Wednesday 19 July 2023

19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്


 

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്.  അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ്  കെ.എം. മാണിയെ (18,728 ദിവസം / 51 വർഷം 3 മാസം 10 ദിവസം) മറിക‌ടന്ന് ഉമ്മൻ ചാണ്ടി ഈ ബഹുമതി കൈവരിച്ചത്. ഓരോ നിയമസഭയും രൂപീകരിച്ചതും പിരിച്ചുവിട്ടതുമായ തീയതികളെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ചു.  ഇതിലും കൂടുതൽ കാലം എംഎൽഎ ആയിരുന്നത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി (56 വർഷം, 13 തവണ) മാത്രമാണ്.

കേരളത്തിലെ ഒന്നാം പൊതുതിരഞ്ഞെടുപ്പു മുതലുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു  നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ.ആർ. ഗൗരിയമ്മ (15544 ദിവസം), പി.ജെ. ജോസഫ് (2023 ജൂലൈ 18 വരെ 15422 ദിവസം),  േബബി ജോൺ (15184), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്. ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരു–കൊച്ചി നിയമസഭയിലുമുണ്ടായിരുന്നത് ഉൾപ്പെടുത്തിയുള്ള കണക്കാണിത്.

മുഖ്യമന്ത്രിമാരിൽ 5–ാം സ്ഥാനം

രണ്ടു തവണയായി 2459 ദിവസം (6 വർഷം 8 മാസം 25 ദിവസം) കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ആദ്യ തവണ 625 ദിവസവും (31.08.2004 – 18.05.2006) രണ്ടാം തവണ 1834 ദിവസവും (18.05.2011 – 25.05.2016) ആണ് മുഖ്യമന്ത്രിയായിരുന്നത്. ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് 5–ാം സ്ഥാനമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്. മൂന്നു തവണയായി 4009 ദിവസം. കെ. കരുണാകരൻ (നാലു തവണ; 3246 ദിവസം), സി. അച്യുതമേനോൻ (രണ്ടു തവണ; 2640 ദിവസം), പിണറായി വിജയൻ (രണ്ടു തവണ) എന്നിവർക്കാണ് അടുത്ത സ്‌ഥാനങ്ങൾ. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്നത്  പിണറായി വിജയൻ ആണ്.

മന്ത്രിസഭകളിൽ 2–ാം സ്ഥാനം

അടിയന്തിരാവസ്‌ഥകാലത്ത് ആയുസു നീട്ടിക്കിട്ടിയ രണ്ടാം അച്യുതമേനോൻ മന്ത്രിസഭ (1970 ഒക്‌ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം / 6 വർഷം 5 മാസം 21 ദിവസം)  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നത് രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. 2011 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത ഉമ്മൻ ചാണ്ടി മന്ത്രിസഭ 1829 ദിവസം പിന്നിട്ട് 2016 മേയ് 20ന് രാജിവച്ചെങ്കിലും 25 വരെ കാവൽ മന്ത്രിസഭയായി തുടർന്നു – ആകെ 1834 ദിവസം (5 വർഷം 7 ദിവസം). അച്യുതാനന്ദൻ  മന്ത്രിസഭയ്ക്കാണ് (2006 മേയ് 18 – 2011 മേയ് 18; 1826 ദിവസം) അടുത്ത സ്ഥാനം. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഇതുവരെ അധികാരത്തിൽ വന്ന 23 മന്ത്രിസഭകളിൽ ഈ മൂന്നു മന്ത്രിസഭകൾക്കു മാത്രമാണ് കൃത്യമായി 5 വർഷം പൂർത്തിയാക്കാൻ അവസരം ലഭിച്ചത്. ഇ.കെ. നായനാരുടെ മൂന്നാം (1996 മേയ് 20 – 2001 മേയ് 17) മന്ത്രിസഭയ്‌ക്കാണ് ഇക്കാര്യത്തിൽ നാലാം സ്‌ഥാനം (1823 ദിവസം).

മന്ത്രിമാരിൽ 10–ാം സ്ഥാനം

നാല് മന്ത്രിസഭകളിൽ 1731 ദിവസം (4 വർഷം 8 മാസം 27 ദിവസം) ഉമ്മൻ ചാണ്ടി അംഗമായിരുന്നു. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (11.04.1977 – 27.04.1977, 16 ദിവസം) ഒന്നാം ആന്റണി മന്ത്രിസഭയിലും (27.04.1977 – 29.10.1978, 550 ദിവസം) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (28.12.1981 –17.03.1982, 79 ദിവസം) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (02.07.1991 – 22.06.1994, 1086 ദിവസം) പ്രവർത്തിച്ചു.

ഇതുവരെയുള്ള 227 മന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയ്ക്ക് (4190 ദിവസം / 11 വർഷം 5 മാസം 21 ദിവസം) 10–ാം സ്ഥാനമാണ്. മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കാലം (8759 ദിവസം) മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് കെ.എം. മാണിക്കാണ്. പി.ജെ. ജോസഫ് (6105), ബേബി ജോൺ (6061), കെ.ആർ. ഗൗരിയമ്മ (5824), കെ. കരുണാകരന്‍ (5254), കെ. അവുക്കാദർകുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആർ. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് മുമ്പിൽ.

പ്രതിപക്ഷ നേതാവും സഭാനേതാവും

12–ാം നിയമസഭയിൽ (25.05.2006 – 14.05.2011, 1815 ദിവസം) പ്രതിപക്ഷ നേതാവായി. ആകെയുള്ള 11 പ്രതിപക്ഷനേതാക്കളിൽ 5–ാം സ്ഥാനമുണ്ട്. വി.എസ്. അച്യുതാനന്ദൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരൻ, ഇ.കെ. നായനാർ എന്നിവരാണ് മുൻനിരയിൽ.

ഒരു തവണ നിയമസഭാനേതാവിന്റെ (29.06.1992 – 18.07.1992, 19 ദിവസം, 9–ാം നിയമസഭ) താൽക്കാലിക ചുമതല വഹിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാലത്താണ് ധനമന്ത്രിയായിരുന്ന അദ്ദേഹം ഈ ചുമതല നിർവഹിച്ചത്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം നേതൃസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

No comments:

Post a Comment