Friday, 26 September 2025

ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യമില്ലാത്ത 17-ാം ലോക്സഭ

 ലോക്സഭയിലേക്കും സംസ്ഥാനനിയമസഭകളിലേക്കുമുള്ള ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളുടെ നോമിനേഷന്‍ 2020 ജനുവരി 25–ന് ഔദ്യോഗികമായി നിര്‍ത്തലാക്കി. അതിനു മുൻപ് 2019ൽ തന്നെ 17-ാം ലോക്സഭയില്‍ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യമില്ലാതായിരുന്നു. 5–ാം ലോക്സഭ വരെ 2 ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളെ കൂടാതെ ചില സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും നോമിനേഷന്‍ ഉണ്ടായിരുന്നു. 6 മുതല്‍ 16 വരെ ലോക്സഭകളില്‍ 2 ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങള്‍ മാത്രമായി നാമനിര്‍ദേശം.

 ഓരോ വിഭാഗത്തിലുമുണ്ടായിരുന്ന നോമിനേറ്റഡ് അംഗങ്ങള്‍ (ബ്രാക്കറ്റില്‍ ലോക്സഭ)

 ∙ ആംഗ്ലോ-ഇന്ത്യന്‍ (1st  - 16th) - 2

∙ ജമ്മു-കശ്മീര്‍ (1st  - 3rd) - 6

∙ അസമിലെ പാര്‍ട്ട് ബി ട്രൈബല്‍ ഏരിയാ / നേഫാ / അരുണാചല്‍ പ്രദേശ് (1st - 5th) - 1 (ഇതിന്റെ ഒരു ഭാഗം ഇന്നത്തെ നാഗാലാൻഡിലാണ്).

∙ ആന്‍ഡമാന്‍-നിക്കോബാര്‍ (1st  - 3rd) - 1

∙ ലക്ഷദ്വീപ്–മിനിക്കോയ്–അമിൻദിവി (2nd , 3rd) - 1

∙ നാഗാ ഹിൽസ് - ടുയാൻസാങ് ഏരിയാ  / നാഗാലാന്‍ഡ് (2nd, 3rd) - 1

∙ ദദ്രാ-നഗര്‍ ഹാവേലി (3rd) - 1

∙ ഗോവാ-ദാമന്‍-ദിയു (3rd, 1963 ഡിസംബര്‍ 9 വരെ) - 2

 ആംഗ്ലോ-ഇന്ത്യന്‍ മലയാളി എംപിമാർ : ചാള്‍സ് ഡയസ് (15th), റിച്ചാര്‍ഡ് ഹേ (16th)

ഇനിയുണ്ടാകില്ല അങ്ങനെയൊരു എംപി

  


എംഎൽഎമാർ തിരഞ്ഞെടുത്ത ഏക ലോക്‌സഭാംഗം

 ലോക്‌സഭാംഗത്തെ നിയമസഭാംഗങ്ങൾ തിരഞ്ഞെടുത്ത ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ അപൂർവ സംഭവത്തിന് ഇന്ന് (2025 സെപ്‌റ്റംബർ 22) അരനൂറ്റാണ്ട്. 1975 സെപ്‌റ്റംബർ 22നു സിക്കിം നിയമസഭയിലെ 32 അംഗങ്ങൾ ചേർന്നാണ് സംസ്ഥാനത്തെ ആദ്യ ലോക്‌സഭാംഗത്തെ തിരഞ്ഞെടുത്തത്. സിക്കിം കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.കെ. റായിയാണ്  അഞ്ചാം ലോക്‌സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

 ഇന്ത്യൻ യൂണിയനിൽ 1974ൽ ചേർന്ന സിക്കിമിനു ഭരണഘടനയുടെ 36-ാം ഭേദഗതിപ്രകാരം പൂർണ സംസ്‌ഥാനപദവി ലഭിച്ചതോടെയാണ് ഈ തിരഞ്ഞെടുപ്പു നടന്നത്.

 ലോക്‌സഭയിലെ സിക്കിമിന്റെ പ്രതിനിധിയെ സംസ്‌ഥാന നിയമസഭയിലെ അംഗങ്ങൾ തിരഞ്ഞെടുക്കേണ്ടതാണെന്നു ഭരണഘടന വകുപ്പ് 371F(e) വ്യവസ്‌ഥ ചെയ്‌തിരുന്നു. അടിയന്തരാവസ്‌ഥക്കാലത്തു ലോക്‌സഭയിലേക്കു നടന്ന ഏക തിരഞ്ഞെടുപ്പാണിത്. 2010 ഫെബ്രുവരി 16ന് റായി അന്തരിച്ചു. 1977 മുതൽ എംപിയെ തിരഞ്ഞെടുക്കുന്നത് സാധാരണ രീതിയിലായി.

 ലിയോണാർഡ് സോളമൻ സാറിങ് 1975 ഒക്‌ടോബർ 20ന് സിക്കിമിൽ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സിക്കിമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പു നടന്നത് 1977ലാണ്. അന്ന് ചത്ര ബഹാദൂർ ഛേത്രി (കോൺഗ്രസ്) എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിക്കിമിൽ നിന്നുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരമുണ്ടായത് 1980ലാണ്. അന്ന് പഹൽമാൻ സുബ്ബയും (എസ്ജെപി) 1984ൽ നർ ബഹാദൂർ‍ ഭണ്ഡാരിയും  തിരഞ്ഞെടുക്കപ്പെട്ടു. 1985 ഏപ്രിൽ നാലിന് ഒരു ഉപതിരഞ്ഞെടുപ്പും എതിരില്ലാതെ നടന്നിട്ടുണ്ട്. ദിൽകുമാരി ഭണ്ഡാരി (എസ്എസ്പി) ആയിരുന്നു വിജയി.

 ആദ്യത്തെ മൂന്നു ലോക്‌സഭകളിൽ ജമ്മു കശ്‌മീരിൽ നിന്ന് 6 പേരെ വീതം രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ നിയമസഭ ശുപാർശ ചെയ്‌തവരെ രാഷ്‌ട്രപതി ഔപചാരികമായി നാമനിർദേശം ചെയ്യുകയായിരുന്നു പതിവ്. പ്രത്യക്ഷത്തിൽ ചില സമാനതകളുണ്ടെങ്കിലും രാഷ്‌ട്രപതിയുടെ നാമനിർദേശമില്ലാത്തതിനാൽ എസ്.കെ. റായിയുടെ തിരഞ്ഞെടുപ്പ് ഇതിൽ നിന്നു വ്യത്യസ്‌തമായിരുന്നു.

 രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്‌ഥാന നിയമസഭാംഗങ്ങളാണ്. മുൻപ് കോൺസ്‌റ്റിറ്റ്യൂവെന്റ് അസംബ്ലിയിലെയും ഇടക്കാല പാർലമെന്റിലെയും മിക്ക അംഗങ്ങളെയും തിരഞ്ഞെടുത്തതും നിയമസഭകളായിരുന്നു.

 വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907