എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സഹതലവന്‍ ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് (84) കാലം ചെയ്തു. എത്യോപ്യന്‍ സഭയിലെ രണ്ടു പാത്രിയര്‍ക്കീസുമാരില്‍ ഒരാളായിരുന്നു. ഇരു പാത്രിയര്‍ക്കീസുമാരും സഭാ തലവന്മാരായിരുന്നെങ്കിലും ഭരണച്ചുമതല ആബൂനാ മത്ഥിയാസ് നിര്‍വഹിച്ചു വരികയായിരുന്നു.
Wednesday, 9 March 2022
എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് കാലം ചെയ്തു
Monday, 28 February 2022
എപ്പിസ്കോപ്പല്‍ നാമങ്ങള്‍: അന്തീമോസും യൂലിയോസും പരിഗണിക്കണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ
കോട്ടയം ഇടവഴീയ്ക്കല്‍ ഫീലിപ്പോസ് കോര്‍എപ്പിസ്കോപ്പ സുറിയാനിയില്‍ തയ്യാറാക്കിയ 'യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം' എന്ന ഗ്രന്ഥത്തില്‍ മലങ്കരസഭയുടെ വിശ്വാസം, ആചാരം, ചരിത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യോത്തര രൂപത്തില്‍ വിശദീകരിക്കുന്നു. മലങ്കര നസ്രാണികളാല്‍ വിരചിക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണെന്നു ഇതിനെക്കുറിച്ചു പറയാം. ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ 1869ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) തയ്യാറാക്കിയ മലയാള പരിഭാഷ 1879ല്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ശ്രീ. ഇ.എ. ഫിലിപ്പ് ആണ് വിവരങ്ങള്‍ തന്നു സഹായിച്ചത്.
മേല്‍പ്പട്ടക്കാരെ വാഴിക്കുമ്പോള്‍ സ്വന്തനാമം കൂടാതെ നല്‍കുന്ന എപ്പിസ്കോപ്പല്‍ നാമങ്ങളെപ്പറ്റി ഈ ഗ്രന്ഥത്തില്‍ പറയുന്ന വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്.
ചോദ്യം - മേല്പട്ടക്കാര്‍ക്കു സ്വന്തനാമം കൂടാതെ വിശേഷാല്‍ പേരുകള്‍ കൊടുക്കുന്നുണ്ടൊ?
ഉത്തരം - ശുദ്ധമുള്ള പത്രോസ് ശ്ലീഹായുടെ മരണശേഷം അന്ത്യോഖ്യാസിംഹാസനത്തിലേക്കു നിയമിക്കപ്പെട്ട മേല്പട്ടക്കാരന്‍ മിശിഹാകര്‍ത്താവു കൈയ്യില്‍ എടുത്തു അനുഗ്രഹിച്ച പൈതലും (വി.മത്തായി 18:2; വി.മര്‍ക്കോസ്. 9:36) പിന്നീടു മാര്‍ യോഹന്നാന്‍ ഏവന്‍ഗേലീസ്ഥായുടെ ശിഷ്യനുമായിരുന്ന ഇഗ്നാത്തിയോസ് പരിശുദ്ധനായിരുന്നതിനാല്‍ ആ നാമപ്രകാരം അന്ത്യോഖ്യായിലെ എല്ലാ പാത്രീയര്‍ക്കീസന്മാരെയും മാര്‍ ഇഗ്നാത്തിയോസ് എന്നു വിളിച്ചുവരുന്നു. മപ്രിയനാ ആയി വാഴിക്കപ്പെടുന്നവര്‍ക്കു ബസേലിയോസ് എന്നും ഊര്‍ശ്ലേമിലെ മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുന്നവര്‍ക്കു ഗ്രീഗോറിയോസ് എന്നും പേര്‍ കൊടുക്കുന്നു. മറ്റുള്ള മെത്രാന്മാര്‍ക്കു പാത്രീയര്‍ക്കീസിന്‍റെ ഇഷ്ടം പോലെ താഴെ പറയുന്ന പന്ത്രണ്ടു നാമങ്ങളില്‍ ഓരോന്നു കല്പിച്ചു കൊടുക്കുന്നു.
(1) സേവേറിയോസ്, (2) ദീയസ്ക്കോറോസ്, (3) അത്താനാസ്യോസ്, (4) ദീവന്നാസ്യോസ്, (5) തീമോത്തിയോസ്, (6) ഒസ്താത്യോസ്, (7) യൂലിയോസ്, (8) പീലക്സീനോസ്, (9) അന്തീമോസ്, (10) ക്ലീമ്മീസ്, (11) കൂറിലോസ്, (12) ഈവാനിയോസ്.
ചോദ്യം - ഈ സ്ഥാനങ്ങളും പേരുകളും കൊടുക്കപ്പെടുന്നത് ഏതു സമയത്താകുന്നു?
ഉത്തരം - പട്ടത്വത്തിനു അടുത്ത എല്ലാ സ്ഥാനമാനങ്ങളും പേരുകളും കുര്‍ബ്ബാന സമയത്തു അത്രെ കൊടുക്കുന്നത്.
ചോദ്യം - ഊര്‍ശ്ലേമിലെ മേല്പട്ടക്കാരന്, ശേഷം മേല്പട്ടക്കാരെക്കാള്‍ സ്ഥാനത്തിലൊ അധികാരത്തിലൊ വല്ല വലിപ്പവുമുണ്ടൊ?
ഉത്തരം - സ്ഥാനത്തിലും അധികാരത്തിലും യാതൊരു വലിപ്പവുമില്ല. എങ്കിലും ശുദ്ധമുള്ള പട്ടണത്തിന്‍റെ മെത്രാപ്പോലീത്താ ആകകൊണ്ട് പൊതുവിലെ മേല്പട്ടക്കാരനും ശ്രേഷ്ടനുമെന്നു വിചാരിക്കപ്പെടുന്നതു കൂടാതെ അഞ്ചാം പാത്രിയര്‍ക്കീസ് എന്നു പേര്‍ പറകകൂടി ചെയ്യുന്നു.
മുകളില്‍ പറയുന്ന 12 പേരുകളില്‍ "മാര്‍ അന്തീമോസ്" എന്ന പേര് മലങ്കര സഭയില്‍ ആര്‍ക്കും നല്‍കിയിട്ടില്ല. അന്ത്യോഖ്യന്‍ സഭയിലും അടുത്ത കാലത്ത് ആര്‍ക്കും നല്‍കിയതായി അറിവില്ല. അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന അന്തീമോസ് (Anthimos / Anthimus AD 535 - 536) കോണ്‍സ്റ്റാന്‍റീനോപ്പിളിലെ 54-ാമത്തെ പാത്രിയര്‍ക്കീസായിരുന്നു.(മലങ്കര സഭാ വിജ്ഞാനകോശം പേജ് 25, 26 കാണുക)
കോനാട്ട് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (1876 - 1884), അല്‍വാറീസ് മാര്‍ യൂലിയോസ് (1889 - 1923) എന്നിവര്‍ക്കു ശേഷം "മാര്‍ യൂലിയോസ്" എന്ന പേര് മലങ്കരസഭയില്‍ ആര്‍ക്കും നല്‍കിയിട്ടില്ല. യാക്കോബായ വിഭാഗത്തില്‍ അന്ത്യോഖ്യന്‍ പ്രതിനിധി ഏലിയാസ് മാര്‍ യൂലിയോസ് (1923 - 1962), യാക്കോബ് മാര്‍ യൂലിയോസ് (1975 - 1992), കുറിയാക്കോസ് മാര്‍ യൂലിയോസ് (1998 -), സീറോ-മലങ്കര റീത്തില്‍ ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവരുണ്ട്. അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന യൂലിയോസ് റോമിലെ 35-ാമത്തെ എപ്പിസ്കോപ്പാ (Pope Julius I AD 337 - 352) ആയിരുന്നു. അദ്ദേഹത്തിന്‍റെ വകയായ ഒരു കുര്‍ബാനക്രമം നമ്മുടെ തക്സായിലുണ്ട്.
മലങ്കര സഭയില്‍ 2010 മേയ് 12-ന് ഏഴു മേല്‍പ്പട്ടക്കാരെ വാഴിക്കുമ്പോള്‍ രണ്ടു പേര്‍ക്ക് അന്തീമോസ്, യൂലിയോസ് എന്നീ പേരുകള്‍ നല്‍കുന്നതു ഉചിതമാണെന്നു കരുതുന്നു.
23-4-2010
Thursday, 10 February 2022
എറിത്രിയന്‍ ഓര്‍ത്തഡോക്സ് തെവാഹെദോ സഭ (Eritrean Orthodox Tewahedo Church)
എഡി 329-330-ലാണ് ഇന്നത്തെ എറിത്രിയന്‍ സഭ ഉള്‍പ്പെടുന്ന എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം. പഴയ ഇറ്റാലിയന്‍ കോളനിയായ എറീത്രിയ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ (1993) അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭയുടെ പോപ്പ് ഷെനൗഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറീത്രിയായിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉള്‍ഭരണസ്വാതന്ത്യം നല്‍കുകയും അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും (1994) ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറീത്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൗഡാ മൂന്നാമന്‍ വാഴിച്ചു. ഇതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.
എറിത്രിയന്‍ സഭയുടെ അഭ്യര്‍ത്ഥന മാനിച്ച് തുടര്‍ന്നുള്ള രണ്ടു പാത്രിയര്‍ക്കീസുമാരുടെയും സ്ഥാനാരോഹണശുശ്രൂഷകളില്‍ (2002, 2004) പോപ്പ് ഷെനൗഡാ തന്നെയാണ് പ്രധാനകാര്‍മ്മികനായിരുന്നത്. ആബാ ഫീലിപ്പോസിനെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി (2002-2003). തുടര്‍ന്ന് 2004ല്‍ പാത്രിയര്‍ക്കീസായ അന്തോനിയോസിനെ 2006ല്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ എതിര്‍ത്തതാണ് കാരണം. 2007ല്‍ ആബൂനാ ദീയസ്കോറോസിനെ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിരുന്നില്ല. 2015ല്‍ അദ്ദേഹം കാലം ചെയ്തു. എറീത്രിയായിലെ ജനങ്ങളില്‍ പകുതിയിലധികം സഭാവിശ്വാസികളാണ്.
എത്യോപ്യയും എറിത്രിയയും തമ്മില്‍ 17 വര്‍ഷമായി നിലനിന്ന യുദ്ധ സമാന അവസ്ഥ 2018 ജൂലൈ 10ന് സമാധാന കരാറില്‍ ഒപ്പുവച്ചതോടെ അവസാനിച്ചു. എറീത്രിയന്‍ സഭയിലെ ഭിന്നിപ്പ് പരിഹരിക്കുന്നതിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമദ് അലിയും എത്യോപ്യന്‍ സഭയും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. രാജ്യത്തെ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 92-കാരനായ പാത്രിയര്‍ക്കീസ് ഇന്നും വീട്ടുതടവില്‍ തന്നെ കഴിയുന്നു. 2021 ജൂണ്‍ 13ന് ആബൂനാ കെര്‍ലോസ് (കൂറീലോസ് / സിറില്‍) പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ടെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിട്ടില്ല.
Primate :
HH Abune Antonios, Patriarch of Eritrea, Asmara, Eritrea
‘The Sunday School’ (April - June 2021)
Verghis John - 9446412907
കാനോനിക പാത്രിയര്‍ക്കീസ് ജീവിച്ചിരിക്കെ പുതിയ എറിത്രിയന്‍ സഭാതലവന്‍ വാഴിക്കപ്പെട്ടു
എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനായി ആബൂനാ കെര്‍ലോസ് പാത്രിയര്‍ക്കീസ് വാഴിക്കപ്പെട്ടു. കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ അന്തോനിയോസ് ഇന്നും ജീവിച്ചിരിക്കുന്നതിനാല്‍ കോപ്റ്റിക് സഭയും മറ്റ് ഓര്‍ത്തഡോക്സ് സഭകളും ആബൂനാ കെര്‍ലോസിനെ കാനോനിക പാത്രിയര്‍ക്കീസായി അംഗീകരിക്കുന്നില്ല. ഓഗസ്റ്റ് 5-ന് പുതിയ പാത്രിയര്‍ക്കീസ് 6 മെത്രാന്മാരെ വാഴിച്ചു.
ജൂണ്‍ 13ന് തലസ്ഥാനമായ അസ്മാറായിലെ സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണം നടന്നത്. സഭയിലെ സര്‍ക്കാര്‍ അനുകൂല വിഭാഗം മേയ് 13നാണ് അദ്ദേഹത്തെ സഭാതലവനായി തെരഞ്ഞെടുത്തത്. സഭയുടെ അഞ്ചാമത്തെ പാത്രിയര്‍ക്കീസായി അവകാശപ്പെടുന്നു. 'സിറില്‍' അഥവാ 'കൂറീലോസ്' എന്ന പേരിന്‍റെ പ്രദേശിക രൂപമാണ് 'കെര്‍ലോസ്'.
എഡി 329-330ലാണ് ഇന്നത്തെ എറിത്രിയന്‍ സഭ ഉള്‍പ്പെടുന്ന എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം. പഴയ ഇറ്റാലിയന്‍ കോളനിയായ എറിത്രിയ 1991-ല്‍ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭയുടെ പോപ്പ് ഷെനൗഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറിത്രിയായിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉള്‍ഭരണസ്വാതന്ത്യം നല്‍കുകയും 1994-ല്‍ അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൗഡാ മൂന്നാമന്‍ വാഴിച്ചു. ഇതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.
ആബൂനാ ഫീലിപ്പോസിനെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി. സഭയുടെ മൂന്നാമത്തെ പാത്രിയര്‍ക്കീസായി 2004ല്‍ സ്ഥാനാരോഹണം ചെയ്ത ആബൂനാ അന്തോനിയോസിനെ 2006ല്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ എതിര്‍ത്തതാണ് കാരണം. സര്‍ക്കാര്‍ ഒത്താശയോടെ 2007ല്‍ ആബൂനാ ദീയസ്കോറോസിനെ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിരുന്നില്ല. 2015ല്‍ അദ്ദേഹം കാലം ചെയ്തു. 92-കാരനായ കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ അന്തോനിയോസ് കഴിഞ്ഞ 14 വര്‍ഷമായി വീട്ടുതടവില്‍ തന്നെ കഴിയുന്നതായി ഒസിപി റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രൈസ്തവ ലോകത്തെ സഭാതലവന്മാരില്‍ ഏറ്റവും പ്രായമുള്ള പാത്രിയര്‍ക്കീസാണ് ആബൂനാ അന്തോനിയോസ്.
ഈ സഭ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാകുടുംബത്തില്‍പെടുന്നു. എറിത്രിയായിലെ ജനങ്ങളില്‍ പകുതിയിലധികം - 30 ലക്ഷം - സഭാവിശ്വാസികളാണ്. രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിന്‍റെ ഇടപെടലുകള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സഭയിലെ ഭിന്നിപ്പ് പരിഹാരമില്ലാതെ തുടരുന്നു.
ബഥേല്‍ ന്യൂസ് ബുള്ളറ്റിന്‍ പ്രതിവാര വാര്‍ത്ത (19.08.2021)
Verghis John 9446412907
Sunday, 23 May 2021
Friday, 30 April 2021
20 കോടിയോളം ക്രൈസ്തവര്‍ മേയ് 2-ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
എത്യോപ്യാ, എറിത്രിയാ, ഈജിപ്റ്റ്, റഷ്യ, ബലാറസ്, യുക്രയിന്‍, കസഖ്സ്ഥാന്‍, മൊള്‍ഡേവിയ, ജോര്‍ജിയ, യുഗോസ്ലാവിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, ടര്‍ക്കി, സിറിയാ, ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവര്‍ മേയ് 2ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.
മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള എല്ലാ ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. മറ്റുള്ളവര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇക്കൊല്ലം നാലാഴ്ചയാണ് വ്യത്യാസം. ഏറ്റവും അവസാനം നാലാഴ്ച വ്യത്യാസം വന്നത് 1997ലാണ്; 2065ല്‍ ഇതാവര്‍ത്തിക്കും. ഒരാഴ്ചയും അഞ്ചാഴ്ചയും വ്യത്യാസം വരാറുണ്ട്. അതേ സമയം എല്ലാവരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന വര്‍ഷങ്ങളുമുണ്ട്. 2017 ഉം 2025 ഉം ഉദാഹരണങ്ങളാണ്.
അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭ പശ്ചിമേഷ്യയില്‍ മേയ് 2-ന് ഈസ്റ്റര്‍ ആഘോഷിച്ചപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലും മറ്റും മലങ്കര സഭയെ പോലെ ഏപ്രില്‍ 4-നാണ് ആഘോഷിച്ചത്. ഒരേ സഭയില്‍ തന്നെ വ്യത്യസ്ത തീയതികള്‍ പിന്തുടരുന്നത് കൗതുകകരമായ ഒരു വസ്തുതയാണ്.
വസന്ത വിഷുവം (Vernal Equinox) ആയ മാര്‍ച്ച് 21നോ അതിനു ശേഷമോ വരുന്ന പൗര്‍ണമിയുടെ (Paschal Full Moon Day) പിറ്റെ ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ പൗര്‍ണമി (പെസഹാ ചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. നിഖ്യാ സുന്നഹദോസ് (എ.ഡി. 325) ആണ് ഈ തീരുമാനമെടുത്തത്.
ക്രിസ്മസ് ആഘോഷത്തിനും ഇതു പോലെ തീയതി വ്യത്യാസമുണ്ട്. ചില രാജ്യങ്ങളിലെ 15 കോടിയോളം ക്രൈസ്തവര്‍ 13 ദിവസം വൈകി ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഒരു കോടിയോളം അംഗസംഖ്യയുള്ള അര്‍മേനിയന്‍ സഭ പുരാതനമായ പതിവനുസരിച്ച് ക്രിസ്മസും എപ്പിഫനി(ദനഹാ)യും ഒരുമിച്ച് ജനുവരി ആറിന് 'തെയോഫനി' എന്ന പേരില്‍ ആഘോഷിക്കുന്നു. വിശുദ്ധ നാട്ടിലെ അര്‍മേനിയക്കാര്‍ക്ക് ജനുവരി 19നാണ് ഈ ആഘോഷം.
മലങ്കര സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് പക്ഷം (ബാവാകക്ഷി) 1952 ഡിസംബര്‍ 15 ന് യല്‍ദോ നോമ്പാരംഭത്തിനും കാതോലിക്കാപക്ഷം (മെത്രാന്‍ കക്ഷി) 1953 മേയ് 14ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്. അതോടെ പുതിയരീതി പ്രകാരം ഈസ്റ്ററും ജനുവരി ഏഴിനു പകരം ഡിസംബര്‍ 25ന് ക്രിസ്മസും ആഘോഷിച്ചു വരുന്നു.
Saturday, 24 April 2021
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഒരിക്കൽ ക്രമം തെറ്റിയ ദ്വിവത്സര തിരഞ്ഞെടുപ്പ് വീണ്ടും ക്രമം തെറ്റുന്നു
കേരളത്തിൽ രാജ്യസഭയിലേക്കു ഇപ്പോൾ നടന്ന ദ്വിവത്സര തിരഞ്ഞെടുപ്പോടെ ഒരിക്കൽ ക്രമം തെറ്റിയ ദ്വിവത്സര തിരഞ്ഞെടുപ്പ് വീണ്ടും ക്രമം തെറ്റുകയാണ്. എതിരില്ലാതെ തിരഞ്ഞെടുപ്പു നടന്നതിനാൽ 23നു തന്നെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 30നു നടക്കാനിരുന്ന വോട്ടെടുപ്പ് ഇല്ലാതായി. ഇവരുടെ തിരഞ്ഞെടുപ്പ് ഇന്ത്യാ ഗവൺമെന്റ് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ കാലാവധി ആരംഭിക്കും; തുടർന്ന് സത്യപ്രതിജ്ഞ.
തിരു-കൊച്ചിയിലും പ്രാരംഭകാലത്ത് കേരളത്തിലും (1952 മുതൽ 1964 വരെ) ഓരോ ഇരട്ട വർഷത്തിലും മാർച്ച് മാസത്തിലാണ് രാജ്യസഭയിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പുകൾ നടന്നിരുന്നത്. ഏപ്രിൽ 3ന് പുതിയ അംഗങ്ങളുടെ കാലാവധി ആരംഭിക്കുകയായിരുന്നു പതിവ്. 1965നുശേഷം ഈ പതിവിനു മാറ്റംവന്നു. 1964 സെപ്റ്റംബർ 10 മുതൽ 1967 മാർച്ച് 6 വരെ കേരളത്തിൽ നിയമസഭ ഇല്ലാതിരുന്നതിനാൽ 1966 മാർച്ചിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 1967 ഏപ്രിൽ 15നാണ് നടന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഈ മാറ്റം. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി 1967 ഏപ്രിൽ 22 മുതൽ 1973 ഏപ്രിൽ 21 വരെയായിരുന്നു. ഇതിന്റെ തുടർതിരഞ്ഞെടുപ്പുകളാണ് ഒറ്റസംഖ്യാ വർഷങ്ങളായ 1973, 1979, 1985, 1991, 1997, 2003, 2009, 2015 എന്നിവയിലെ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നടന്നത്. ഈ ബാച്ചിന്റെ അടുത്ത തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ഇവരുടെ കാലാവധി ഏപ്രിൽ 22 ൽ നിന്ന് ഒന്നുരണ്ടു ദിവസം വൈകുമെന്ന് ഉറപ്പാണ്. 2027ലും തുടർ തിരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിക്കും.
ഇത്തരമൊരു സ്ഥിതി 1982ലുമുണ്ടായി. 1982 മാർച്ച് 17 മുതൽ മേയ് 24 വരെ നിയമസഭ ഇല്ലാതിരുന്നതിനാൽ അക്കൊല്ലം ജൂൺ 24നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി 1982 ജൂലൈ 2 മുതൽ 1988 ജൂലൈ 1 വരെയായിരുന്നു. ഇതിന്റെ തുടർ തിരഞ്ഞെടുപ്പുകളാണ് 1988, 1994, 2000, 2006, 2012, 2018 വർഷങ്ങളിലെ ജൂൺ മാസങ്ങളിൽ നടന്നത്. തിരഞ്ഞെടുപ്പ് നടത്താനായി നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന്റെ അവസാന ദിവസമാണ് (1982 മാർച്ച് 17) കേരള നിയമസഭ പിരിച്ചുവിട്ടത്. 6 പേർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിൽ നിയോജകമണ്ഡലവും സ്ഥാനാർഥികളും ഇല്ലാതാകുകയെന്ന അപൂർവ സംഭവമായി ഇതു വിശേഷിക്കപ്പെട്ടിരുന്നു.
1952, 1954, 1956, 1958, 1960, 1962, 1964 വർഷങ്ങളിലും 1965 നു ശേഷം 1968, 1970, 1974, 1976, 1980, 1986, 1992, 1998, 2004, 2010, 2016 വർഷങ്ങളിലും മാർച്ച് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പുകൾ മാത്രമാണു ശരിയായ ക്രമത്തിൽ നടന്നുവന്നത്. ഇവയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി പ്രാരംഭകാലത്തെപ്പോലെ ഏപ്രിൽ 2ന് അവസാനിക്കുന്നു.
1966ലും 1982ലും ദ്വിവത്സര തിരഞ്ഞെടുപ്പ് നടക്കേണ്ട സമയത്ത് നിയമസഭ ഇല്ലാതെ വന്നതിനാൽ മറ്റു രണ്ടു ബാച്ചുകളുടെയും കാലാവധി വൈകുകയാണുണ്ടായത്.