Tuesday 13 April 2021

നോമ്പുകളിലെ മായല്‍ത്തോ പെരുന്നാള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ



"വലിയ നോമ്പിന്‍റെ ആരംഭം, ശ്ബോത്ത് രണ്ടാം തീയതിക്കും ഓദോര്‍ എട്ടാം തീയതിക്കും ഇടയില്‍ വരുന്ന അമാവാസിയോടു കൂടുതല്‍ അടുത്ത്, അതിനു മുമ്പോ പിമ്പോ വരുന്ന തിങ്കളാഴ്ചയായിരിക്കും" എന്ന് ഹൂദായ കാനോനില്‍ (5:2) പറയുന്നു. ഇപ്പോഴത്തെ രീതിയില്‍ പറയുമ്പോള്‍ ഫെബ്രുവരി രണ്ടിനും മാര്‍ച്ച് എട്ടിനും ഇടയിലായിരിക്കും വലിയ നോമ്പാരംഭം. 

ഈ നിലയ്ക്ക് മായല്‍ത്തോ പെരുന്നാള്‍ (ശ്ബോത്ത്/ഫെബ്രുവരി 2) വലിയ നോമ്പാരംഭമാകാന്‍ വിരളമായ സാദ്ധ്യതയുണ്ട്. ജൂലിയന്‍ കലണ്ടറിലെ 414, 509, 851, 946, 1041, 1383, 1478, 1573, 1915, 2010, 2105 വര്‍ഷങ്ങളിലും ഗ്രിഗോറിയന്‍ കലണ്ടറിലെ 1598, 1693, 1761, 1818, 2285, 2353, 2437, 2505 വര്‍ഷങ്ങളിലും വലിയനോമ്പാരംഭം ഏറ്റവും നേരത്തെയാണ്. ഈ വര്‍ഷങ്ങളില്‍ ഈസ്റ്റര്‍ ഏറ്റവും നേരത്തെ (ഓദോര്‍/മാര്‍ച്ച് 22) വരുന്നു. ജൂലിയന്‍ കലണ്ടറിലെ 604, 1136, 1668 എന്നീ അധിവര്‍ഷങ്ങളില്‍ ഈസ്റ്റര്‍ ഓദോര്‍/മാര്‍ച്ച് 22നാണെങ്കിലും വലിയനോമ്പാരംഭം ശ്ബോത്ത്/ഫെബ്രുവരി മൂന്നിനാണ്. മാര്‍ച്ച് 22ന് ഈസ്റ്റര്‍ വരുന്ന വര്‍ഷങ്ങളില്‍ വചനിപ്പു പെരുന്നാള്‍ ഹേവോറോ ബുധനാഴ്ചയായിരിക്കും. മലങ്കര സുറിയാനി സഭാ പഞ്ചാംഗ പ്രകാരം ഏറ്റവും അവസാനം ഇങ്ങനെ വന്നത് 1915ലും ഇനിയും വരുന്നത് 2285ലും ആണ്.

മായല്‍ത്തോ പെരുന്നാള്‍ പലപ്പോഴും നിനവേ നോമ്പില്‍ വരാറുണ്ട്. മൂന്നു നോമ്പിലെ തിങ്കളാഴ്ച (1881, 1943, 1998, 2004, 2009, 2088, 2093, 2099), ചൊവ്വാഴ്ച (1916, 1927, 1938, 1949, 1971, 1982, 1993, 2066, 2072, 2077), ബുധനാഴ്ച (1900, 1911, 1955, 1966, 1977, 2039, 2050, 2061), മൂന്നുനോമ്പ് വീടുന്ന വ്യാഴാഴ്ച (1884, 1889, 2012, 2023, 2034, 2045) ദിവസങ്ങളില്‍ മായല്‍ത്തോ പെരുന്നാള്‍ വരുന്നു. നീസാന്‍/ഏപ്രില്‍ ഒമ്പതിനും 12നും (അധിവര്‍ഷങ്ങളില്‍ എട്ടിനും 11നും) ഇടയില്‍ ഈസ്റ്റര്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. (ഇവിടെ പറയുന്ന വര്‍ഷങ്ങള്‍ മലങ്കര സുറിയാനി സഭാ പഞ്ചാംഗം അനുസരിച്ചുള്ളതാണ്).

No comments:

Post a Comment