Sunday 4 August 2019

ചാത്തുണ്ണി മാസ്റ്റര്‍ : രാജ്യസഭാതെരഞ്ഞെടുപ്പിലെ അപൂര്‍വ വിജയി

രണ്ടു തവണ കേരളനിയമസഭയില്‍ അംഗമായിരുന്ന കെ. ചാത്തുണ്ണി മാസ്റ്റര്‍ ഒരു തവണ രാജ്യസഭയിലും അംഗമായി. ബേപ്പൂര്‍ നിയമസഭാ നിയോജകമണ്ഡലത്തില്‍ നിന്നാണ് മൂന്നാമത്തെയും (1967 - 1970) നാലാമത്തെയും (1970 - 1977) കേരള നിയമസഭകളില്‍ അദ്ദേഹം അംഗമായത്. 1965 മാര്‍ച്ച് 4-നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കന്നിവിജയമെങ്കിലും നിയമസഭ സമ്മേളിക്കാതെ പിരിച്ചുവിട്ടതിനാല്‍  അദ്ദേഹം എംഎല്‍എ ആയില്ല. 1977ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 
1979 ഏപ്രില്‍ 22 മുതല്‍ 1985 ഏപ്രില്‍ 21 വരെയാണ് അദ്ദേഹം രാജ്യസഭയില്‍ അംഗമായത്. എംപിയായി സത്യപ്രതിജ്ഞ ചെയ്തത് 1979 ഏപ്രില്‍ 24നായിരുന്നു. ഹമീദ്അലി ഷംനാദ് (മുസ്ലീം ലീഗ്), പി.കെ. കുഞ്ഞച്ചന്‍ (സിപിഐഎം), തലേക്കുന്നില്‍ ബഷീര്‍ (കോണ്‍ഗ്രസ്) എന്നിവര്‍ 1979 ഏപ്രില്‍ 21ന് വിരമിക്കുന്ന ഒഴിവിലേക്ക് 1979 ഏപ്രില്‍ 9-നു നടന്ന രാജ്യസഭാതെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിച്ചു വിജയിച്ചത്. ചാത്തുണ്ണി മാസ്റ്റര്‍ക്കു വേണ്ടി മാര്‍ച്ച് 21ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ടി.കെ. രാമകൃഷ്ണനും എം.വി. രാഘവനുമാണ് പേരു നിര്‍ദേശിച്ചത്. അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങളായിരുന്നു സമ്മതിദായകര്‍. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ നിയമസഭയും രാജ്യസഭാതെരഞ്ഞെടുപ്പും ആയിരുന്നു ഇത്.

സംഭവബഹുലമായിരുന്നു 1977 മാര്‍ച്ച് 22 നു രൂപവല്‍ക്കരിക്കപ്പെട്ട അഞ്ചാം കേരള നിയമസഭ. ഭരണസ്ഥിരതയില്ലായ്മ ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന കാലഘട്ടമായിരുന്നു ഇത്. വിഭിന്ന കാരണങ്ങളാല്‍ സംഭവിച്ച നാലു ഹൃസ്വകാല മന്ത്രിസഭകളുടെ പിറവിയും പതനവും കക്ഷിബന്ധങ്ങള്‍ മാറിമറിഞ്ഞതും ഈ നിയമസഭ കണ്ടു. രണ്ടു വര്‍ഷം 8 മാസം 8 ദിവസം മാത്രം ആയുസുണ്ടായിരുന്ന ഈ നിയമസഭയുടെ കാലത്ത് കെ. കരുണാകരന്‍ (25.03.1977 - 25.04.1977), എ.കെ. ആന്‍റണി (27.04.1977 - 27.10.1978), പി.കെ. വാസുദേവന്‍ നായര്‍ (29.10.1978 - 07.10.1979), സി.എച്ച്. മുഹമ്മദ്കോയ (12.10.1979 - 01.12.1979) എന്നിവര്‍ മുഖ്യമന്ത്രിമാരായി. ഒരു നിയമസഭയില്‍ നിലവിലുണ്ടായിരുന്ന പ്രതിപക്ഷത്തിന്‍റെ രൂപഭാവങ്ങളില്‍ പൊടുന്നനെ മാറ്റമുണ്ടാകുന്ന അപൂര്‍വ പ്രതിഭാസം ഈ നിയമസഭയിലുണ്ടായി. 1978ല്‍ കോണ്‍ഗ്രസില്‍ നിന്നു പിളര്‍ന്നു മാറി രൂപം കൊണ്ട ഇന്ദിരാ കോണ്‍ഗ്രസ് മറ്റു കക്ഷി ബന്ധങ്ങളിലൊന്നും ഏര്‍പ്പെടാതെ പ്രതിപക്ഷത്തേക്ക് മാറുകയും വൈകാതെ ഇ.എം.എസ്. നമ്പൂതിരിപ്പാടിനു പകരം കെ. കരുണാകരന്‍ പ്രതിപക്ഷനേതാവ് ആകുകയും ചെയ്തു.

1977 മാര്‍ച്ച് 19 നു നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഈ നിയമസഭയുടെ പ്രാരംഭ കക്ഷിനില ഇപ്രകാരമായിരുന്നു. ഐക്യമുന്നണി : കോണ്‍ഗ്രസ് - 38, സിപിഐ - 23, കേരളാ കോണ്‍ഗ്രസ് - 20, മുസ്ലീം ലീഗ് - 13, ആര്‍എസ്പി - 9, എന്‍ഡിപി - 5, പിഎസ്പി - 3 (ആകെ - 111); പ്രതിപക്ഷമുന്നണി : സിപിഐഎം - 17, ജനതാപാര്‍ട്ടി - 6, ആള്‍ ഇന്ത്യാ മുസ്ലീം ലീഗ് - 3, കേരളാ കോണ്‍ഗ്രസ് (പിള്ള) - 2, സ്വതന്ത്രന്‍ - 1 (ആകെ - 29).

രാജ്യസഭാതെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്‍റെ അവസാനദിവസത്തെ (1979 മാര്‍ച്ച് 23) സ്ഥിതിയനുസരിച്ചുള്ള കക്ഷി നില ഇപ്രകാരമായിരുന്നു. ഐക്യമുന്നണി : സിപിഐ - 22, കോണ്‍ഗ്രസ് - 19, കേരളാ കോണ്‍ഗ്രസ് - 19, മുസ്ലീം ലീഗ് - 12, ആര്‍എസ്പി - 9, പിഎസ്പി - 2 (ആകെ - 83); പ്രതിപക്ഷമുന്നണി : സിപിഐഎം - 17, ജനതാപാര്‍ട്ടി - 9, ആള്‍ ഇന്ത്യാ മുസ്ലീം ലീഗ് - 3 (ആകെ - 29); മറ്റുള്ളവര്‍: കോണ്‍ഗ്രസ് (ഐ) - 19, എന്‍ഡിപി (കിടങ്ങൂര്‍) - 2, എന്‍ഡിപി (ചാത്തന്നൂര്‍) - 2 (ആകെ - 23). ഒഴിവുകള്‍ - 5.

1977ലെ കക്ഷിനില വച്ചു നോക്കിയാല്‍ ഭരണകക്ഷിയ്ക്ക് മൂന്നു പേരെയും വിജയിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി. 1979ലെ സ്ഥിതിയില്‍ ഭരണകക്ഷിയ്ക്ക് രണ്ടു പേരെ തെരഞ്ഞെടുക്കാം; പ്രതിപക്ഷം ഒരുമിച്ചു നിന്നാല്‍ ഒരാളെ തെരഞ്ഞെടുക്കാം. ഇവിടെ പ്രതിപക്ഷം ഭിന്നിച്ചു നില്‍ക്കുകയാണ്. അന്നത്തെ നിലയില്‍ 34 ഒന്നാം വോട്ട് കിട്ടുന്നവര്‍ ഒന്നാം റൗണ്ടില്‍ വിജയിക്കും. ഈ അവസ്ഥയില്‍ ഭരണകക്ഷി സിപിഐഎം-നെ സഹായിക്കാന്‍ തയ്യാറായി. അവരുടെ രണ്ടാം വോട്ട് സിപിഐഎം സ്ഥാനാര്‍ത്ഥിയ്ക്കു നല്‍കാന്‍ തീരുമാനിച്ചു.

കെ. ചാത്തുണ്ണി മാസ്റ്റര്‍ (സിപിഐഎം), തലേക്കുന്നില്‍ ബഷീര്‍ (കോണ്‍ഗ്രസ്), എം.എം. ജേക്കബ് (കോണ്‍ഗ്രസ് ഐ), കെ.സി. സെബാസ്റ്റ്യന്‍ (കേരളാ കോണ്‍ഗ്രസ്), കെ.പി. രാമചന്ദ്രന്‍ നായര്‍ (എന്‍ഡിപി കിടങ്ങൂര്‍), ലീലാ മേനോന്‍ (എന്‍ഡിപി ചാത്തന്നൂര്‍) എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ ലീലാ മേനോന്‍ തലേന്ന് മത്സരരംഗത്തു നിന്നു പിന്മാറി ഭരണകക്ഷിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ പത്രിക സമര്‍പ്പിച്ച എ. നഫീസത്ത്ബീവി (കോണ്‍ഗ്രസ് ഐ) യഥാസമയത്ത് പിന്മാറിയിരുന്നു.

1979 ഏപ്രില്‍ 9നു നടന്ന വോട്ടെടുപ്പില്‍ സ്പീക്കര്‍ വോട്ടുചെയ്തില്ല. 134 വോട്ടു രേഖപ്പെടുത്തിയതില്‍ ബഷീറിനുള്ള ഒരു വോട്ട് അസാധുവായി. ആദ്യ റൗണ്ടില്‍ കെ.സി. സെബാസ്റ്റ്യന്‍ - 42, തലേക്കുന്നില്‍ ബഷീര്‍ - 40, കെ. ചാത്തുണ്ണി മാസ്റ്റര്‍ - 29, എം.എം. ജേക്കബ് - 20, കെ.പി. രാമചന്ദ്രന്‍ നായര്‍ - 2, ലീലാ മേനോന്‍ - 0 എന്നിങ്ങനെയായിരുന്നു വോട്ടു നില. ആദ്യത്തെ രണ്ടു പേര്‍ ആദ്യ റൗണ്ടില്‍ തന്നെ വിജയിച്ചു.

ഒരു വോട്ടിന്‍റെ മൂല്യം 100 ആയിട്ടാണ് കണക്കാക്കുന്നത്. ഇവിടെ സാധുവായ വോട്ടുകള്‍ 133 ആയതിനാല്‍ ജയിക്കാന്‍ ആവശ്യമായ ക്വോട്ടാ 3326. സെബാസ്റ്റ്യന്‍റെ രണ്ടാം വോട്ടുകളില്‍ 40 എണ്ണം ചാത്തുണ്ണി മാസ്റ്റര്‍ക്കും ഒരെണ്ണം ബഷീറിനും ഒരെണ്ണം ജേക്കബിനും ലഭിച്ചു. 40 രണ്ടാം വോട്ടുകളുടെ മൂല്യം (852)  കൂടിയായപ്പോള്‍ ചാത്തുണ്ണി മാസ്റ്റര്‍ക്കു മൊത്തം ലഭിച്ച വോട്ടുകളുടെ മൂല്യം 2900 + 852 = 3752 ആയി. അങ്ങനെ രണ്ടാം റൗണ്ടില്‍ അദ്ദേഹം വിജയിച്ചു.

ഭരണമുന്നണിയ്ക്ക് 3 വോട്ട് കുറഞ്ഞതായി കാണാം. സെബാസ്റ്റ്യന്‍ 44, ബഷീര്‍ 41, ചാത്തുണ്ണി മാസ്റ്റര്‍ 29, ജേക്കബ് 19, രാമചന്ദ്രന്‍ നായര്‍ 2 - ഇങ്ങനെയായിരുന്നു പ്രതീക്ഷ. സ്പീക്കര്‍ വോട്ടു ചെയ്തില്ല. ബഷീറിനുള്ള ഒരു വോട്ട് അസാധുവായി. സെബാസ്റ്റ്യനു പ്രതീക്ഷിച്ച ഒരു വോട്ട് ജേക്കബിനു ലഭിച്ചു.
1960 മാര്‍ച്ച് 24നു നടന്ന രാജ്യസഭാതെരഞ്ഞെടുപ്പില്‍ കെ. മാധവമേനോന്‍റെ (കോണ്‍ഗ്രസ്) വിജയം നിര്‍ണ്ണയിക്കുന്നതിന് കൂടുതല്‍ റൗണ്ട് വോട്ടെണ്ണല്‍ ആവശ്യമായി വന്നു. ജോസഫ് മാത്തന്‍ (കോണ്‍ഗ്രസ്) - 32, ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്ലീം ലീഗ്) - 32, കെ. സദാനന്ദന്‍ (സിപിഐ) - 31, കെ. മാധവമേനോന്‍ (കോണ്‍ഗ്രസ്) - 30 എന്നിങ്ങനെയായിരുന്നു ഓരോ സ്ഥാനാര്‍ത്ഥിയ്ക്കും ലഭിച്ച ഒന്നാം വോട്ട്. അന്ന് രേഖപ്പെടുത്തിയ 126 വോട്ടുകളില്‍ സാധുവായത് 125 വോട്ടായതിനാല്‍ ജയിക്കാന്‍ ആവശ്യമായ ക്വോട്ടാ 31.26 ആയിരുന്നു. അതുകൊണ്ട് ആദ്യ റൗണ്ടില്‍ തന്നെ ആദ്യത്തെ രണ്ടു പേര്‍ വിജയിച്ചു. ജയിച്ചവരുടെ രണ്ടും മൂന്നും വോട്ടുകള്‍ കൂടി കണക്കിലെടുത്തപ്പോള്‍ സദാനന്ദന്‍റെ വോട്ടില്‍ മാറ്റമുണ്ടായില്ല. മാധവമേനോന് 31.48 വോട്ട് ലഭിച്ചതിനാല്‍ അദ്ദേഹം വിജയിച്ചു. (ഒരു വോട്ടിന്‍റെ മൂല്യം 'ഒന്ന്' ആയിട്ടാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്).

സംസ്ഥാന രൂപീകരണ (1956) ശേഷം ഈ രണ്ടു തവണ മാത്രമാണ് ഇപ്രകാരം സംഭവിച്ചിട്ടുള്ളത്. അതേസമയം തിരുവിതാംകൂര്‍ - കൊച്ചിയില്‍ മൂന്നു പേരുടെയെങ്കിലും വിജയം നിര്‍ണ്ണയിക്കുന്നതിന് കൂടുതല്‍ റൗണ്ട് വോട്ടെണ്ണല്‍ വേണ്ടിവന്നിട്ടുണ്ട്.

വോട്ടെടുപ്പു നടന്ന അവസരങ്ങളില്‍, ഭരണകക്ഷിയുടെ സഹായത്തോടെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച സംഭവവും കേരളത്തിന്‍റെ രാജ്യസഭാതെരഞ്ഞെടുപ്പു ചരിത്രത്തില്‍ വേറെയുള്ളതായി അറിവില്ല. എതിരില്ലാതെയുള്ള തെരഞ്ഞെടുപ്പ് പലവട്ടം നടന്നിട്ടുണ്ട്.

അങ്ങനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വമായ, വിരളമായ ബഹുമതിയ്ക്ക് ഉടമയാണ് കെ. ചാത്തുണ്ണി മാസ്റ്റര്‍.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
മലയാള മനോരമയില്‍ എഡിറ്റോറിയല്‍ വിഭാഗം ചീഫ് റിസേര്‍ച്ചര്‍

വിലാസം
വര്‍ഗീസ് ജോണ്‍, കൊട്ടയ്ക്കാട്ട് പുല്ലാടിയില്‍, തോട്ടപ്പുഴ, ഇരവിപേരൂര്‍ (പിഒ), തിരുവല്ലാ - 689542. ഫോണ്‍ - 9446412907

No comments:

Post a Comment