Thursday 10 February 2022

എറിത്രിയന്‍ ഓര്‍ത്തഡോക്സ് തെവാഹെദോ സഭ (Eritrean Orthodox Tewahedo Church)

 

എഡി 329-330-ലാണ് ഇന്നത്തെ എറിത്രിയന്‍ സഭ ഉള്‍പ്പെടുന്ന എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം. പഴയ ഇറ്റാലിയന്‍ കോളനിയായ എറീത്രിയ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ (1993) അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭയുടെ പോപ്പ് ഷെനൗഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറീത്രിയായിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉള്‍ഭരണസ്വാതന്ത്യം നല്‍കുകയും അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും (1994) ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറീത്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൗഡാ മൂന്നാമന്‍ വാഴിച്ചു. ഇതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.

 എറിത്രിയന്‍ സഭയുടെ അഭ്യര്‍ത്ഥന മാനിച്ച് തുടര്‍ന്നുള്ള രണ്ടു പാത്രിയര്‍ക്കീസുമാരുടെയും സ്ഥാനാരോഹണശുശ്രൂഷകളില്‍ (2002, 2004) പോപ്പ് ഷെനൗഡാ തന്നെയാണ് പ്രധാനകാര്‍മ്മികനായിരുന്നത്. ആബാ ഫീലിപ്പോസിനെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി (2002-2003). തുടര്‍ന്ന് 2004ല്‍ പാത്രിയര്‍ക്കീസായ അന്തോനിയോസിനെ 2006ല്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ എതിര്‍ത്തതാണ് കാരണം. 2007ല്‍ ആബൂനാ ദീയസ്കോറോസിനെ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിരുന്നില്ല. 2015ല്‍ അദ്ദേഹം കാലം ചെയ്തു. എറീത്രിയായിലെ ജനങ്ങളില്‍ പകുതിയിലധികം സഭാവിശ്വാസികളാണ്.

 എത്യോപ്യയും എറിത്രിയയും തമ്മില്‍ 17 വര്‍ഷമായി നിലനിന്ന യുദ്ധ സമാന അവസ്ഥ 2018 ജൂലൈ 10ന് സമാധാന കരാറില്‍ ഒപ്പുവച്ചതോടെ അവസാനിച്ചു. എറീത്രിയന്‍ സഭയിലെ ഭിന്നിപ്പ് പരിഹരിക്കുന്നതിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമദ് അലിയും എത്യോപ്യന്‍ സഭയും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. രാജ്യത്തെ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 92-കാരനായ പാത്രിയര്‍ക്കീസ് ഇന്നും വീട്ടുതടവില്‍ തന്നെ കഴിയുന്നു. 2021 ജൂണ്‍ 13ന് ആബൂനാ കെര്‍ലോസ് (കൂറീലോസ് / സിറില്‍) പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ടെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിട്ടില്ല.

Primate :

HH Abune Antonios, Patriarch of Eritrea, Asmara, Eritrea

‘The Sunday School’ (April - June 2021)

Verghis John - 9446412907

No comments:

Post a Comment