Friday, 26 September 2025

ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യമില്ലാത്ത 17-ാം ലോക്സഭ

 ലോക്സഭയിലേക്കും സംസ്ഥാനനിയമസഭകളിലേക്കുമുള്ള ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളുടെ നോമിനേഷന്‍ 2020 ജനുവരി 25–ന് ഔദ്യോഗികമായി നിര്‍ത്തലാക്കി. അതിനു മുൻപ് 2019ൽ തന്നെ 17-ാം ലോക്സഭയില്‍ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യമില്ലാതായിരുന്നു. 5–ാം ലോക്സഭ വരെ 2 ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളെ കൂടാതെ ചില സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും നോമിനേഷന്‍ ഉണ്ടായിരുന്നു. 6 മുതല്‍ 16 വരെ ലോക്സഭകളില്‍ 2 ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങള്‍ മാത്രമായി നാമനിര്‍ദേശം.

 ഓരോ വിഭാഗത്തിലുമുണ്ടായിരുന്ന നോമിനേറ്റഡ് അംഗങ്ങള്‍ (ബ്രാക്കറ്റില്‍ ലോക്സഭ)

 ∙ ആംഗ്ലോ-ഇന്ത്യന്‍ (1st  - 16th) - 2

∙ ജമ്മു-കശ്മീര്‍ (1st  - 3rd) - 6

∙ അസമിലെ പാര്‍ട്ട് ബി ട്രൈബല്‍ ഏരിയാ / നേഫാ / അരുണാചല്‍ പ്രദേശ് (1st - 5th) - 1 (ഇതിന്റെ ഒരു ഭാഗം ഇന്നത്തെ നാഗാലാൻഡിലാണ്).

∙ ആന്‍ഡമാന്‍-നിക്കോബാര്‍ (1st  - 3rd) - 1

∙ ലക്ഷദ്വീപ്–മിനിക്കോയ്–അമിൻദിവി (2nd , 3rd) - 1

∙ നാഗാ ഹിൽസ് - ടുയാൻസാങ് ഏരിയാ  / നാഗാലാന്‍ഡ് (2nd, 3rd) - 1

∙ ദദ്രാ-നഗര്‍ ഹാവേലി (3rd) - 1

∙ ഗോവാ-ദാമന്‍-ദിയു (3rd, 1963 ഡിസംബര്‍ 9 വരെ) - 2

 ആംഗ്ലോ-ഇന്ത്യന്‍ മലയാളി എംപിമാർ : ചാള്‍സ് ഡയസ് (15th), റിച്ചാര്‍ഡ് ഹേ (16th)

ഇനിയുണ്ടാകില്ല അങ്ങനെയൊരു എംപി

  


എംഎൽഎമാർ തിരഞ്ഞെടുത്ത ഏക ലോക്‌സഭാംഗം

 ലോക്‌സഭാംഗത്തെ നിയമസഭാംഗങ്ങൾ തിരഞ്ഞെടുത്ത ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ അപൂർവ സംഭവത്തിന് ഇന്ന് (2025 സെപ്‌റ്റംബർ 22) അരനൂറ്റാണ്ട്. 1975 സെപ്‌റ്റംബർ 22നു സിക്കിം നിയമസഭയിലെ 32 അംഗങ്ങൾ ചേർന്നാണ് സംസ്ഥാനത്തെ ആദ്യ ലോക്‌സഭാംഗത്തെ തിരഞ്ഞെടുത്തത്. സിക്കിം കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.കെ. റായിയാണ്  അഞ്ചാം ലോക്‌സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

 ഇന്ത്യൻ യൂണിയനിൽ 1974ൽ ചേർന്ന സിക്കിമിനു ഭരണഘടനയുടെ 36-ാം ഭേദഗതിപ്രകാരം പൂർണ സംസ്‌ഥാനപദവി ലഭിച്ചതോടെയാണ് ഈ തിരഞ്ഞെടുപ്പു നടന്നത്.

 ലോക്‌സഭയിലെ സിക്കിമിന്റെ പ്രതിനിധിയെ സംസ്‌ഥാന നിയമസഭയിലെ അംഗങ്ങൾ തിരഞ്ഞെടുക്കേണ്ടതാണെന്നു ഭരണഘടന വകുപ്പ് 371F(e) വ്യവസ്‌ഥ ചെയ്‌തിരുന്നു. അടിയന്തരാവസ്‌ഥക്കാലത്തു ലോക്‌സഭയിലേക്കു നടന്ന ഏക തിരഞ്ഞെടുപ്പാണിത്. 2010 ഫെബ്രുവരി 16ന് റായി അന്തരിച്ചു. 1977 മുതൽ എംപിയെ തിരഞ്ഞെടുക്കുന്നത് സാധാരണ രീതിയിലായി.

 ലിയോണാർഡ് സോളമൻ സാറിങ് 1975 ഒക്‌ടോബർ 20ന് സിക്കിമിൽ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സിക്കിമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പു നടന്നത് 1977ലാണ്. അന്ന് ചത്ര ബഹാദൂർ ഛേത്രി (കോൺഗ്രസ്) എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിക്കിമിൽ നിന്നുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരമുണ്ടായത് 1980ലാണ്. അന്ന് പഹൽമാൻ സുബ്ബയും (എസ്ജെപി) 1984ൽ നർ ബഹാദൂർ‍ ഭണ്ഡാരിയും  തിരഞ്ഞെടുക്കപ്പെട്ടു. 1985 ഏപ്രിൽ നാലിന് ഒരു ഉപതിരഞ്ഞെടുപ്പും എതിരില്ലാതെ നടന്നിട്ടുണ്ട്. ദിൽകുമാരി ഭണ്ഡാരി (എസ്എസ്പി) ആയിരുന്നു വിജയി.

 ആദ്യത്തെ മൂന്നു ലോക്‌സഭകളിൽ ജമ്മു കശ്‌മീരിൽ നിന്ന് 6 പേരെ വീതം രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ നിയമസഭ ശുപാർശ ചെയ്‌തവരെ രാഷ്‌ട്രപതി ഔപചാരികമായി നാമനിർദേശം ചെയ്യുകയായിരുന്നു പതിവ്. പ്രത്യക്ഷത്തിൽ ചില സമാനതകളുണ്ടെങ്കിലും രാഷ്‌ട്രപതിയുടെ നാമനിർദേശമില്ലാത്തതിനാൽ എസ്.കെ. റായിയുടെ തിരഞ്ഞെടുപ്പ് ഇതിൽ നിന്നു വ്യത്യസ്‌തമായിരുന്നു.

 രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്‌ഥാന നിയമസഭാംഗങ്ങളാണ്. മുൻപ് കോൺസ്‌റ്റിറ്റ്യൂവെന്റ് അസംബ്ലിയിലെയും ഇടക്കാല പാർലമെന്റിലെയും മിക്ക അംഗങ്ങളെയും തിരഞ്ഞെടുത്തതും നിയമസഭകളായിരുന്നു.

 വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Monday, 14 April 2025

മുഖ്യമന്ത്രിയായി കൂടുതൽ കാലം: പിണറായി രണ്ടാം സ്ഥാനത്ത്

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്ത്.
വിഷുദിനത്തിൽ (2025 ഏപ്രിൽ 14) അദ്ദേഹം 3246 ദിവസം (8 വർഷം 10 മാസം 20 ദിവസം) മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒപ്പമെത്തും. കരുണാകരനെ മറികടന്ന് ഇ.കെ. നായനാർ ഒന്നാം സ്ഥാനത്തെത്തിയത് 1999 ഏപ്രിൽ 15 വിഷു ദിനത്തിലായിരുന്നു. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. അദ്ദേഹം വിവിധ സമയങ്ങളിലായി 3 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
തുടര്ച്ചയായുള്ള മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് സി. അച്യുതമേനോനെ (2364 ദിവസം) പിന്തള്ളി 2022 നവംബര് 14ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അച്യുതമേനോനെ മറികടന്ന് 2023 ഓഗസ്റ്റ് 17 നാണ് പിണറായി മൂന്നാം സ്ഥാനം (2640 ദിവസം) നേടിയത്. കേരള രാഷ്ട്രീയചരിത്രത്തില് ഏറ്റവും കൂടുതല് കാലം (17 ദിവസം) കാവല് മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനാണ് (2021 മേയ് 3 – 20).
ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേർ മുഖ്യമന്ത്രിമാരായി. തുടർച്ചയായി 2 മന്ത്രിസഭകൾക്കു (2016 മേയ് 25നും 2021 മേയ് 20 നും സത്യപ്രതിജ്ഞ) നേതൃത്വം നൽകിയത് പിണറായി മാത്രമാണ്. കരുണാകരൻ വിവിധ സമയങ്ങളിലായി 4 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
മുഖ്യമന്ത്രിമാരും അധികാരത്തിലിരുന്ന ദിവസങ്ങളും (മന്ത്രിസഭകളുടെ എണ്ണം ബ്രാക്കറ്റിൽ)
ഇ.കെ. നായനാർ - 4009 (3)
പിണറായി വിജയൻ - 3246* (2) (*2025 ഏപ്രിൽ 14 വരെ)
കെ. കരുണാകരൻ - 3246 (4)
സി. അച്യുതമേനോൻ - 2640 (2)
ഉമ്മൻ ചാണ്ടി - 2459 (2)
എ.കെ. ആന്റണി - 2177 (3)
വി.എസ്. അച്യുതാനന്ദൻ - 1826 (1)
ഇ.എം.എസ്. നമ്പൂതിരിപ്പാട് - 1818 (2)
പട്ടം താണുപിള്ള - 947 (1)
ആർ. ശങ്കർ - 715 (1)
പി.കെ. വാസുദേവൻ നായർ - 348 (1)
സി.എച്ച്. മുഹമ്മദ് കോയ - 54 (1)
സംസ്ഥാനം 8 ഘട്ടങ്ങളിലായി 1516 ദിവസം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1956 നവംബർ 1 (സംസ്ഥാന രൂപീകരണം) മുതൽ 2025 ഏപ്രിൽ 14 വരെ ആകെ 25001 ദിവസമാണ്.
വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907