Friday, 26 September 2025

ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യമില്ലാത്ത 17-ാം ലോക്സഭ

 ലോക്സഭയിലേക്കും സംസ്ഥാനനിയമസഭകളിലേക്കുമുള്ള ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളുടെ നോമിനേഷന്‍ 2020 ജനുവരി 25–ന് ഔദ്യോഗികമായി നിര്‍ത്തലാക്കി. അതിനു മുൻപ് 2019ൽ തന്നെ 17-ാം ലോക്സഭയില്‍ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യമില്ലാതായിരുന്നു. 5–ാം ലോക്സഭ വരെ 2 ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളെ കൂടാതെ ചില സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും നോമിനേഷന്‍ ഉണ്ടായിരുന്നു. 6 മുതല്‍ 16 വരെ ലോക്സഭകളില്‍ 2 ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങള്‍ മാത്രമായി നാമനിര്‍ദേശം.

 ഓരോ വിഭാഗത്തിലുമുണ്ടായിരുന്ന നോമിനേറ്റഡ് അംഗങ്ങള്‍ (ബ്രാക്കറ്റില്‍ ലോക്സഭ)

 ∙ ആംഗ്ലോ-ഇന്ത്യന്‍ (1st  - 16th) - 2

∙ ജമ്മു-കശ്മീര്‍ (1st  - 3rd) - 6

∙ അസമിലെ പാര്‍ട്ട് ബി ട്രൈബല്‍ ഏരിയാ / നേഫാ / അരുണാചല്‍ പ്രദേശ് (1st - 5th) - 1 (ഇതിന്റെ ഒരു ഭാഗം ഇന്നത്തെ നാഗാലാൻഡിലാണ്).

∙ ആന്‍ഡമാന്‍-നിക്കോബാര്‍ (1st  - 3rd) - 1

∙ ലക്ഷദ്വീപ്–മിനിക്കോയ്–അമിൻദിവി (2nd , 3rd) - 1

∙ നാഗാ ഹിൽസ് - ടുയാൻസാങ് ഏരിയാ  / നാഗാലാന്‍ഡ് (2nd, 3rd) - 1

∙ ദദ്രാ-നഗര്‍ ഹാവേലി (3rd) - 1

∙ ഗോവാ-ദാമന്‍-ദിയു (3rd, 1963 ഡിസംബര്‍ 9 വരെ) - 2

 ആംഗ്ലോ-ഇന്ത്യന്‍ മലയാളി എംപിമാർ : ചാള്‍സ് ഡയസ് (15th), റിച്ചാര്‍ഡ് ഹേ (16th)

ഇനിയുണ്ടാകില്ല അങ്ങനെയൊരു എംപി

  


എംഎൽഎമാർ തിരഞ്ഞെടുത്ത ഏക ലോക്‌സഭാംഗം

 ലോക്‌സഭാംഗത്തെ നിയമസഭാംഗങ്ങൾ തിരഞ്ഞെടുത്ത ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ അപൂർവ സംഭവത്തിന് ഇന്ന് (2025 സെപ്‌റ്റംബർ 22) അരനൂറ്റാണ്ട്. 1975 സെപ്‌റ്റംബർ 22നു സിക്കിം നിയമസഭയിലെ 32 അംഗങ്ങൾ ചേർന്നാണ് സംസ്ഥാനത്തെ ആദ്യ ലോക്‌സഭാംഗത്തെ തിരഞ്ഞെടുത്തത്. സിക്കിം കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.കെ. റായിയാണ്  അഞ്ചാം ലോക്‌സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

 ഇന്ത്യൻ യൂണിയനിൽ 1974ൽ ചേർന്ന സിക്കിമിനു ഭരണഘടനയുടെ 36-ാം ഭേദഗതിപ്രകാരം പൂർണ സംസ്‌ഥാനപദവി ലഭിച്ചതോടെയാണ് ഈ തിരഞ്ഞെടുപ്പു നടന്നത്.

 ലോക്‌സഭയിലെ സിക്കിമിന്റെ പ്രതിനിധിയെ സംസ്‌ഥാന നിയമസഭയിലെ അംഗങ്ങൾ തിരഞ്ഞെടുക്കേണ്ടതാണെന്നു ഭരണഘടന വകുപ്പ് 371F(e) വ്യവസ്‌ഥ ചെയ്‌തിരുന്നു. അടിയന്തരാവസ്‌ഥക്കാലത്തു ലോക്‌സഭയിലേക്കു നടന്ന ഏക തിരഞ്ഞെടുപ്പാണിത്. 2010 ഫെബ്രുവരി 16ന് റായി അന്തരിച്ചു. 1977 മുതൽ എംപിയെ തിരഞ്ഞെടുക്കുന്നത് സാധാരണ രീതിയിലായി.

 ലിയോണാർഡ് സോളമൻ സാറിങ് 1975 ഒക്‌ടോബർ 20ന് സിക്കിമിൽ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സിക്കിമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പു നടന്നത് 1977ലാണ്. അന്ന് ചത്ര ബഹാദൂർ ഛേത്രി (കോൺഗ്രസ്) എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിക്കിമിൽ നിന്നുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരമുണ്ടായത് 1980ലാണ്. അന്ന് പഹൽമാൻ സുബ്ബയും (എസ്ജെപി) 1984ൽ നർ ബഹാദൂർ‍ ഭണ്ഡാരിയും  തിരഞ്ഞെടുക്കപ്പെട്ടു. 1985 ഏപ്രിൽ നാലിന് ഒരു ഉപതിരഞ്ഞെടുപ്പും എതിരില്ലാതെ നടന്നിട്ടുണ്ട്. ദിൽകുമാരി ഭണ്ഡാരി (എസ്എസ്പി) ആയിരുന്നു വിജയി.

 ആദ്യത്തെ മൂന്നു ലോക്‌സഭകളിൽ ജമ്മു കശ്‌മീരിൽ നിന്ന് 6 പേരെ വീതം രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ നിയമസഭ ശുപാർശ ചെയ്‌തവരെ രാഷ്‌ട്രപതി ഔപചാരികമായി നാമനിർദേശം ചെയ്യുകയായിരുന്നു പതിവ്. പ്രത്യക്ഷത്തിൽ ചില സമാനതകളുണ്ടെങ്കിലും രാഷ്‌ട്രപതിയുടെ നാമനിർദേശമില്ലാത്തതിനാൽ എസ്.കെ. റായിയുടെ തിരഞ്ഞെടുപ്പ് ഇതിൽ നിന്നു വ്യത്യസ്‌തമായിരുന്നു.

 രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്‌ഥാന നിയമസഭാംഗങ്ങളാണ്. മുൻപ് കോൺസ്‌റ്റിറ്റ്യൂവെന്റ് അസംബ്ലിയിലെയും ഇടക്കാല പാർലമെന്റിലെയും മിക്ക അംഗങ്ങളെയും തിരഞ്ഞെടുത്തതും നിയമസഭകളായിരുന്നു.

 വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Monday, 14 April 2025

മുഖ്യമന്ത്രിയായി കൂടുതൽ കാലം: പിണറായി രണ്ടാം സ്ഥാനത്ത്

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്ത്.
വിഷുദിനത്തിൽ (2025 ഏപ്രിൽ 14) അദ്ദേഹം 3246 ദിവസം (8 വർഷം 10 മാസം 20 ദിവസം) മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒപ്പമെത്തും. കരുണാകരനെ മറികടന്ന് ഇ.കെ. നായനാർ ഒന്നാം സ്ഥാനത്തെത്തിയത് 1999 ഏപ്രിൽ 15 വിഷു ദിനത്തിലായിരുന്നു. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. അദ്ദേഹം വിവിധ സമയങ്ങളിലായി 3 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
തുടര്ച്ചയായുള്ള മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് സി. അച്യുതമേനോനെ (2364 ദിവസം) പിന്തള്ളി 2022 നവംബര് 14ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അച്യുതമേനോനെ മറികടന്ന് 2023 ഓഗസ്റ്റ് 17 നാണ് പിണറായി മൂന്നാം സ്ഥാനം (2640 ദിവസം) നേടിയത്. കേരള രാഷ്ട്രീയചരിത്രത്തില് ഏറ്റവും കൂടുതല് കാലം (17 ദിവസം) കാവല് മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനാണ് (2021 മേയ് 3 – 20).
ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേർ മുഖ്യമന്ത്രിമാരായി. തുടർച്ചയായി 2 മന്ത്രിസഭകൾക്കു (2016 മേയ് 25നും 2021 മേയ് 20 നും സത്യപ്രതിജ്ഞ) നേതൃത്വം നൽകിയത് പിണറായി മാത്രമാണ്. കരുണാകരൻ വിവിധ സമയങ്ങളിലായി 4 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
മുഖ്യമന്ത്രിമാരും അധികാരത്തിലിരുന്ന ദിവസങ്ങളും (മന്ത്രിസഭകളുടെ എണ്ണം ബ്രാക്കറ്റിൽ)
ഇ.കെ. നായനാർ - 4009 (3)
പിണറായി വിജയൻ - 3246* (2) (*2025 ഏപ്രിൽ 14 വരെ)
കെ. കരുണാകരൻ - 3246 (4)
സി. അച്യുതമേനോൻ - 2640 (2)
ഉമ്മൻ ചാണ്ടി - 2459 (2)
എ.കെ. ആന്റണി - 2177 (3)
വി.എസ്. അച്യുതാനന്ദൻ - 1826 (1)
ഇ.എം.എസ്. നമ്പൂതിരിപ്പാട് - 1818 (2)
പട്ടം താണുപിള്ള - 947 (1)
ആർ. ശങ്കർ - 715 (1)
പി.കെ. വാസുദേവൻ നായർ - 348 (1)
സി.എച്ച്. മുഹമ്മദ് കോയ - 54 (1)
സംസ്ഥാനം 8 ഘട്ടങ്ങളിലായി 1516 ദിവസം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1956 നവംബർ 1 (സംസ്ഥാന രൂപീകരണം) മുതൽ 2025 ഏപ്രിൽ 14 വരെ ആകെ 25001 ദിവസമാണ്.
വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Wednesday, 29 May 2024

കൂടുതൽകാലം പ്രധാനമന്ത്രിപദവി : മോദി മൂന്നാമത് | വർഗീസ് ജോൺ തോട്ടപ്പുഴ

കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തേക്ക്. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന 3656 ദിവസത്തിനൊപ്പം (2004 മേയ് 22 – 2014 മേയ് 26) ഇന്നു (2024 മേയ് 29) മോദി എത്തും. ജവാഹര്ലാല് നെഹ്റു (1947 – 1964; 6130 ദിവസം), ഇന്ദിരാ ഗാന്ധി (1966 – 1977, 1980 – 1984; ഇടവേളയോടെ 5829 ദിവസം) എന്നിവർക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ.

ആദ്യം 2014 മേയ് 26–നും രണ്ടാമത് 2019 മേയ് 30–നുമാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ‌‌വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂൺ 4–ന് ആയതുകൊണ്ട് കെയർടേക്കർ ആകാതെ തന്നെ അധികാരത്തിലിരുന്ന് മോദിയ്ക്ക് മൂന്നാം സ്ഥാനത്തെത്താം.
ജൂൺ 4–നു ശേഷമായിരിക്കും പുതിയ മന്ത്രിസഭ അധികാരത്തിലെത്തുക. അപ്പോഴേക്കും മോദിയുടെ രണ്ടാം മന്ത്രിസഭ 1832 ദിവസം പിന്നിട്ടിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ആയുസ് നീട്ടിക്കിട്ടിയ ഇന്ദിരാഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971 മാര്ച്ച് 18 - 1977 മാര്ച്ച് 24; 2198 ദിവസം) കഴിഞ്ഞാല് ഇന്ത്യയില് ഏറ്റവും കൂടുതന് കാലം അധികാരത്തിലിരിക്കുന്നത് നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയാണ്. രണ്ടാം മൻമോഹൻ മന്ത്രിസഭയ്ക്കും ഒന്നാം മോദി മന്ത്രിസഭയ്ക്കുമാണ് (1830 ദിവസം) ഇക്കാര്യത്തിൽ മൂന്നാം സ്ഥാനം.
ഇതുവരെയുള്ള 15 പ്രധാനമന്ത്രിമാരും അവർ നേതൃത്വം നൽകിയ 29 മന്ത്രിസഭകളും അധികാരത്തിരുന്ന ദിവസങ്ങളും
ജവഹർലാൽ നെഹ്രു (6) – 6130
ഗുൽസരിലാൽ നന്ദ (2) – 26 (ഇടക്കാല പ്രധാനമന്ത്രി)
ലാൽ ബഹദൂർ ശാസ്ത്രി (1) – 581
ഇന്ദിരാഗാന്ധി (4) – 5829
മൊറാർജി ദേശായി (1) – 856
ചൗധരി ചരൺ സിങ് (1) – 170
രാജീവ് ഗാന്ധി (2) – 1858
വി.പി. സിങ് (1) – 343
ചന്ദ്രശേഖർ (1) – 223
പി.വി. നരസിംഹറാവു (1) – 1791
എ.ബി. വാജ്പേയി (3) – 2272
എച്ച്.ഡി. ദേവെ ഗൗഡ (1) – 324
ഐ.കെ. ഗുജറാൾ (1) – 332
ഡോ. മൻമോഹൻ സിങ് (2) – 3656
നരേന്ദ്ര മോദി (2) – 3656 (2024 മേയ് 29 വരെ)
ആകെ (29) – 28047 ദിവസം (76 വർഷം 9 മാസം 14 ദിവസം)
വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Tuesday, 28 May 2024

തിരുവിതാംകൂര്‍ പ്രജാസഭയിലെ വൈദിക സാമാജികര്‍ | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

 വൈദിക സാമാജികര്‍

ശ്രീമൂലം പ്രജാസഭയില്‍ പലപ്പോഴായി ഇരുപതില്‍ പരം വൈദികര്‍ അംഗങ്ങളായിട്ടുണ്ട്. ഇവരില്‍ ഒമ്പതു പേര്‍ മലങ്കര (ഓര്‍ത്തഡോക്സ്/യാക്കോബായ) സുറിയാനി സഭയിലെ വൈദികര്‍ (*) ആയിരുന്നു. ഇവരെല്ലാം സമൂഹത്തിന്‍റെയും നാടിന്‍റെയും നന്മയ്ക്കുവേണ്ടി പല വിഷയങ്ങളും ശ്രീമൂലം പ്രജാസഭയില്‍ ഉന്നയിക്കുകയും അതില്‍ പലതും നടപ്പാക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തവരാണ്. 

വൈദികര്‍, മിഷനറി, പാസ്റ്റര്‍ തുടങ്ങിയവരുടെ പേരും അംഗത്വ വിവരവും നിയോജകമണ്ഡലവും സമ്മേളന വര്‍ഷവും ലഭ്യമായ മറ്റു വിവരങ്ങളും താഴെ ചേര്‍ക്കുന്നു.

1. * വറീത് മാത്തു കത്തനാര്‍, ഈരാളി, പറവൂര്‍ (1848 - 1939) - ശ്രീമൂലം പ്രജാസഭയുടെ പ്രഥമ സമ്മേളനം/നോമിനേറ്റഡ് മെമ്പര്‍ (1904). പറവൂര്‍ സുറിയാനി പള്ളി വികാരി. നിര്യാണം : 07.02.1939

2. ഐപ്പ് തോമാ കത്തനാര്‍, കോവൂര്‍ (1842 - 1917) -  01, 02, 07, 10, 11 സമ്മേളനങ്ങള്‍/തിരുവല്ലാ താലൂക്ക് (1905), തിരുവല്ലാ താലൂക്ക് ഒന്നാം ഗ്രൂപ്പ് (1911, 1914) പ്രതിനിധി, നോമിനേറ്റഡ് മെമ്പര്‍ (1904, 1915). മാര്‍തോമ്മാ സഭയുടെ പ്രഥമ വികാരി ജനറാള്‍. നിര്യാണം : 27.01.1917

3. * ഗീവര്‍ഗീസ് കത്തനാര്‍, വടക്കേടത്ത്, ഓമല്ലൂര്‍ (1875 - 1944) - 05, 13 സമ്മേളനങ്ങള്‍/ചെങ്ങന്നൂര്‍ താലൂക്ക് (1908), ചെങ്ങന്നൂര്‍ താലൂക്ക് ഒന്നാം ഗ്രൂപ്പ് (1917) പ്രതിനിധി. 'ഗീവര്‍ഗീസ് കത്തനാര്‍ ഗീവര്‍ഗീസ്', 'വര്‍ഗീസ് കത്തനാര്‍' എന്നിങ്ങനെയാണ് പേരു കാണുന്നത്. നിര്യാണം : 11.06.1944

4. റവ. പി.ജെ. ജോഷ്വാ - ഏഴാം സമ്മേളനം/കുന്നത്തൂര്‍ താലൂക്ക് പ്രതിനിധി (1911). സിഎംഎസ് മിഷനറി, അടൂര്‍. 

5. ഫാ. സിറിയക്കൂസ് (കുറിയാക്കോസ്) - ഒമ്പതാം സമ്മേളനം/ആലുവാ പട്ടണ പരിഷ്കരണ കമ്മറ്റി പ്രതിനിധി (1913). 

6. * കോര മാത്തന്‍ മല്‍പാന്‍, കോനാട്ട്, പാമ്പാക്കുട (1860 - 1927) - 10, 11 സമ്മേളനങ്ങള്‍ /മൂവാറ്റുപുഴ താലൂക്ക് രണ്ടാം ഗ്രൂപ്പ് പ്രതിനിധി (1914, 1915). വൈദിക ട്രസ്റ്റി, മലങ്കര മല്‍പാന്‍, സുറിയാനി പണ്ഡിതന്‍, 1926ല്‍ കോറെപ്പിസ്കോപ്പാ. നിര്യാണം : 08.11.1927

7. റവ. സാമുവേല്‍ സുമനം - 10, 11 സമ്മേളനങ്ങള്‍/നെയ്യാറ്റിന്‍കര പട്ടണ പ്രതിനിധി (1914, 1915). എല്‍എംഎസ് പാസ്റ്റര്‍.

8. ഫാ. ഫെര്‍ണാണ്ടസ് - പത്താം സമ്മേളനം/കുളച്ചല്‍ പട്ടണ പ്രതിനിധി (1914).

9. റവ. ഡബ്ല്യു.ഡി. ഓസ്ബോണ്‍ - പത്താം സമ്മേളനം/ആറ്റിങ്ങല്‍ പട്ടണ പ്രതിനിധി (1914). യൂറോപ്യന്‍ മിഷനറി.

10. ജി. യേശുദാസന്‍ - പത്താം സമ്മേളനം/നോമിനേറ്റഡ് മെമ്പര്‍ (1914). ലൂതറന്‍ മിഷ്യനറി, നാഗര്‍കോവില്‍.

11. * ഫാ. എ.ജെ. മീഖായേല്‍, ആലുംമൂട്ടില്‍ (1879 - 1956) - 11, 13, 15, 21, 22 സമ്മേളനങ്ങള്‍/കായംകുളം പട്ടണ പരിഷ്കരണ കമ്മറ്റി (മുനിസിപ്പല്‍ കൗണ്‍സില്‍) പ്രതിനിധി (1915, 1917, 1919, 1925, 1926). 1926 ഒക്ടോബര്‍ 24ന് മീഖായേല്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ. 1956 ജനുവരി 18ന് കാലം ചെയ്തു.

12. ഫാ. പോള്‍ എ. ജോര്‍ജ് - 13-ാം സമ്മേളനം/പറവൂര്‍ പട്ടണ പ്രതിനിധി  (1917). പറവൂര്‍ സുറിയാനി കത്തോലിക്കാ പള്ളി വികാരി.

13. ഫാ. തോമസ് എം. മുരിയ്ക്കല്‍ - 15-ാം സമ്മേളനം/ചങ്ങനാശേരി പട്ടണ പ്രതിനിധി (1919). സെന്‍റ് ബര്‍ക്മെന്‍സ് ഹയര്‍ ഗ്രേഡ് ഇംഗ്ലീഷ് സ്കൂള്‍ കറസ്പോണ്ടന്‍റ്.

14. * ഫാ. പി.ജെ. ജോണ്‍, പുലയങ്കാട്ടില്‍, രാമമംഗലം (1886 - 1924) - 16, 20 സമ്മേളനങ്ങള്‍/പറവൂര്‍ പട്ടണ പ്രതിനിധി (1920), നോമിനേറ്റഡ് മെമ്പര്‍ (1924). ക്നാനായ സമുദായ അംഗം. പറവൂര്‍ സുറിയാനി പള്ളി വികാരി. റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. നിര്യാണം : 26.03.1924

15. ഫാ. ജോസഫ് പഞ്ഞിക്കാരന്‍ - 17-ാം സമ്മേളനം/ആലുവാ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിനിധി (1921). ആലുവാ  സെന്‍റ് മേരീസ് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് ഹെഡ്മാസ്റ്റര്‍. 

16. * ഫാ. കെ. ജെ. കുറിയാക്കോസ് (കോറെപ്പിസ്കോപ്പാ), കോടിയാട്ട്, തിരുവല്ലാ (1870 - 1935) - 18-ാം സമ്മേളനം/നോമിനേറ്റഡ് മെമ്പര്‍ (1922). തിരുവല്ലാ കട്ടപ്പുറം പള്ളി വികാരി. നിര്യാണം : 30.08.1935

17. കെ. ടി. തോമസ് കത്തനാര്‍, കുറുന്തോട്ടിക്കല്‍, കോഴഞ്ചേരി (1874 - 1968) - 21,  25 സമ്മേളനങ്ങള്‍/നോമിനേറ്റഡ് മെമ്പര്‍ (1925, 1929). മാര്‍തോമ്മാ സഭാ വൈദിക ട്രസ്റ്റി, കോഴഞ്ചേരി ഇംഗ്ലീഷ് ഹൈസ്കൂള്‍ മാനേജര്‍. സെന്‍റ് തോമസ് കോളേജ്,  സെന്‍റ് തോമസ് ഹൈസ്കൂള്‍,  സെന്‍റ് മേരീസ് ഹൈസ്കൂള്‍ സ്ഥാപകന്‍. നിര്യാണം : 02.10.1968

18. റവ. ക്രിംബെല്‍ ജോഷ്വാ - 22, 24 സമ്മേളനങ്ങള്‍/ആറ്റിങ്ങല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിനിധി (1926), നോമിനേറ്റഡ് മെമ്പര്‍ (1928). എല്‍എംഎസ് അസിസ്റ്റന്‍റ് മിഷനറി, ആറ്റിങ്ങല്‍

19. * അവിരാ ഔസേഫ് (ജോസഫ്) കത്തനാര്‍, പുക്കുന്നേല്‍, പുതുപ്പാടി (1868 - 1948) - 24-ാം സമ്മേളനം/മൂവാറ്റുപുഴ താലൂക്ക് പ്രതിനിധി (1928). യാക്കോബായ വിഭാഗം വൈദിക ട്രസ്റ്റി. നിര്യാണം : 02.01.1948

20. റവ. ജെ.ഇ. കേസരി - 25-ാം സമ്മേളനം /നോമിനേറ്റഡ് മെമ്പര്‍ (1929). പ്രോട്ടസ്റ്റന്‍റ് സഭ, തിരുവനന്തപുരം.

21. * പൗലോസ് സ്കറിയാ കത്തനാര്‍, നെടുന്തള്ളില്‍, കോതമംഗലം (1880 - 1969) - 26-ാം സമ്മേളനം/മൂവാറ്റുപുഴ താലൂക്ക് പ്രതിനിധി  (1930). 1950ല്‍ കോറെപ്പിസ്കോപ്പാ. കോതമംഗലം ചെറിയ പള്ളി വികാരി. നിര്യാണം : 11.10.1969

22. * പൈലി മാത്യു കത്തനാര്‍ (ഫാ. എം.പി. മാത്യു), മരങ്ങാട്ട്, രായമംഗലം (1877 - 1934) - 27-ാം സമ്മേളനം/കുന്നത്തുനാട് താലൂക്ക് രണ്ടാം ഗ്രൂപ്പ് പ്രതിനിധി (1931). കുറുപ്പംപടി പള്ളി വികാരി. നിര്യാണം : 22.04.1934