Monday 28 February 2022

എപ്പിസ്കോപ്പല്‍ നാമങ്ങള്‍: അന്തീമോസും യൂലിയോസും പരിഗണിക്കണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

 കോട്ടയം ഇടവഴീയ്ക്കല്‍ ഫീലിപ്പോസ് കോര്‍എപ്പിസ്കോപ്പ സുറിയാനിയില്‍ തയ്യാറാക്കിയ 'യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം' എന്ന ഗ്രന്ഥത്തില്‍ മലങ്കരസഭയുടെ വിശ്വാസം, ആചാരം, ചരിത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യോത്തര രൂപത്തില്‍ വിശദീകരിക്കുന്നു. മലങ്കര നസ്രാണികളാല്‍ വിരചിക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണെന്നു ഇതിനെക്കുറിച്ചു പറയാം. ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ 1869ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) തയ്യാറാക്കിയ മലയാള പരിഭാഷ 1879ല്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ശ്രീ. ഇ.എ. ഫിലിപ്പ് ആണ് വിവരങ്ങള്‍ തന്നു സഹായിച്ചത്.

മേല്‍പ്പട്ടക്കാരെ വാഴിക്കുമ്പോള്‍ സ്വന്തനാമം കൂടാതെ നല്‍കുന്ന എപ്പിസ്കോപ്പല്‍ നാമങ്ങളെപ്പറ്റി ഈ ഗ്രന്ഥത്തില്‍ പറയുന്ന വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്.

ചോദ്യം - മേല്പട്ടക്കാര്‍ക്കു സ്വന്തനാമം കൂടാതെ വിശേഷാല്‍ പേരുകള്‍ കൊടുക്കുന്നുണ്ടൊ?

ഉത്തരം - ശുദ്ധമുള്ള പത്രോസ് ശ്ലീഹായുടെ മരണശേഷം അന്ത്യോഖ്യാസിംഹാസനത്തിലേക്കു നിയമിക്കപ്പെട്ട മേല്പട്ടക്കാരന്‍ മിശിഹാകര്‍ത്താവു കൈയ്യില്‍ എടുത്തു അനുഗ്രഹിച്ച പൈതലും (വി.മത്തായി 18:2; വി.മര്‍ക്കോസ്. 9:36) പിന്നീടു മാര്‍ യോഹന്നാന്‍ ഏവന്‍ഗേലീസ്ഥായുടെ ശിഷ്യനുമായിരുന്ന ഇഗ്നാത്തിയോസ് പരിശുദ്ധനായിരുന്നതിനാല്‍ ആ നാമപ്രകാരം അന്ത്യോഖ്യായിലെ എല്ലാ പാത്രീയര്‍ക്കീസന്മാരെയും മാര്‍ ഇഗ്നാത്തിയോസ് എന്നു വിളിച്ചുവരുന്നു. മപ്രിയനാ ആയി വാഴിക്കപ്പെടുന്നവര്‍ക്കു ബസേലിയോസ് എന്നും ഊര്‍ശ്ലേമിലെ മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുന്നവര്‍ക്കു ഗ്രീഗോറിയോസ് എന്നും പേര്‍ കൊടുക്കുന്നു. മറ്റുള്ള മെത്രാന്മാര്‍ക്കു പാത്രീയര്‍ക്കീസിന്‍റെ ഇഷ്ടം പോലെ താഴെ പറയുന്ന പന്ത്രണ്ടു നാമങ്ങളില്‍ ഓരോന്നു കല്പിച്ചു കൊടുക്കുന്നു.

(1) സേവേറിയോസ്, (2) ദീയസ്ക്കോറോസ്, (3) അത്താനാസ്യോസ്, (4) ദീവന്നാസ്യോസ്, (5) തീമോത്തിയോസ്, (6) ഒസ്താത്യോസ്, (7) യൂലിയോസ്, (8) പീലക്സീനോസ്, (9) അന്തീമോസ്, (10) ക്ലീമ്മീസ്, (11) കൂറിലോസ്, (12) ഈവാനിയോസ്.

ചോദ്യം - ഈ സ്ഥാനങ്ങളും പേരുകളും കൊടുക്കപ്പെടുന്നത് ഏതു സമയത്താകുന്നു? 

ഉത്തരം - പട്ടത്വത്തിനു അടുത്ത എല്ലാ സ്ഥാനമാനങ്ങളും പേരുകളും കുര്‍ബ്ബാന സമയത്തു അത്രെ കൊടുക്കുന്നത്.

ചോദ്യം - ഊര്‍ശ്ലേമിലെ മേല്പട്ടക്കാരന്, ശേഷം മേല്പട്ടക്കാരെക്കാള്‍ സ്ഥാനത്തിലൊ അധികാരത്തിലൊ വല്ല വലിപ്പവുമുണ്ടൊ?

ഉത്തരം - സ്ഥാനത്തിലും അധികാരത്തിലും യാതൊരു വലിപ്പവുമില്ല. എങ്കിലും ശുദ്ധമുള്ള പട്ടണത്തിന്‍റെ മെത്രാപ്പോലീത്താ ആകകൊണ്ട് പൊതുവിലെ മേല്പട്ടക്കാരനും ശ്രേഷ്ടനുമെന്നു വിചാരിക്കപ്പെടുന്നതു കൂടാതെ അഞ്ചാം പാത്രിയര്‍ക്കീസ് എന്നു പേര്‍ പറകകൂടി ചെയ്യുന്നു.

മുകളില്‍ പറയുന്ന 12 പേരുകളില്‍ "മാര്‍ അന്തീമോസ്" എന്ന പേര് മലങ്കര സഭയില്‍ ആര്‍ക്കും നല്‍കിയിട്ടില്ല. അന്ത്യോഖ്യന്‍ സഭയിലും  അടുത്ത കാലത്ത് ആര്‍ക്കും നല്‍കിയതായി അറിവില്ല. അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന അന്തീമോസ് (Anthimos / Anthimus AD 535 - 536) കോണ്‍സ്റ്റാന്‍റീനോപ്പിളിലെ 54-ാമത്തെ പാത്രിയര്‍ക്കീസായിരുന്നു.(മലങ്കര സഭാ വിജ്ഞാനകോശം പേജ് 25, 26 കാണുക)

കോനാട്ട് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (1876 - 1884), അല്‍വാറീസ് മാര്‍ യൂലിയോസ് (1889 - 1923) എന്നിവര്‍ക്കു ശേഷം "മാര്‍ യൂലിയോസ്" എന്ന പേര് മലങ്കരസഭയില്‍ ആര്‍ക്കും നല്‍കിയിട്ടില്ല. യാക്കോബായ വിഭാഗത്തില്‍ അന്ത്യോഖ്യന്‍ പ്രതിനിധി ഏലിയാസ് മാര്‍ യൂലിയോസ് (1923 - 1962), യാക്കോബ് മാര്‍ യൂലിയോസ് (1975 - 1992), കുറിയാക്കോസ് മാര്‍ യൂലിയോസ് (1998 -), സീറോ-മലങ്കര റീത്തില്‍ ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവരുണ്ട്. അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന യൂലിയോസ് റോമിലെ  35-ാമത്തെ എപ്പിസ്കോപ്പാ (Pope Julius  I AD 337 - 352) ആയിരുന്നു. അദ്ദേഹത്തിന്‍റെ വകയായ ഒരു കുര്‍ബാനക്രമം നമ്മുടെ തക്സായിലുണ്ട്.

മലങ്കര സഭയില്‍ 2010 മേയ് 12-ന് ഏഴു മേല്‍പ്പട്ടക്കാരെ വാഴിക്കുമ്പോള്‍  രണ്ടു പേര്‍ക്ക് അന്തീമോസ്, യൂലിയോസ് എന്നീ പേരുകള്‍ നല്‍കുന്നതു ഉചിതമാണെന്നു കരുതുന്നു.

23-4-2010

Thursday 10 February 2022

എറിത്രിയന്‍ ഓര്‍ത്തഡോക്സ് തെവാഹെദോ സഭ (Eritrean Orthodox Tewahedo Church)

 

എഡി 329-330-ലാണ് ഇന്നത്തെ എറിത്രിയന്‍ സഭ ഉള്‍പ്പെടുന്ന എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം. പഴയ ഇറ്റാലിയന്‍ കോളനിയായ എറീത്രിയ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ (1993) അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭയുടെ പോപ്പ് ഷെനൗഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറീത്രിയായിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉള്‍ഭരണസ്വാതന്ത്യം നല്‍കുകയും അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും (1994) ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറീത്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൗഡാ മൂന്നാമന്‍ വാഴിച്ചു. ഇതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.

 എറിത്രിയന്‍ സഭയുടെ അഭ്യര്‍ത്ഥന മാനിച്ച് തുടര്‍ന്നുള്ള രണ്ടു പാത്രിയര്‍ക്കീസുമാരുടെയും സ്ഥാനാരോഹണശുശ്രൂഷകളില്‍ (2002, 2004) പോപ്പ് ഷെനൗഡാ തന്നെയാണ് പ്രധാനകാര്‍മ്മികനായിരുന്നത്. ആബാ ഫീലിപ്പോസിനെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി (2002-2003). തുടര്‍ന്ന് 2004ല്‍ പാത്രിയര്‍ക്കീസായ അന്തോനിയോസിനെ 2006ല്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ എതിര്‍ത്തതാണ് കാരണം. 2007ല്‍ ആബൂനാ ദീയസ്കോറോസിനെ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിരുന്നില്ല. 2015ല്‍ അദ്ദേഹം കാലം ചെയ്തു. എറീത്രിയായിലെ ജനങ്ങളില്‍ പകുതിയിലധികം സഭാവിശ്വാസികളാണ്.

 എത്യോപ്യയും എറിത്രിയയും തമ്മില്‍ 17 വര്‍ഷമായി നിലനിന്ന യുദ്ധ സമാന അവസ്ഥ 2018 ജൂലൈ 10ന് സമാധാന കരാറില്‍ ഒപ്പുവച്ചതോടെ അവസാനിച്ചു. എറീത്രിയന്‍ സഭയിലെ ഭിന്നിപ്പ് പരിഹരിക്കുന്നതിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമദ് അലിയും എത്യോപ്യന്‍ സഭയും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. രാജ്യത്തെ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 92-കാരനായ പാത്രിയര്‍ക്കീസ് ഇന്നും വീട്ടുതടവില്‍ തന്നെ കഴിയുന്നു. 2021 ജൂണ്‍ 13ന് ആബൂനാ കെര്‍ലോസ് (കൂറീലോസ് / സിറില്‍) പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ടെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിട്ടില്ല.

Primate :

HH Abune Antonios, Patriarch of Eritrea, Asmara, Eritrea

‘The Sunday School’ (April - June 2021)

Verghis John - 9446412907

കാനോനിക പാത്രിയര്‍ക്കീസ് ജീവിച്ചിരിക്കെ പുതിയ എറിത്രിയന്‍ സഭാതലവന്‍ വാഴിക്കപ്പെട്ടു

എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനായി ആബൂനാ കെര്‍ലോസ് പാത്രിയര്‍ക്കീസ് വാഴിക്കപ്പെട്ടു. കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ അന്തോനിയോസ് ഇന്നും ജീവിച്ചിരിക്കുന്നതിനാല്‍ കോപ്റ്റിക് സഭയും മറ്റ് ഓര്‍ത്തഡോക്സ് സഭകളും ആബൂനാ കെര്‍ലോസിനെ കാനോനിക പാത്രിയര്‍ക്കീസായി അംഗീകരിക്കുന്നില്ല. ഓഗസ്റ്റ് 5-ന് പുതിയ പാത്രിയര്‍ക്കീസ് 6 മെത്രാന്മാരെ വാഴിച്ചു.

ജൂണ്‍ 13ന് തലസ്ഥാനമായ അസ്മാറായിലെ സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണം നടന്നത്. സഭയിലെ സര്‍ക്കാര്‍ അനുകൂല വിഭാഗം മേയ് 13നാണ് അദ്ദേഹത്തെ സഭാതലവനായി തെരഞ്ഞെടുത്തത്. സഭയുടെ അഞ്ചാമത്തെ പാത്രിയര്‍ക്കീസായി അവകാശപ്പെടുന്നു. 'സിറില്‍' അഥവാ 'കൂറീലോസ്' എന്ന പേരിന്‍റെ പ്രദേശിക രൂപമാണ് 'കെര്‍ലോസ്'.

എഡി 329-330ലാണ് ഇന്നത്തെ എറിത്രിയന്‍ സഭ ഉള്‍പ്പെടുന്ന എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം. പഴയ ഇറ്റാലിയന്‍ കോളനിയായ എറിത്രിയ 1991-ല്‍ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭയുടെ പോപ്പ് ഷെനൗഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറിത്രിയായിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉള്‍ഭരണസ്വാതന്ത്യം നല്‍കുകയും 1994-ല്‍ അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൗഡാ മൂന്നാമന്‍ വാഴിച്ചു. ഇതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.

ആബൂനാ ഫീലിപ്പോസിനെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി. സഭയുടെ മൂന്നാമത്തെ പാത്രിയര്‍ക്കീസായി 2004ല്‍ സ്ഥാനാരോഹണം ചെയ്ത ആബൂനാ അന്തോനിയോസിനെ 2006ല്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ എതിര്‍ത്തതാണ് കാരണം. സര്‍ക്കാര്‍ ഒത്താശയോടെ 2007ല്‍ ആബൂനാ ദീയസ്കോറോസിനെ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിരുന്നില്ല. 2015ല്‍ അദ്ദേഹം കാലം ചെയ്തു. 92-കാരനായ കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ അന്തോനിയോസ് കഴിഞ്ഞ 14 വര്‍ഷമായി വീട്ടുതടവില്‍ തന്നെ കഴിയുന്നതായി ഒസിപി റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രൈസ്തവ ലോകത്തെ സഭാതലവന്മാരില്‍ ഏറ്റവും പ്രായമുള്ള പാത്രിയര്‍ക്കീസാണ് ആബൂനാ അന്തോനിയോസ്.

ഈ സഭ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാകുടുംബത്തില്‍പെടുന്നു. എറിത്രിയായിലെ ജനങ്ങളില്‍ പകുതിയിലധികം - 30 ലക്ഷം - സഭാവിശ്വാസികളാണ്. രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിന്‍റെ ഇടപെടലുകള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സഭയിലെ ഭിന്നിപ്പ് പരിഹാരമില്ലാതെ തുടരുന്നു.

ബഥേല്‍ ന്യൂസ് ബുള്ളറ്റിന്‍ പ്രതിവാര വാര്‍ത്ത (19.08.2021)

Verghis John 9446412907