Sunday, 4 August 2019

ചാത്തുണ്ണി മാസ്റ്റര്‍ : രാജ്യസഭാതെരഞ്ഞെടുപ്പിലെ അപൂര്‍വ വിജയി

രണ്ടു തവണ കേരളനിയമസഭയില്‍ അംഗമായിരുന്ന കെ. ചാത്തുണ്ണി മാസ്റ്റര്‍ ഒരു തവണ രാജ്യസഭയിലും അംഗമായി. ബേപ്പൂര്‍ നിയമസഭാ നിയോജകമണ്ഡലത്തില്‍ നിന്നാണ് മൂന്നാമത്തെയും (1967 - 1970) നാലാമത്തെയും (1970 - 1977) കേരള നിയമസഭകളില്‍ അദ്ദേഹം അംഗമായത്. 1965 മാര്‍ച്ച് 4-നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കന്നിവിജയമെങ്കിലും നിയമസഭ സമ്മേളിക്കാതെ പിരിച്ചുവിട്ടതിനാല്‍  അദ്ദേഹം എംഎല്‍എ ആയില്ല. 1977ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 
1979 ഏപ്രില്‍ 22 മുതല്‍ 1985 ഏപ്രില്‍ 21 വരെയാണ് അദ്ദേഹം രാജ്യസഭയില്‍ അംഗമായത്. എംപിയായി സത്യപ്രതിജ്ഞ ചെയ്തത് 1979 ഏപ്രില്‍ 24നായിരുന്നു. ഹമീദ്അലി ഷംനാദ് (മുസ്ലീം ലീഗ്), പി.കെ. കുഞ്ഞച്ചന്‍ (സിപിഐഎം), തലേക്കുന്നില്‍ ബഷീര്‍ (കോണ്‍ഗ്രസ്) എന്നിവര്‍ 1979 ഏപ്രില്‍ 21ന് വിരമിക്കുന്ന ഒഴിവിലേക്ക് 1979 ഏപ്രില്‍ 9-നു നടന്ന രാജ്യസഭാതെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിച്ചു വിജയിച്ചത്. ചാത്തുണ്ണി മാസ്റ്റര്‍ക്കു വേണ്ടി മാര്‍ച്ച് 21ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ടി.കെ. രാമകൃഷ്ണനും എം.വി. രാഘവനുമാണ് പേരു നിര്‍ദേശിച്ചത്. അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങളായിരുന്നു സമ്മതിദായകര്‍. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ നിയമസഭയും രാജ്യസഭാതെരഞ്ഞെടുപ്പും ആയിരുന്നു ഇത്.

സംഭവബഹുലമായിരുന്നു 1977 മാര്‍ച്ച് 22 നു രൂപവല്‍ക്കരിക്കപ്പെട്ട അഞ്ചാം കേരള നിയമസഭ. ഭരണസ്ഥിരതയില്ലായ്മ ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന കാലഘട്ടമായിരുന്നു ഇത്. വിഭിന്ന കാരണങ്ങളാല്‍ സംഭവിച്ച നാലു ഹൃസ്വകാല മന്ത്രിസഭകളുടെ പിറവിയും പതനവും കക്ഷിബന്ധങ്ങള്‍ മാറിമറിഞ്ഞതും ഈ നിയമസഭ കണ്ടു. രണ്ടു വര്‍ഷം 8 മാസം 8 ദിവസം മാത്രം ആയുസുണ്ടായിരുന്ന ഈ നിയമസഭയുടെ കാലത്ത് കെ. കരുണാകരന്‍ (25.03.1977 - 25.04.1977), എ.കെ. ആന്‍റണി (27.04.1977 - 27.10.1978), പി.കെ. വാസുദേവന്‍ നായര്‍ (29.10.1978 - 07.10.1979), സി.എച്ച്. മുഹമ്മദ്കോയ (12.10.1979 - 01.12.1979) എന്നിവര്‍ മുഖ്യമന്ത്രിമാരായി. ഒരു നിയമസഭയില്‍ നിലവിലുണ്ടായിരുന്ന പ്രതിപക്ഷത്തിന്‍റെ രൂപഭാവങ്ങളില്‍ പൊടുന്നനെ മാറ്റമുണ്ടാകുന്ന അപൂര്‍വ പ്രതിഭാസം ഈ നിയമസഭയിലുണ്ടായി. 1978ല്‍ കോണ്‍ഗ്രസില്‍ നിന്നു പിളര്‍ന്നു മാറി രൂപം കൊണ്ട ഇന്ദിരാ കോണ്‍ഗ്രസ് മറ്റു കക്ഷി ബന്ധങ്ങളിലൊന്നും ഏര്‍പ്പെടാതെ പ്രതിപക്ഷത്തേക്ക് മാറുകയും വൈകാതെ ഇ.എം.എസ്. നമ്പൂതിരിപ്പാടിനു പകരം കെ. കരുണാകരന്‍ പ്രതിപക്ഷനേതാവ് ആകുകയും ചെയ്തു.

1977 മാര്‍ച്ച് 19 നു നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഈ നിയമസഭയുടെ പ്രാരംഭ കക്ഷിനില ഇപ്രകാരമായിരുന്നു. ഐക്യമുന്നണി : കോണ്‍ഗ്രസ് - 38, സിപിഐ - 23, കേരളാ കോണ്‍ഗ്രസ് - 20, മുസ്ലീം ലീഗ് - 13, ആര്‍എസ്പി - 9, എന്‍ഡിപി - 5, പിഎസ്പി - 3 (ആകെ - 111); പ്രതിപക്ഷമുന്നണി : സിപിഐഎം - 17, ജനതാപാര്‍ട്ടി - 6, ആള്‍ ഇന്ത്യാ മുസ്ലീം ലീഗ് - 3, കേരളാ കോണ്‍ഗ്രസ് (പിള്ള) - 2, സ്വതന്ത്രന്‍ - 1 (ആകെ - 29).

രാജ്യസഭാതെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്‍റെ അവസാനദിവസത്തെ (1979 മാര്‍ച്ച് 23) സ്ഥിതിയനുസരിച്ചുള്ള കക്ഷി നില ഇപ്രകാരമായിരുന്നു. ഐക്യമുന്നണി : സിപിഐ - 22, കോണ്‍ഗ്രസ് - 19, കേരളാ കോണ്‍ഗ്രസ് - 19, മുസ്ലീം ലീഗ് - 12, ആര്‍എസ്പി - 9, പിഎസ്പി - 2 (ആകെ - 83); പ്രതിപക്ഷമുന്നണി : സിപിഐഎം - 17, ജനതാപാര്‍ട്ടി - 9, ആള്‍ ഇന്ത്യാ മുസ്ലീം ലീഗ് - 3 (ആകെ - 29); മറ്റുള്ളവര്‍: കോണ്‍ഗ്രസ് (ഐ) - 19, എന്‍ഡിപി (കിടങ്ങൂര്‍) - 2, എന്‍ഡിപി (ചാത്തന്നൂര്‍) - 2 (ആകെ - 23). ഒഴിവുകള്‍ - 5.

1977ലെ കക്ഷിനില വച്ചു നോക്കിയാല്‍ ഭരണകക്ഷിയ്ക്ക് മൂന്നു പേരെയും വിജയിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി. 1979ലെ സ്ഥിതിയില്‍ ഭരണകക്ഷിയ്ക്ക് രണ്ടു പേരെ തെരഞ്ഞെടുക്കാം; പ്രതിപക്ഷം ഒരുമിച്ചു നിന്നാല്‍ ഒരാളെ തെരഞ്ഞെടുക്കാം. ഇവിടെ പ്രതിപക്ഷം ഭിന്നിച്ചു നില്‍ക്കുകയാണ്. അന്നത്തെ നിലയില്‍ 34 ഒന്നാം വോട്ട് കിട്ടുന്നവര്‍ ഒന്നാം റൗണ്ടില്‍ വിജയിക്കും. ഈ അവസ്ഥയില്‍ ഭരണകക്ഷി സിപിഐഎം-നെ സഹായിക്കാന്‍ തയ്യാറായി. അവരുടെ രണ്ടാം വോട്ട് സിപിഐഎം സ്ഥാനാര്‍ത്ഥിയ്ക്കു നല്‍കാന്‍ തീരുമാനിച്ചു.

കെ. ചാത്തുണ്ണി മാസ്റ്റര്‍ (സിപിഐഎം), തലേക്കുന്നില്‍ ബഷീര്‍ (കോണ്‍ഗ്രസ്), എം.എം. ജേക്കബ് (കോണ്‍ഗ്രസ് ഐ), കെ.സി. സെബാസ്റ്റ്യന്‍ (കേരളാ കോണ്‍ഗ്രസ്), കെ.പി. രാമചന്ദ്രന്‍ നായര്‍ (എന്‍ഡിപി കിടങ്ങൂര്‍), ലീലാ മേനോന്‍ (എന്‍ഡിപി ചാത്തന്നൂര്‍) എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ ലീലാ മേനോന്‍ തലേന്ന് മത്സരരംഗത്തു നിന്നു പിന്മാറി ഭരണകക്ഷിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ പത്രിക സമര്‍പ്പിച്ച എ. നഫീസത്ത്ബീവി (കോണ്‍ഗ്രസ് ഐ) യഥാസമയത്ത് പിന്മാറിയിരുന്നു.

1979 ഏപ്രില്‍ 9നു നടന്ന വോട്ടെടുപ്പില്‍ സ്പീക്കര്‍ വോട്ടുചെയ്തില്ല. 134 വോട്ടു രേഖപ്പെടുത്തിയതില്‍ ബഷീറിനുള്ള ഒരു വോട്ട് അസാധുവായി. ആദ്യ റൗണ്ടില്‍ കെ.സി. സെബാസ്റ്റ്യന്‍ - 42, തലേക്കുന്നില്‍ ബഷീര്‍ - 40, കെ. ചാത്തുണ്ണി മാസ്റ്റര്‍ - 29, എം.എം. ജേക്കബ് - 20, കെ.പി. രാമചന്ദ്രന്‍ നായര്‍ - 2, ലീലാ മേനോന്‍ - 0 എന്നിങ്ങനെയായിരുന്നു വോട്ടു നില. ആദ്യത്തെ രണ്ടു പേര്‍ ആദ്യ റൗണ്ടില്‍ തന്നെ വിജയിച്ചു.

ഒരു വോട്ടിന്‍റെ മൂല്യം 100 ആയിട്ടാണ് കണക്കാക്കുന്നത്. ഇവിടെ സാധുവായ വോട്ടുകള്‍ 133 ആയതിനാല്‍ ജയിക്കാന്‍ ആവശ്യമായ ക്വോട്ടാ 3326. സെബാസ്റ്റ്യന്‍റെ രണ്ടാം വോട്ടുകളില്‍ 40 എണ്ണം ചാത്തുണ്ണി മാസ്റ്റര്‍ക്കും ഒരെണ്ണം ബഷീറിനും ഒരെണ്ണം ജേക്കബിനും ലഭിച്ചു. 40 രണ്ടാം വോട്ടുകളുടെ മൂല്യം (852)  കൂടിയായപ്പോള്‍ ചാത്തുണ്ണി മാസ്റ്റര്‍ക്കു മൊത്തം ലഭിച്ച വോട്ടുകളുടെ മൂല്യം 2900 + 852 = 3752 ആയി. അങ്ങനെ രണ്ടാം റൗണ്ടില്‍ അദ്ദേഹം വിജയിച്ചു.

ഭരണമുന്നണിയ്ക്ക് 3 വോട്ട് കുറഞ്ഞതായി കാണാം. സെബാസ്റ്റ്യന്‍ 44, ബഷീര്‍ 41, ചാത്തുണ്ണി മാസ്റ്റര്‍ 29, ജേക്കബ് 19, രാമചന്ദ്രന്‍ നായര്‍ 2 - ഇങ്ങനെയായിരുന്നു പ്രതീക്ഷ. സ്പീക്കര്‍ വോട്ടു ചെയ്തില്ല. ബഷീറിനുള്ള ഒരു വോട്ട് അസാധുവായി. സെബാസ്റ്റ്യനു പ്രതീക്ഷിച്ച ഒരു വോട്ട് ജേക്കബിനു ലഭിച്ചു.
1960 മാര്‍ച്ച് 24നു നടന്ന രാജ്യസഭാതെരഞ്ഞെടുപ്പില്‍ കെ. മാധവമേനോന്‍റെ (കോണ്‍ഗ്രസ്) വിജയം നിര്‍ണ്ണയിക്കുന്നതിന് കൂടുതല്‍ റൗണ്ട് വോട്ടെണ്ണല്‍ ആവശ്യമായി വന്നു. ജോസഫ് മാത്തന്‍ (കോണ്‍ഗ്രസ്) - 32, ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്ലീം ലീഗ്) - 32, കെ. സദാനന്ദന്‍ (സിപിഐ) - 31, കെ. മാധവമേനോന്‍ (കോണ്‍ഗ്രസ്) - 30 എന്നിങ്ങനെയായിരുന്നു ഓരോ സ്ഥാനാര്‍ത്ഥിയ്ക്കും ലഭിച്ച ഒന്നാം വോട്ട്. അന്ന് രേഖപ്പെടുത്തിയ 126 വോട്ടുകളില്‍ സാധുവായത് 125 വോട്ടായതിനാല്‍ ജയിക്കാന്‍ ആവശ്യമായ ക്വോട്ടാ 31.26 ആയിരുന്നു. അതുകൊണ്ട് ആദ്യ റൗണ്ടില്‍ തന്നെ ആദ്യത്തെ രണ്ടു പേര്‍ വിജയിച്ചു. ജയിച്ചവരുടെ രണ്ടും മൂന്നും വോട്ടുകള്‍ കൂടി കണക്കിലെടുത്തപ്പോള്‍ സദാനന്ദന്‍റെ വോട്ടില്‍ മാറ്റമുണ്ടായില്ല. മാധവമേനോന് 31.48 വോട്ട് ലഭിച്ചതിനാല്‍ അദ്ദേഹം വിജയിച്ചു. (ഒരു വോട്ടിന്‍റെ മൂല്യം 'ഒന്ന്' ആയിട്ടാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്).

സംസ്ഥാന രൂപീകരണ (1956) ശേഷം ഈ രണ്ടു തവണ മാത്രമാണ് ഇപ്രകാരം സംഭവിച്ചിട്ടുള്ളത്. അതേസമയം തിരുവിതാംകൂര്‍ - കൊച്ചിയില്‍ മൂന്നു പേരുടെയെങ്കിലും വിജയം നിര്‍ണ്ണയിക്കുന്നതിന് കൂടുതല്‍ റൗണ്ട് വോട്ടെണ്ണല്‍ വേണ്ടിവന്നിട്ടുണ്ട്.

വോട്ടെടുപ്പു നടന്ന അവസരങ്ങളില്‍, ഭരണകക്ഷിയുടെ സഹായത്തോടെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച സംഭവവും കേരളത്തിന്‍റെ രാജ്യസഭാതെരഞ്ഞെടുപ്പു ചരിത്രത്തില്‍ വേറെയുള്ളതായി അറിവില്ല. എതിരില്ലാതെയുള്ള തെരഞ്ഞെടുപ്പ് പലവട്ടം നടന്നിട്ടുണ്ട്.

അങ്ങനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വമായ, വിരളമായ ബഹുമതിയ്ക്ക് ഉടമയാണ് കെ. ചാത്തുണ്ണി മാസ്റ്റര്‍.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
മലയാള മനോരമയില്‍ എഡിറ്റോറിയല്‍ വിഭാഗം ചീഫ് റിസേര്‍ച്ചര്‍

വിലാസം
വര്‍ഗീസ് ജോണ്‍, കൊട്ടയ്ക്കാട്ട് പുല്ലാടിയില്‍, തോട്ടപ്പുഴ, ഇരവിപേരൂര്‍ (പിഒ), തിരുവല്ലാ - 689542. ഫോണ്‍ - 9446412907

Friday, 12 April 2019

ആദ്യ മലയാളി പാര്‍ലമെന്‍റ് അംഗങ്ങള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


ആദ്യ മലയാളി പാര്‍ലമെന്‍റ് അംഗങ്ങള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
[Malayala Manorama (Padippura) - 18.02.2019]

കേരളത്തിലെ ആദ്യ പാര്‍ലമെന്‍റ് മണ്ഡലം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


കേരളത്തിലെ ആദ്യ പാര്‍ലമെന്‍റ് മണ്ഡലം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
Malayala Manorama (Padippura) - 29.03.2019

‘ഇന്ത്യന്‍ പാര്‍ലമെന്‍റിലെ മലങ്കരസഭാംഗങ്ങള്‍’ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

Friday, 25 January 2019

മാനത്തെ രാജ്യങ്ങള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


മാനത്തെ രാജ്യങ്ങള്‍
(വിവിധ രാജ്യങ്ങളിലെ ദേശിയ വിമാന കമ്പനികള്‍) /
വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
Malayala Manorama (Padippura) - 25.01.2019

Thursday, 22 November 2018

എം.ഐ. ഷാനവാസ്: ലോക്‌സഭയിൽ അംഗമായിരിക്കേ നിര്യാതനാകുന്ന പത്താമത്തെ മലയാളി / വർഗീസ് ജോൺ തോട്ടപ്പുഴ


ലോക്‌സഭയിൽ അംഗമായിരിക്കേ നിര്യാതനാകുന്ന പത്താമത്തെ മലയാളിയാണ് വയനാ‌‌‌‌ടിന്റെ പ്രതിനിധിയായ എം.ഐ. ഷാനവാസ്. ഇതേ ലോക്സ‌ഭയിൽ തന്നെ അംഗമായിരിക്കെ ഇ. അഹമ്മദ് (മലപ്പുറം) 2017 ഫെബ്രുവരി ഒന്നിന് നിര്യാതനായി.

തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിൽ അംഗമായിരിക്കെ മൂന്നു പേർ നിര്യാതരായി – പി.എസ്. നടരാജപിള്ള (1966 ജനുവരി 10, മൂന്ന്), വി.കെ. കൃഷ്‌ണമേനോൻ (1974 ഒക്‌ടോബർ 6, അഞ്ച്), പി.കെ. വാസുദേവൻ നായർ (2005 ജൂലൈ 12, പതിനാല്). എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ സേവ്യർ അറയ്‌ക്കൽ (1997 ഫെബ്രുവരി 9, പതിനൊന്ന്), ജോർജ് ഈഡൻ (2003 ജൂലൈ 26, പതിമൂന്ന്) എന്നിവരാണ് മരണമടഞ്ഞത്.

കേന്ദ്രമന്ത്രിയായിരിക്കേ നിര്യാതനായ ആദ്യ മലയാളിയാണ് പനമ്പിള്ളി ഗോവിന്ദമേനോൻ (1970 മേയ് 23, മുകുന്ദപുരം, നാല്). ഡോ.കെ.ജി. അടിയോടി (1987 ഒക്‌ടോബർ 22, കോഴിക്കോട്, എട്ട്) ആണ് നിര്യാതരായ മറ്റൊരാൾ. (നിര്യാതരായ തീയതിയും പ്രതിനിധീകരിച്ച നിയോജകമണ്ഡലവും അംഗമായിരുന്ന ലോക്‌സഭയുമാണ് ബ്രാക്കറ്റിൽ). എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന സി.എം.സ്‌റ്റീഫൻ അന്തരിക്കുമ്പോൾ (1984 ജനുവരി 16) കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. അഞ്ചാം ലോക്സഭയിൽ അംഗമായിരിക്കെ നിര്യാതനായ (1972 ഏപ്രിൽ 5) മഞ്ചേരിയുടെ പ്രതിനിധി മുഹമ്മദ് ഇസ്‌മഈൽ സാഹിബ് മലയാളിയല്ല. ജന്മസ്‌ഥലം പഴയ മദ്രാസിൽ (ഇന്നത്തെ തമിഴ്‌നാട്) ആണ്.

രാജ്യസഭയിൽ അംഗമായിരിക്കെ സി.കെ. ഗോവിന്ദൻ നായർ (1964 ജൂൺ 27), തഴവാ കേശവൻ (1969 നവംബർ 28), ടി.കെ.സി. വടുതല (1988 ജൂലൈ ഒന്ന്), പി. കെ. കുഞ്ഞച്ചൻ (1991 ജൂൺ 14), എൻ.ഇ. ബലറാം (1994 ജൂലൈ 16) കൊരമ്പയിൽ അഹമ്മദ് ഹാജി (2003 മേയ് 12), വി.വി. രാഘവൻ (2004 ഒക്‌ടോബർ 27) എന്നീ കേരള പ്രതിനിധികൾ നിര്യാതരായി. ഒറീസയിൽ നിന്നുള്ള കെ. വാസുദേവ പണിക്കരും നിര്യാതനായി (1988 മേയ് 3). കേന്ദ്രമന്ത്രി പദത്തിലിരിക്കുമ്പോൾ മരണമടയുന്ന (2005 ഡിസംബർ 18) രണ്ടാമത്തെ മലയാളിയാണു ലക്ഷദ്വീപുകാരനായ പി.എം. സഈദ്. ഡൽഹിയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

Friday, 6 October 2017

നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


ചെങ്ങന്നൂര്‍ താലൂക്കു പുനഃസംഘടന വിവിധ കാലഘട്ടങ്ങളില്‍




ആലപ്പുഴ ജില്ലാ രൂപീകരണത്തിന് 60 വര്‍ഷവും ചെങ്ങന്നൂര്‍ താലൂക്ക് പുനഃസ്ഥാപനത്തിന് 61 വര്‍ഷവും പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തില്‍ ചെങ്ങന്നൂര്‍ താലൂക്കിന്‍റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് ഒരു നൂറ്റാണ്ടു മുന്‍പ് പത്തനംതിട്ട താലൂക്ക് മുറിച്ചുമാറ്റിയപ്പോള്‍ ചെങ്ങന്നൂരിനു നഷ്ടമായത് ഒരു നൂറ്റാണ്ടു പഴക്കമുള്ള സ്വന്തം താലൂക്ക്. കുട്ടി ജനിച്ച് വൈകാതെ അമ്മ മരിക്കുന്ന അനുഭവം. 
 
ചെങ്ങന്നൂര്‍ താലൂക്കിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മാവേലിക്കര മണ്ഡപത്തുംവാതുക്കല്‍, പന്തളം ഇടവക എന്നിവയുടെ ഭാഗങ്ങളായിരുന്നു. മാവേലിക്കര മണ്ഡപത്തുംവാതുക്കലിന്‍റെ വടക്കന്‍ ഡിവിഷനില്‍ ചെന്നിത്തല, മാന്നാര്‍, ചെങ്ങന്നൂര്‍, വടക്കേക്കര, റാന്നി, ഓമല്ലൂര്‍, കുമ്പഴ എന്നീ ഏഴു പ്രവൃത്തികളാണുണ്ടായിരുന്നത്. 'മണ്ഡപത്തുംവാതുക്കല്‍' എന്നാണ് അക്കാലത്ത് താലൂക്കുകള്‍ അറിയപ്പെട്ടിരുന്നത്. ഇതിനെ 'പ്രവൃത്തി'കളായി തിരിച്ചിരുന്നു. ഒരു ഇടപ്രഭുവിന്‍റെ ഭരണത്തില്‍ ഉള്‍പ്പെട്ട ദേശമാണ്   'ഇടവക'. സര്‍ക്കാരിലേക്ക് ഭൂനികുതി കൊടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സ്ഥലമോ പ്രദേശമോ ആണിത്. 

'ദി ട്രാവന്‍കൂര്‍ ലാന്‍ഡ് റവന്യൂ മാനുവല്‍' അഞ്ചാം വോള്യം 362-ാം പേജില്‍ കൊടുത്തിരിക്കുന്ന 1824 മാര്‍ച്ച് 11ലെ ഒരു രാജകീയ ഉത്തരവ് (നീട്ട്) ചെങ്ങന്നൂര്‍ താലൂക്കിന്‍റെ സ്ഥാപനത്തെപ്പറ്റി സൂചന നല്‍കുന്നതാണ്. അതു താഴെ ചേര്‍ക്കുന്നു.

 "999-ാമാണ്ടു കുംഭമാസം 30-നു നീട്ടു. മാവേലിക്കര തെക്കു വടക്കു രണ്ടു തഹശീല്‍ദാരന്മാരും മാവേലിക്കരയും ....... ഇതിന്മണ്ണം രണ്ടു ഉദ്യോഗസ്ഥന്മാര്‍ ഒരു സ്ഥലത്തു കച്ചേരിയിട്ടു ഇരുന്ന കാര്‍യ്യങ്ങള്‍ വിചാരിച്ചു വരുന്നതിനാല്‍ ദൂരമായിട്ടുള്ള സ്ഥലങ്ങളില്‍ അവരുടെ വിചാരം എത്തുപെടാതെ പണ്ടാരകാര്‍യ്യങ്ങളിലും കുടികളുടെ സങ്കടകാര്‍യ്യങ്ങളിലും വളരെ ദോഷമായിട്ടു കണ്ടു മാവേലിക്കര തെക്കു മണ്ടപത്തുംവാതുക്കല്‍ തഹശീല്‍ദാര്‍ മാവേലിക്കരയും മാവേലിക്കര വടക്കു മണ്ടപത്തുംവാതുക്കല്‍ തഹശീല്‍ദാര്‍ ചെങ്ങന്നൂരും ...... കച്ചേരിയിട്ടു കാര്‍യ്യങ്ങള്‍ വിചാരിക്കത്തക്കവണ്ണം ചട്ടംകെട്ടേണ്ടതെന്നു തോന്നി റസിഡണ്ടുസായിപു അവര്‍കളോടു ബോധിപ്പിച്ചതിലും അതിന്മണ്ണം തന്നെ എന്നു പറഞ്ഞിരിക്കുന്ന അവസ്ഥകൊണ്ടല്ലോ എഴുതി വന്നതിലാകുന്നു. അതിന്മണ്ണം വിചാരിച്ചുകൊള്ളത്തക്കവണ്ണം വിചാരിച്ചുകൊള്ളണം എന്നും ഇക്കാര്‍യ്യം ചൊല്ലി ദിവാന്‍ ഗുണ്ഡൊ പണ്ഡിതര്‍ വെങ്കിട്ടരായര്‍ക്കു നീട്ടു." 
 
കൊട്ടാരക്കര താലൂക്കില്‍ നിന്ന് പത്തനാപുരവും കല്‍ക്കുളത്തുനിന്ന് ഇരണിയലും താലൂക്കുകള്‍ രൂപീകരിച്ചതിനെപ്പറ്റിയും ഇതില്‍ സൂചനയുണ്ട്. പഴയ റവന്യൂ വിഭജനമനുസരിച്ച് ഒരു നൂറ്റാണ്ടു മുന്‍പ് ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍, വടക്കേക്കര, ആലാ, റാന്നി, കുമ്പഴ, ഓമല്ലൂര്‍, പന്തളം വടക്കേക്കര എന്നീ ഏഴു പ്രവൃത്തികളാണ് ഉണ്ടായിരുന്നത്. പ്രവൃത്തിയ്ക്കു പകരം പകുതിയെ റവന്യൂ ഭരണ ഘടകമായി നിശ്ചയിച്ചപ്പോള്‍ (1909 - 1912 കാലത്ത് ?) ചെങ്ങന്നൂര്‍ താലൂക്കില്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര, ഇലന്തൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, റാന്നി, കുമ്പഴ എന്നീ 15 പകുതികളാണ് ഉണ്ടായിരുന്നത്. കൊല്ലം ഡിവിഷനിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ (758 ചതുരശ്ര മൈല്‍) തിരുവിതാംകൂറിലെ ഏറ്റവും വലിയ താലൂക്കായിരുന്നു.
 ശ്രീമൂലം പ്രജാസഭയില്‍ പല അംഗങ്ങളും അതിവിസ്തൃതമായ ചെങ്ങന്നൂര്‍ താലൂക്ക് വിഭജിച്ച് പത്തനംതിട്ട ആസ്ഥാനമാക്കി പുതിയ ഒരു താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ താലൂക്ക് പ്രതിനിധികളായ കോശി തോമസ്, എ. അയ്യപ്പന്‍ പിള്ള, വര്‍ഗീസ് കത്തനാര്‍ (ഓമല്ലൂര്‍ വടക്കേടത്ത് ഗീവര്‍ഗീസ് കത്തനാര്‍) തുടങ്ങിയവര്‍ പ്രജാസഭയുടെ പത്തും (1914) പന്ത്രണ്ടും (1916) പതിമൂന്നും (1917) സമ്മേളനങ്ങളില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പത്തനംതിട്ട താലൂക്ക് രൂപീകരിച്ചതോടെ തിരുവിതാംകൂറിലെ ചെറിയ താലൂക്കുകളിലൊന്നായി ചെങ്ങന്നൂര്‍.
 
ചെങ്ങന്നൂര്‍ താലൂക്കിലെ പത്തനംതിട്ട, ഓമല്ലൂര്‍, ഇലന്തൂര്‍, റാന്നി, കുമ്പഴ എന്നീ പകുതികളും തിരുവല്ലാ താലൂക്കിലെ ചെറുകോല്‍ പകുതിയും ചേര്‍ത്താണ് പത്തനംതിട്ട താലൂക്ക് 1919 ഓഗസ്റ്റ് 17 (1095 ചിങ്ങം 1)ന് രൂപീകരിച്ചത്. ഇതോടൊപ്പം ആറന്മുള, മല്ലപ്പുഴശേരി എന്നീ പകുതികള്‍ തിരുവല്ലാ താലൂക്കില്‍ നിന്ന് ചെങ്ങന്നൂര്‍ താലൂക്കില്‍ ചേര്‍ത്തു. ചെങ്ങന്നൂര്‍ താലൂക്കിലെ പകുതികളുടെ എണ്ണം 12 ആയി കുറഞ്ഞു. തിരുവല്ലായിലെ പകുതികള്‍ 18ല്‍ നിന്ന് 15 ആയി.
 
ഭരണച്ചെലെവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ദേവസ്വം വിഭജനക്കമ്മറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ചെങ്ങന്നൂര്‍ താലൂക്ക് 1922 ഓഗസ്റ്റ് 17 (1098 ചിങ്ങം 1)ന് നിര്‍ത്തലാക്കി; തിരുവല്ലാ താലൂക്കിനോട് ചേര്‍ത്തു.  തിരുവല്ലാ താലൂക്കിലെ പകുതികളുടെ എണ്ണം 15ല്‍ നിന്ന് 27 ആയി.  ഇതോടൊപ്പം വള്ളിക്കോട് പകുതി കുന്നത്തൂര്‍ താലൂക്കില്‍ നിന്ന് പത്തനംതിട്ട താലൂക്കില്‍ ചേര്‍ത്തു. പത്മനാഭപുരം ഡിവിഷന്‍ നിര്‍ത്തലാക്കി തിരുവനന്തപുരം ഡിവിഷനോടു ചേര്‍ത്തതും ഇരണിയല്‍, ഏറ്റുമാനൂര്‍, ആലങ്ങാട് താലൂക്കുകള്‍ നിര്‍ത്തലാക്കി സമീപ താലൂക്കുകളില്‍ ചേര്‍ത്തതും ഇതോടൊപ്പമാണ്.
 
തിരുവല്ലാ താലൂക്കിലായിരുന്ന മല്ലപ്പുഴശ്ശേരി പകുതി 1931 ഓഗസ്റ്റ് 17 (1107 ചിങ്ങം 1) ന് പത്തനംതിട്ട താലൂക്കിന്‍റെ ഭാഗമായതോടെ തിരുവല്ലാ താലൂക്കിലെ പകുതികളുടെ എണ്ണം 26 ഉം (212 ചതുരശ്ര മൈല്‍) പത്തനംതിട്ട താലൂക്കിലെ പകുതികളുടെ എണ്ണം എട്ടും (900 ചതുരശ്ര മൈല്‍) ആയി. കേരളപ്പിറവി വരെ ഇതായിരുന്നു സ്ഥിതി. 
 
കേരളപ്പിറവിയോടൊപ്പം (1956 നവംബര്‍ 1) തിരുവല്ലാ താലൂക്ക് വിഭജിച്ച് ചെങ്ങന്നൂര്‍ താലൂക്ക് വീണ്ടും രൂപീകരിച്ചു. ആറന്മുള, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര (എ-യും ബി-യും) മാന്നാര്‍, കുരട്ടിശ്ശേരി എന്നീ പകുതികള്‍ (വില്ലേജ്) ചെങ്ങന്നൂര്‍ താലൂക്കില്‍ ചേര്‍ത്തു. പുതിയതായി മാന്നാറും കുരട്ടിശ്ശേരിയും ലഭിച്ചപ്പോള്‍ 1922ലുണ്ടായിരുന്ന മല്ലപ്പുഴശേരി നഷ്ടപ്പെട്ടു. ചെങ്ങന്നൂരും തിരുവല്ലായും 1957 ഓഗസ്റ്റ് 17ന് പുതിയതായി രൂപീകരിച്ച ആലപ്പുഴ ജില്ലയുടെ ഭാഗമായി. അങ്ങനെ 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചെങ്ങന്നൂര്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്തു. 1922ല്‍ നിര്‍ത്തലാക്കിയ മറ്റു താലൂക്കുകള്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. പത്മനാഭപുരം ഡിവിഷന്‍ 1956ല്‍ മദ്രാസ് സംസ്ഥാനത്തെ (പിന്നീട് തമിഴ്നാട്) കന്യാകുമാരി ജില്ലയായി.
 
1956 ഒക്ടോബര്‍ ഒന്നിന് പുത്തന്‍കാവ് വില്ലേജില്‍ നിന്ന് പുത്തന്‍കാവുകര വടക്കേക്കരയോടും ഉള്ളന്നൂര്‍കര  പന്തളം വടക്കേക്കരയോടും ചേര്‍ത്തു; ശേഷിച്ച പുത്തന്‍കാവു വില്ലേജിനെ മുളക്കുഴ വില്ലേജ് എന്നു നാമകരണം  ചെയ്തു. ഇതോടൊപ്പം പന്തളം വടക്കേക്കര വില്ലേജ് മെഴുവേലി, കുളനട വില്ലേജുകളായി വിഭജിക്കപ്പെട്ടു. 1981 ഡിസംബറില്‍ ആറന്മുള വില്ലേജ് വിഭജിച്ച് മെഴുവേലിയുടെ ചില ഭാഗങ്ങളും ചേര്‍ത്ത് കിടങ്ങന്നൂര്‍ വില്ലേജ് രൂപീകരിച്ചു. പത്തനംതിട്ട ജില്ലാ രൂപീകരണത്തെ (1982 നവംബര്‍ 1) തുടര്‍ന്ന് ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, കുളനട എന്നീ വില്ലേജുകള്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് പുതിയ ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ചേര്‍ത്തു. 1987 ഓഗസ്റ്റ് 10ന് വടക്കേക്കര വില്ലേജിനെ 'ചെങ്ങന്നൂര്‍' എന്നും ചെങ്ങന്നൂര്‍ വില്ലേജിനെ 'എണ്ണക്കാട്' എന്നും നാമകരണം ചെയ്തു. 
 
ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, എണ്ണക്കാട്, പുലിയൂര്‍, ചെറിയനാട്, ആലാ, മുളക്കുഴ, വെണ്മണി, മാന്നാര്‍, കുരട്ടിശ്ശേരി എന്നീ 11 വില്ലേജുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും തിരുവന്‍വണ്ടൂര്‍, പാണ്ടനാട്,  ബുധനൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, മുളക്കുഴ, വെണ്മണി, മാന്നാര്‍ എന്നീ ഒന്‍പത് ഗ്രാമപഞ്ചായത്തുകളുമാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്കിലുള്ളത്. 
ചെങ്ങന്നൂര്‍ പട്ടണം ചെങ്ങന്നൂര്‍ വില്ലേജിനു പുറത്ത്   
 
1987 വരെ ചെങ്ങന്നൂര്‍ പട്ടണം ഉള്‍പ്പെടുന്ന വില്ലേജിന്‍റെ പേര് 'വടക്കേക്കര' എന്നായിരുന്നു. അതേ സമയം പട്ടണത്തില്‍ നിന്ന് ഏഴെട്ടു കിലോമീറ്റര്‍ തെക്കു പടിഞ്ഞാറേക്കു മാറി 'ചെങ്ങന്നൂര്‍' എന്ന പേരില്‍ ഒരു വില്ലേജ് ഉണ്ടായിരുന്നു.   ചെങ്ങന്നൂര്‍ വില്ലേജില്‍ നിന്ന് ചെങ്ങന്നൂര്‍ പട്ടണത്തില്‍ വരണമെങ്കില്‍ മറ്റൊരു വില്ലേജ് (പുലിയൂര്‍/പാണ്ടനാട്) കടന്നുപോകണമായിരുന്നു. 
 
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി നിലവില്‍ വന്നത് 1978 ഏപ്രില്‍ ഒന്നിനാണ്. അതിനുമുമ്പുള്ള പഞ്ചായത്തിന്‍റെ പേരും 'ചെങ്ങന്നൂര്‍' എന്നു തന്നെയായിരുന്നു. ചുരുക്കത്തില്‍ അന്ന് ചെങ്ങന്നൂര്‍ വില്ലേജും ചെങ്ങന്നൂര്‍ പഞ്ചായത്തും പൂര്‍ണ്ണമായും വ്യത്യസ്തമായിരുന്നു. 'പന്തളം വടക്കേക്കര'യും ഉണ്ടായിരുന്നതിനാല്‍ ഒരുകാലത്ത് വടക്കേക്കര പകുതിയെയും വില്ലേജ് പഞ്ചായത്തിനെയും 'ചെങ്ങന്നൂര്‍ വടക്കേക്കര' പകുതിയെന്നും വില്ലേജ് പഞ്ചായത്തെന്നും സൗകര്യാര്‍ത്ഥം വിശേഷിപ്പിച്ചു കാണുന്നുണ്ട്. 1987ല്‍ വടക്കേക്കര വില്ലേജിനെ 'ചെങ്ങന്നൂര്‍' എന്നും ചെങ്ങന്നൂര്‍ വില്ലേജിനെ 'എണ്ണക്കാട്' എന്നും നാമകരണം ചെയ്തതോടെയാണ് ഈ ആശയക്കുഴപ്പം മാറിയത്. 1987 ആഗസ്റ്റ് 10ലെ വിജ്ഞാപനം താഴെ ചേര്‍ക്കുന്നു:
 
"ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധന്നൂര്‍ പഞ്ചായത്തില്‍പ്പെട്ട എണ്ണക്കാട് ആസ്ഥാനമായി 'ചെങ്ങന്നൂര്‍' എന്ന റവന്യൂ വില്ലേജും, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍പ്പെട്ട 'വടക്കേക്കര' എന്ന റവന്യൂ വില്ലേജും നിലവിലുള്ളതാണ്. പൊതു അഭിപ്രായത്തെ ആദരിച്ചും സ്ഥലകാലനാമങ്ങള്‍ക്കനുസരിച്ചും മേല്‍പ്പറഞ്ഞ വില്ലേജുകളുടെ പേരുകള്‍ യഥാക്രമം എണ്ണക്കാട്, ചെങ്ങന്നൂര്‍ എന്ന പ്രകാരം ഭേദപ്പെടുത്തിയിരിക്കുന്നു" (കേരളാ ഗസറ്റ് നമ്പര്‍ 42 പാര്‍ട്ട് 1, 1987 ഒക്ടോബര്‍ 27).     
 
പൗരാണികമായ ചെങ്ങന്നൂര്‍ ഒരുപക്ഷേ ഇന്നത്തെ എണ്ണക്കാട് റവന്യൂ വില്ലേജ്/ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കുമോ ?