുവരി 26) ആദ്യത്തെ രാഷ്ട്രപതി സത്യപ്രതിജ്ഞ നടന്നത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് ജെ കാനിയയുടെ മുമ്പാകെ ഡോ. രാജേന്ദ്രപ്രസാദ് സത്യപ്രതിജ്‍ഞചെയ്തു.

ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനം നിലവിൽ വന്നത് 1952ലാണ്. അന്നു മുതൽ നാലു തവണ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സത്യപ്രതിജ്ഞ ഒരേ ചടങ്ങിലാണ് നടന്നിരുന്നത്. 1952, 1957, 1962, 1967 വർഷങ്ങളിലെ മേയ് 13ന് ഇവ ഒരുമിച്ചു നടന്നു. രാഷ്‌ട്രപതി–ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾ രണ്ടു തവണ (1962 മേയ് ഏഴ്, 1967 മേയ് ആറ്) ഒരുമിച്ചാണ് നടന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്.

രണ്ടു രാഷ്‌ട്രപതിമാരുടെ നിര്യാണമാണ് ഈ ക്രമം തെറ്റിച്ചത്. ഡോ. സക്കീർ ഹുസൈൻ 1969 മേയ് മൂന്നിന് അന്തരിച്ച ഒഴിവിൽ പുതിയ രാഷ്ട്രപതി വി.വി. ഗിരി 1969 ഓഗസ്റ്റ് 24നും വി.വി. ഗിരി ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ഒഴിവിൽ ജി.എസ്. പാഥക് ഓഗസ്റ്റ് 31നും സത്യപ്രതിജ്ഞ ചെയ്തു. കൃത്യം അഞ്ചു വർഷത്തിനുശേഷം പിൻഗാമികളുടെ സത്യപ്രതിജ്ഞയും നടന്നു.

1974 ഓഗസ്റ്റ് 24ന് സ്ഥാനമേറ്റ ഫക്രുദിൻ അലി അഹമ്മദ് 1977 ഫെബ്രുവരി 11ന് നിര്യാതനായി. തുടര്‍ന്നു വന്ന നീലം സഞ്ജീവ റെഡ്ഡി 1977 ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്തു. അന്നു മുതൽ ഓരോ അ‍ഞ്ചു വർഷം കഴിയുമ്പോഴും ജൂലൈ 25ന് രാഷ്‌ട്രപതി സത്യപ്രതിജ്ഞ നടന്നു വരുന്നു.

അടുത്ത രണ്ട് ഉപരാഷ്ട്രപതിമാരുടെ (1979, 1984) സത്യപ്രതിജ്ഞയും ഓഗസ്റ്റ് 31നു നടന്നു. 1984 ഓഗസ്റ്റ് 31ന് ഉപരാഷ്ട്രപതിയായ ആർ. വെങ്കട്ടരാമൻ 1987 ജൂലൈ 24-ന് രാഷ്ട്രപതിയായതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടക്കുന്ന പതിവ് തുടങ്ങി. കൃഷ്ണകാന്തിന്റെ നിര്യാണത്തോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അൽ‌പം കൂടി നേരത്തെയായി. Source