Showing posts with label Kerala Assembly. Show all posts
Showing posts with label Kerala Assembly. Show all posts

Monday, 14 April 2025

മുഖ്യമന്ത്രിയായി കൂടുതൽ കാലം: പിണറായി രണ്ടാം സ്ഥാനത്ത്

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്ത്.
വിഷുദിനത്തിൽ (2025 ഏപ്രിൽ 14) അദ്ദേഹം 3246 ദിവസം (8 വർഷം 10 മാസം 20 ദിവസം) മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒപ്പമെത്തും. കരുണാകരനെ മറികടന്ന് ഇ.കെ. നായനാർ ഒന്നാം സ്ഥാനത്തെത്തിയത് 1999 ഏപ്രിൽ 15 വിഷു ദിനത്തിലായിരുന്നു. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. അദ്ദേഹം വിവിധ സമയങ്ങളിലായി 3 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
തുടര്ച്ചയായുള്ള മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് സി. അച്യുതമേനോനെ (2364 ദിവസം) പിന്തള്ളി 2022 നവംബര് 14ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അച്യുതമേനോനെ മറികടന്ന് 2023 ഓഗസ്റ്റ് 17 നാണ് പിണറായി മൂന്നാം സ്ഥാനം (2640 ദിവസം) നേടിയത്. കേരള രാഷ്ട്രീയചരിത്രത്തില് ഏറ്റവും കൂടുതല് കാലം (17 ദിവസം) കാവല് മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനാണ് (2021 മേയ് 3 – 20).
ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേർ മുഖ്യമന്ത്രിമാരായി. തുടർച്ചയായി 2 മന്ത്രിസഭകൾക്കു (2016 മേയ് 25നും 2021 മേയ് 20 നും സത്യപ്രതിജ്ഞ) നേതൃത്വം നൽകിയത് പിണറായി മാത്രമാണ്. കരുണാകരൻ വിവിധ സമയങ്ങളിലായി 4 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
മുഖ്യമന്ത്രിമാരും അധികാരത്തിലിരുന്ന ദിവസങ്ങളും (മന്ത്രിസഭകളുടെ എണ്ണം ബ്രാക്കറ്റിൽ)
ഇ.കെ. നായനാർ - 4009 (3)
പിണറായി വിജയൻ - 3246* (2) (*2025 ഏപ്രിൽ 14 വരെ)
കെ. കരുണാകരൻ - 3246 (4)
സി. അച്യുതമേനോൻ - 2640 (2)
ഉമ്മൻ ചാണ്ടി - 2459 (2)
എ.കെ. ആന്റണി - 2177 (3)
വി.എസ്. അച്യുതാനന്ദൻ - 1826 (1)
ഇ.എം.എസ്. നമ്പൂതിരിപ്പാട് - 1818 (2)
പട്ടം താണുപിള്ള - 947 (1)
ആർ. ശങ്കർ - 715 (1)
പി.കെ. വാസുദേവൻ നായർ - 348 (1)
സി.എച്ച്. മുഹമ്മദ് കോയ - 54 (1)
സംസ്ഥാനം 8 ഘട്ടങ്ങളിലായി 1516 ദിവസം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1956 നവംബർ 1 (സംസ്ഥാന രൂപീകരണം) മുതൽ 2025 ഏപ്രിൽ 14 വരെ ആകെ 25001 ദിവസമാണ്.
വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Wednesday, 19 July 2023

19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്


 

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്.  അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ്  കെ.എം. മാണിയെ (18,728 ദിവസം / 51 വർഷം 3 മാസം 10 ദിവസം) മറിക‌ടന്ന് ഉമ്മൻ ചാണ്ടി ഈ ബഹുമതി കൈവരിച്ചത്. ഓരോ നിയമസഭയും രൂപീകരിച്ചതും പിരിച്ചുവിട്ടതുമായ തീയതികളെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ചു.  ഇതിലും കൂടുതൽ കാലം എംഎൽഎ ആയിരുന്നത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി (56 വർഷം, 13 തവണ) മാത്രമാണ്.

കേരളത്തിലെ ഒന്നാം പൊതുതിരഞ്ഞെടുപ്പു മുതലുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു  നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ.ആർ. ഗൗരിയമ്മ (15544 ദിവസം), പി.ജെ. ജോസഫ് (2023 ജൂലൈ 18 വരെ 15422 ദിവസം),  േബബി ജോൺ (15184), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്. ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരു–കൊച്ചി നിയമസഭയിലുമുണ്ടായിരുന്നത് ഉൾപ്പെടുത്തിയുള്ള കണക്കാണിത്.

മുഖ്യമന്ത്രിമാരിൽ 5–ാം സ്ഥാനം

രണ്ടു തവണയായി 2459 ദിവസം (6 വർഷം 8 മാസം 25 ദിവസം) കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ആദ്യ തവണ 625 ദിവസവും (31.08.2004 – 18.05.2006) രണ്ടാം തവണ 1834 ദിവസവും (18.05.2011 – 25.05.2016) ആണ് മുഖ്യമന്ത്രിയായിരുന്നത്. ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് 5–ാം സ്ഥാനമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്. മൂന്നു തവണയായി 4009 ദിവസം. കെ. കരുണാകരൻ (നാലു തവണ; 3246 ദിവസം), സി. അച്യുതമേനോൻ (രണ്ടു തവണ; 2640 ദിവസം), പിണറായി വിജയൻ (രണ്ടു തവണ) എന്നിവർക്കാണ് അടുത്ത സ്‌ഥാനങ്ങൾ. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്നത്  പിണറായി വിജയൻ ആണ്.

മന്ത്രിസഭകളിൽ 2–ാം സ്ഥാനം

അടിയന്തിരാവസ്‌ഥകാലത്ത് ആയുസു നീട്ടിക്കിട്ടിയ രണ്ടാം അച്യുതമേനോൻ മന്ത്രിസഭ (1970 ഒക്‌ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം / 6 വർഷം 5 മാസം 21 ദിവസം)  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നത് രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. 2011 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത ഉമ്മൻ ചാണ്ടി മന്ത്രിസഭ 1829 ദിവസം പിന്നിട്ട് 2016 മേയ് 20ന് രാജിവച്ചെങ്കിലും 25 വരെ കാവൽ മന്ത്രിസഭയായി തുടർന്നു – ആകെ 1834 ദിവസം (5 വർഷം 7 ദിവസം). അച്യുതാനന്ദൻ  മന്ത്രിസഭയ്ക്കാണ് (2006 മേയ് 18 – 2011 മേയ് 18; 1826 ദിവസം) അടുത്ത സ്ഥാനം. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഇതുവരെ അധികാരത്തിൽ വന്ന 23 മന്ത്രിസഭകളിൽ ഈ മൂന്നു മന്ത്രിസഭകൾക്കു മാത്രമാണ് കൃത്യമായി 5 വർഷം പൂർത്തിയാക്കാൻ അവസരം ലഭിച്ചത്. ഇ.കെ. നായനാരുടെ മൂന്നാം (1996 മേയ് 20 – 2001 മേയ് 17) മന്ത്രിസഭയ്‌ക്കാണ് ഇക്കാര്യത്തിൽ നാലാം സ്‌ഥാനം (1823 ദിവസം).

മന്ത്രിമാരിൽ 10–ാം സ്ഥാനം

നാല് മന്ത്രിസഭകളിൽ 1731 ദിവസം (4 വർഷം 8 മാസം 27 ദിവസം) ഉമ്മൻ ചാണ്ടി അംഗമായിരുന്നു. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (11.04.1977 – 27.04.1977, 16 ദിവസം) ഒന്നാം ആന്റണി മന്ത്രിസഭയിലും (27.04.1977 – 29.10.1978, 550 ദിവസം) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (28.12.1981 –17.03.1982, 79 ദിവസം) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (02.07.1991 – 22.06.1994, 1086 ദിവസം) പ്രവർത്തിച്ചു.

ഇതുവരെയുള്ള 227 മന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയ്ക്ക് (4190 ദിവസം / 11 വർഷം 5 മാസം 21 ദിവസം) 10–ാം സ്ഥാനമാണ്. മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കാലം (8759 ദിവസം) മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് കെ.എം. മാണിക്കാണ്. പി.ജെ. ജോസഫ് (6105), ബേബി ജോൺ (6061), കെ.ആർ. ഗൗരിയമ്മ (5824), കെ. കരുണാകരന്‍ (5254), കെ. അവുക്കാദർകുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആർ. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് മുമ്പിൽ.

പ്രതിപക്ഷ നേതാവും സഭാനേതാവും

12–ാം നിയമസഭയിൽ (25.05.2006 – 14.05.2011, 1815 ദിവസം) പ്രതിപക്ഷ നേതാവായി. ആകെയുള്ള 11 പ്രതിപക്ഷനേതാക്കളിൽ 5–ാം സ്ഥാനമുണ്ട്. വി.എസ്. അച്യുതാനന്ദൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരൻ, ഇ.കെ. നായനാർ എന്നിവരാണ് മുൻനിരയിൽ.

ഒരു തവണ നിയമസഭാനേതാവിന്റെ (29.06.1992 – 18.07.1992, 19 ദിവസം, 9–ാം നിയമസഭ) താൽക്കാലിക ചുമതല വഹിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാലത്താണ് ധനമന്ത്രിയായിരുന്ന അദ്ദേഹം ഈ ചുമതല നിർവഹിച്ചത്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം നേതൃസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Thursday, 30 July 2020

കുഞ്ഞിരാമന്‍ വക്കീല്‍ വീണ്ടും 'എംഎല്‍എ'


1960-ല്‍ തലശ്ശേരിയില്‍ നിന്നു രണ്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഒന്നര വര്‍ഷത്തിനു ശേഷം ഇലക്ഷന്‍ ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്ന് അംഗത്വം നഷ്ടപ്പെട്ട പി. കുഞ്ഞിരാമനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ “Legislatures of Kerala” എന്ന പുസ്തകത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തന്നതിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉത്തരവായി. കുഞ്ഞിരാമന്‍റെ മകള്‍ പ്രഭാ ചന്ദ്രനും ഈയുള്ളവനും സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കത്തുകളിന്മേലാണ് നടപടിയുണ്ടായത്.


കേരള നിയമസഭയില്‍ 1957 മുതല്‍ നാളിതുവരെയുള്ള എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഈ ഗ്രന്ഥത്തിന്‍റെ പുതിയ മലയാള പരിഭാഷയില്‍ ഇത് ഉള്‍പ്പെടുത്തും. അദ്ദേഹത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ 2006, 2019 ഇംഗ്ലീഷ് പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേരള നിയമസഭാചരിത്രത്തില്‍ നിന്നു അദ്ദേഹം വിസ്മരിക്കപ്പെട്ടു പോകാതിരിക്കാന്‍ ഈ നടപടി ഉപകരിക്കും.


മലബാര്‍ ഉള്‍പ്പെട്ട മദ്രാസ് പ്രവിശ്യയില്‍ നിന്ന് 1946-1952 കാലത്ത് ഭരണഘടനാ നിര്‍മാണസഭയിലും ഇടക്കാല പാര്‍ലമെന്‍റിലും അംഗമായിരുന്ന പി. കുഞ്ഞിരാമന്‍ 1960-ല്‍ മാത്രമാണ് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.




VERGHIS JOHN
9446412907