Thursday 2 June 2022

എപ്പിസ്കോപ്പല്‍ നാമങ്ങള്‍ | വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

 കോട്ടയം ഇടവഴീയ്ക്കല്‍ ഫീലിപ്പോസ് കോര്‍എപ്പിസ്കോപ്പ സുറിയാനിയില്‍ തയ്യാറാക്കിയ 'യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം' എന്ന ഗ്രന്ഥത്തില്‍ മലങ്കരസഭയുടെ വിശ്വാസം, ആചാരം, ചരിത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യോത്തര രൂപത്തില്‍ വിശദീകരിക്കുന്നു. മലങ്കര നസ്രാണികളാല്‍ വിരചിക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണെന്നു ഇതിനെക്കുറിച്ചു പറയാം. ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ 1869ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) തയ്യാറാക്കിയ മലയാള പരിഭാഷ 1879ല്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ശ്രീ. ഇ.എ. ഫിലിപ്പ് ആണ് വിവരങ്ങള്‍ തന്നു സഹായിച്ചത്.

മേല്‍പ്പട്ടക്കാരെ വാഴിക്കുമ്പോള്‍ സ്വന്തനാമം കൂടാതെ നല്‍കുന്ന എപ്പിസ്കോപ്പല്‍ നാമങ്ങളെപ്പറ്റി ഈ ഗ്രന്ഥത്തില്‍ പറയുന്ന വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്.

ചോദ്യം - മേല്പട്ടക്കാര്‍ക്കു സ്വന്തനാമം കൂടാതെ വിശേഷാല്‍ പേരുകള്‍ കൊടുക്കുന്നുണ്ടൊ?

ഉത്തരം - ശുദ്ധമുള്ള പത്രോസ് ശ്ലീഹായുടെ മരണശേഷം അന്ത്യോഖ്യാസിംഹാസനത്തിലേക്കു നിയമിക്കപ്പെട്ട മേല്പട്ടക്കാരന്‍ മിശിഹാകര്‍ത്താവു കൈയ്യില്‍ എടുത്തു അനുഗ്രഹിച്ച പൈതലും (വി.മത്തായി 18:2; വി.മര്‍ക്കോസ്. 9:36) പിന്നീടു മാര്‍ യോഹന്നാന്‍ ഏവന്‍ഗേലീസ്ഥായുടെ ശിഷ്യനുമായിരുന്ന ഇഗ്നാത്തിയോസ് പരിശുദ്ധനായിരുന്നതിനാല്‍ ആ നാമപ്രകാരം അന്ത്യോഖ്യായിലെ എല്ലാ പാത്രീയര്‍ക്കീസന്മാരെയും മാര്‍ ഇഗ്നാത്തിയോസ് എന്നു വിളിച്ചുവരുന്നു. മപ്രിയനാ ആയി വാഴിക്കപ്പെടുന്നവര്‍ക്കു ബസേലിയോസ് എന്നും ഊര്‍ശ്ലേമിലെ മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുന്നവര്‍ക്കു ഗ്രീഗോറിയോസ് എന്നും പേര്‍ കൊടുക്കുന്നു. മറ്റുള്ള മെത്രാന്മാര്‍ക്കു പാത്രീയര്‍ക്കീസിന്‍റെ ഇഷ്ടം പോലെ താഴെ പറയുന്ന പന്ത്രണ്ടു നാമങ്ങളില്‍ ഓരോന്നു കല്പിച്ചു കൊടുക്കുന്നു.

(1) സേവേറിയോസ്, (2) ദീയസ്ക്കോറോസ്, (3) അത്താനാസ്യോസ്, (4) ദീവന്നാസ്യോസ്, (5) തീമോത്തിയോസ്, (6) ഒസ്താത്യോസ്, (7) യൂലിയോസ്, (8) പീലക്സീനോസ്, (9) അന്തീമോസ്, (10) ക്ലീമ്മീസ്, (11) കൂറിലോസ്, (12) ഈവാനിയോസ്.

ചോദ്യം - ഈ സ്ഥാനങ്ങളും പേരുകളും കൊടുക്കപ്പെടുന്നത് ഏതു സമയത്താകുന്നു?
ഉത്തരം - പട്ടത്വത്തിനു അടുത്ത എല്ലാ സ്ഥാനമാനങ്ങളും പേരുകളും കുര്‍ബ്ബാന സമയത്തു അത്രെ കൊടുക്കുന്നത്.

ചോദ്യം - ഊര്‍ശ്ലേമിലെ മേല്പട്ടക്കാരന്, ശേഷം മേല്പട്ടക്കാരെക്കാള്‍ സ്ഥാനത്തിലൊ അധികാരത്തിലൊ വല്ല വലിപ്പവുമുണ്ടൊ?

ഉത്തരം - സ്ഥാനത്തിലും അധികാരത്തിലും യാതൊരു വലിപ്പവുമില്ല. എങ്കിലും ശുദ്ധമുള്ള പട്ടണത്തിന്‍റെ മെത്രാപ്പോലീത്താ ആകകൊണ്ട് പൊതുവിലെ മേല്പട്ടക്കാരനും ശ്രേഷ്ടനുമെന്നു വിചാരിക്കപ്പെടുന്നതു കൂടാതെ അഞ്ചാം പാത്രിയര്‍ക്കീസ് എന്നു പേര്‍ പറകകൂടി ചെയ്യുന്നു.

മുകളില്‍ പറയുന്ന 12 പേരുകളില്‍ "മാര്‍ അന്തീമോസ്" എന്ന പേര് മലങ്കര സഭയില്‍ ആര്‍ക്കും നല്‍കിയിട്ടില്ല. അന്ത്യോഖ്യന്‍ സഭയിലും അടുത്ത കാലത്ത് ആര്‍ക്കും നല്‍കിയതായി അറിവില്ല. അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന അന്തീമോസ് (Anthimos / Anthimus AD 535 - 536) കോണ്‍സ്റ്റാന്‍റീനോപ്പിളിലെ 54-ാമത്തെ പാത്രിയര്‍ക്കീസായിരുന്നു.(മലങ്കര സഭാ വിജ്ഞാനകോശം പേജ് 25, 26 കാണുക)

അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന യൂലിയോസ് റോമിലെ 35-ാമത്തെ എപ്പിസ്കോപ്പാ (Pope Julius I AD 337 - 352) ആയിരുന്നു. അദ്ദേഹത്തിന്‍റെ വകയായ ഒരു കുര്‍ബാനക്രമം നമ്മുടെ തക്സായിലുണ്ട്.