Wednesday, 25 March 2026

മലങ്കരയിലെ വിശുദ്ധ മൂറോന്‍ കൂദാശകള്‍ | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 2026 മാര്‍ച്ച് 27 (40-ാം വെള്ളിയാഴ്ച) വിശുദ്ധ മൂറോന്‍ കൂദാശ നടത്തുന്നു. 

ലഭ്യമായ രേഖകള്‍ അനുസരിച്ച് മലങ്കരയില്‍ ഇദംപ്രഥമമായി വി. മൂറോന്‍ കൂദാശ നടന്നത് 1876 ഓഗസ്റ്റ് 27 (സുറിയാനി കണക്കിന് ചിങ്ങം 15) ഞായറാഴ്ച വാങ്ങിപ്പു (ശൂനോയോ) പെരുന്നാള്‍ ദിവസമാണ്. മുളന്തുരുത്തി മാര്‍തൊമ്മന്‍ പള്ളിയില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് ഇതു നിര്‍വഹിച്ചത്. ഇതേ പള്ളിയില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ 1911 ഓഗസ്റ്റ് 19 (സുറിയാനി കണക്കിന് ചിങ്ങം 6) ശനിയാഴ്ച മറുരൂപ പെരുന്നാള്‍ ദിവസം ഈ കൂദാശ നടത്തി. 

കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 1932 ഏപ്രില്‍ 22 നും (40-ാം വെള്ളിയാഴ്ച) 1951 ഏപ്രില്‍ 20 നും (40-ാം വെള്ളിയാഴ്ച) പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ 1967 ഡിസംബര്‍ 21 വ്യാഴാഴ്ച (വി. തോമ്മാ ശ്ലീഹായുടെ ഓര്‍മ്മദിനം) വി. മൂറോന്‍ കൂദാശ ചെയ്തു. 

പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ കോട്ടയം പഴയ സെമിനാരിയില്‍ 1977 ഏപ്രില്‍ 1 നും (40-ാം വെള്ളിയാഴ്ച) കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 1988 മാര്‍ച്ച് 25 നും (40-ാം വെള്ളിയാഴ്ച & വചനിപ്പു പെരുന്നാള്‍) ഈ കൂദാശ നടത്തി.  

പിന്നീടുള്ള മൂറോന്‍ കൂദാശകള്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലാണ് നടന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 1999 മാര്‍ച്ച് 26 നും പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ 2009 ഏപ്രില്‍ 3 നും പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 2018 മാര്‍ച്ച് 23 നും വി. മൂറോന്‍ കൂദാശ ചെയ്തു. മൂന്നും 40-ാം വെള്ളിയാഴ്ചയായിരുന്നു. 

മലങ്കരയില്‍ 1876 നു മുന്‍പ് വിശുദ്ധ മൂറോന്‍ കൂദാശ നടന്നിട്ടുണ്ടോ എന്നു നിശ്ചയമില്ല. എന്നാല്‍ 1751ല്‍ മലങ്കരയില്‍ വന്ന മാര്‍ ബസേലിയോസ് ശക്രള്ളാ മഫ്രിയാനാ ബാവാ (+ 1764)  കൊച്ചി എരുമീശാ (മട്ടാഞ്ചേരി സെന്‍റ് ജോര്‍ജ്) പള്ളിയില്‍ വി. മൂറോന്‍ കൂദാശ നടത്തിയതായി പറയപ്പെടുന്നു. 

യോജിച്ച മലങ്കര സഭയില്‍ പൗരസ്ത്യ കാതോലിക്കാ നടത്തിയ ഏക മൂറോന്‍ കൂദാശയാണ് 1967ല്‍ നടന്നത്. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ "ഭാവുകാശംസ - സഭയ്ക്ക് അനുഗ്രഹാശിസ്സുകള്‍" (“Congratulations - Blessings for the Church”) എന്നറിയിച്ചുകൊണ്ട് ഒരു കമ്പി സന്ദേശം  പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് അയച്ചിരുന്നു. 

യാക്കോബായ വിഭാഗത്തില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ മണര്‍കാട് മര്‍ത്ത് മറിയം പള്ളിയിലും (1982 ഫെബ്രുവരി 27) കോതമംഗലം മാര്‍തൊമ്മന്‍ ചെറിയ പള്ളിയിലും (2004 സെപ്റ്റംബര്‍ 25) വി. മൂറോന്‍ കൂദാശ നടത്തിയിട്ടുണ്ട്.