Thursday 10 February 2022

കാനോനിക പാത്രിയര്‍ക്കീസ് ജീവിച്ചിരിക്കെ പുതിയ എറിത്രിയന്‍ സഭാതലവന്‍ വാഴിക്കപ്പെട്ടു

എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനായി ആബൂനാ കെര്‍ലോസ് പാത്രിയര്‍ക്കീസ് വാഴിക്കപ്പെട്ടു. കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ അന്തോനിയോസ് ഇന്നും ജീവിച്ചിരിക്കുന്നതിനാല്‍ കോപ്റ്റിക് സഭയും മറ്റ് ഓര്‍ത്തഡോക്സ് സഭകളും ആബൂനാ കെര്‍ലോസിനെ കാനോനിക പാത്രിയര്‍ക്കീസായി അംഗീകരിക്കുന്നില്ല. ഓഗസ്റ്റ് 5-ന് പുതിയ പാത്രിയര്‍ക്കീസ് 6 മെത്രാന്മാരെ വാഴിച്ചു.

ജൂണ്‍ 13ന് തലസ്ഥാനമായ അസ്മാറായിലെ സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണം നടന്നത്. സഭയിലെ സര്‍ക്കാര്‍ അനുകൂല വിഭാഗം മേയ് 13നാണ് അദ്ദേഹത്തെ സഭാതലവനായി തെരഞ്ഞെടുത്തത്. സഭയുടെ അഞ്ചാമത്തെ പാത്രിയര്‍ക്കീസായി അവകാശപ്പെടുന്നു. 'സിറില്‍' അഥവാ 'കൂറീലോസ്' എന്ന പേരിന്‍റെ പ്രദേശിക രൂപമാണ് 'കെര്‍ലോസ്'.

എഡി 329-330ലാണ് ഇന്നത്തെ എറിത്രിയന്‍ സഭ ഉള്‍പ്പെടുന്ന എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം. പഴയ ഇറ്റാലിയന്‍ കോളനിയായ എറിത്രിയ 1991-ല്‍ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭയുടെ പോപ്പ് ഷെനൗഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറിത്രിയായിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉള്‍ഭരണസ്വാതന്ത്യം നല്‍കുകയും 1994-ല്‍ അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൗഡാ മൂന്നാമന്‍ വാഴിച്ചു. ഇതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.

ആബൂനാ ഫീലിപ്പോസിനെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി. സഭയുടെ മൂന്നാമത്തെ പാത്രിയര്‍ക്കീസായി 2004ല്‍ സ്ഥാനാരോഹണം ചെയ്ത ആബൂനാ അന്തോനിയോസിനെ 2006ല്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ എതിര്‍ത്തതാണ് കാരണം. സര്‍ക്കാര്‍ ഒത്താശയോടെ 2007ല്‍ ആബൂനാ ദീയസ്കോറോസിനെ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിരുന്നില്ല. 2015ല്‍ അദ്ദേഹം കാലം ചെയ്തു. 92-കാരനായ കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ അന്തോനിയോസ് കഴിഞ്ഞ 14 വര്‍ഷമായി വീട്ടുതടവില്‍ തന്നെ കഴിയുന്നതായി ഒസിപി റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രൈസ്തവ ലോകത്തെ സഭാതലവന്മാരില്‍ ഏറ്റവും പ്രായമുള്ള പാത്രിയര്‍ക്കീസാണ് ആബൂനാ അന്തോനിയോസ്.

ഈ സഭ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാകുടുംബത്തില്‍പെടുന്നു. എറിത്രിയായിലെ ജനങ്ങളില്‍ പകുതിയിലധികം - 30 ലക്ഷം - സഭാവിശ്വാസികളാണ്. രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിന്‍റെ ഇടപെടലുകള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സഭയിലെ ഭിന്നിപ്പ് പരിഹാരമില്ലാതെ തുടരുന്നു.

ബഥേല്‍ ന്യൂസ് ബുള്ളറ്റിന്‍ പ്രതിവാര വാര്‍ത്ത (19.08.2021)

Verghis John 9446412907

No comments:

Post a Comment